സര്‍ക്കാര്‍ മദ്യം വില്‍ക്കുന്നത് ശരിയോ എന്ന പ്രശ്നം നിരന്തരം ഉന്നയിക്കപ്പെടുന്നുണ്ട്. ഇന്ത്യ ഒഴികെ ലോകത്തൊരിടത്തും സര്‍ക്കാരുകള്‍ മദ്യവില്പന നടത്തുന്നില്ല. മദ്യവില്പന സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തുന്നത് അധാര്മ്മികമായതുകൊണ്ടാണത്.
ലോകത്തിലെ ഏതൊരു ഭരണകൂടവും പാലിക്കേണ്ട മൗലികതത്വം പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുകയും നന്നാക്കുകയും ചെയ്യുന്ന നയങ്ങള്‍ ആവിഷ്കരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ പാവങ്ങളുടെ ജീവിതത്തെ തകര്‍ത്തുതരിപ്പണമാക്കുന്ന മദ്യനയങ്ങളാണ് ആവിഷ്കരിക്കുന്നത്. ശാരീരികമായും മാനസികമായും കുടുംബപരമായും ആത്മീയമായും സാമ്പത്തിക മായും സാമൂഹികമായും മനുഷ്യനെ അവന്റെ സമഗ്രതയില്‍ മദ്യം നശിപ്പിക്കുകയാണ്. “മദ്യപാനം ആരോഗ്യത്തിന് ഹാനികരം” എന്ന ബോര്‍ഡ് എഴുതിവച്ച് സര്‍ക്കാര്‍ തന്നെ മദ്യം വില്‍ക്കുന്നത് വിരോധാഭാസമാണ്. സ്വജനത്തിന്റെ ആരോഗ്യത്തിന് ഹാനികരമായ ഒരു വസ്തു ഒരു ജനാധിപത്യ സര്‍ക്കാര്‍ വില്‍ക്കുന്നത് എങ്ങനെ ഭൂഷണമാകും.
മദ്യവ്യാപാരത്തെ ‘പ്രതിസിദ്ധകര്മ്മം’ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ട്. എന്ത് ലക്ഷ്യം നേടണമെന്ന ഉദ്ദേശത്തോടെയാണോ ഒരു കര്‍മ്മം അനുഷ്ഠിക്കുന്നത് അതിനു വിപരീതമായ ലക്ഷ്യത്തില്‍ ഒരുവനെ എത്തിക്കുന്ന കര്‍മ്മമാണ് പ്രതിസിദ്ധകര്മ്മം. സമ്പത്തും ഐശ്വര്യവും ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നടത്തുന്ന മദ്യവ്യാപാരം അതിനുവിരുദ്ധമായി ദാരിദ്ര്യവും സര്‍വ്വനാശവും സമൂഹത്തി ലുണ്ടാക്കുന്നു.
ലക്ഷോപലക്ഷം കുടുംബങ്ങളെ ദരിദ്രമാക്കിക്കൊണ്ടാണ് സര്‍ക്കാരും മദ്യശാലകളും ധനം വാരിക്കൂട്ടു ന്നത്. മദ്യലഭ്യതയും വിതരണവും സുഗമമാക്കി പാവപ്പെട്ടവന്റെ പോക്കറ്റടിച്ച് അവനെ അധാര്മ്മികനാക്കി മാറ്റുന്നത് കൊടിയ തിന്മയാണ്. ദാരിദ്രനിര്മാര്ജ്ജനവും ദരിദ്രരുടെ സമുദ്ധാരണവും മുഖ്യ അജണ്ടകളായി സര്‍ക്കാരുകള്‍ കാണുന്നുവെങ്കില്‍ ദാരിദ്ര്യത്തിന്റെ കഠിനയാതനകളിലേക്ക് അനേകം കുടുംബങ്ങളെ അനുദിനം തള്ളിവിടുന്ന മദ്യവ്യാപാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.
ജീവിത സങ്കല്പങ്ങളുടെയെല്ലാം തകിടം മറിച്ചിലുകള്‍ മദ്യത്തോടുചേര്ന്ന് നമുക്ക് കാണാനാകും. ഇവിടെ കൊലയും കൊള്ളിവയ്പും പീഡനങ്ങളും അഴിമതിയും ധൂര്‍ത്തും മദ്യലഹരിയിലാണ് അരങ്ങേറുന്നത്. വാഹനാപകടങ്ങള്‍, വിവാഹമോചനങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, ഗാര്‍ഹികപീഡനങ്ങള്‍, ആത്മഹത്യകള്‍, കുടുംബകലഹങ്ങള്‍ എന്നിവയ്ക്ക് പിന്നിലും മദ്യത്തെ കാണാം. പകയും കലഹവും രോഗവും അധര്‍മ്മവും അരാജകത്വവും മദ്യത്തിന്റെ ഭവിഷത്തുകളാണ്. മദ്യപരായ പൊതുപ്രവര്‍ത്തകരും ഗുരുക്കന്മാരും ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും ഉള്‍ക്കൊള്ളുന്ന, സുബോധവും സമനിലയും നഷ്ടപ്പെട്ട ഒരു കാലഘട്ടമാണ് വരാന്‍ പോകുന്നത്. അകമേ അധര്‍മ്മം വസിക്കുന്ന ഒരു സംവിധാനത്തിന് സ്ഥായീഭാവമുള്ള ഒരു നന്മയും പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല.
വിദേശമദ്യക്കച്ചവടം സര്‍ക്കാരിന്റെ കുത്തക കച്ചവടമാക്കി മാറിയത് 1980 ലാണ്. പുനലൂര്‍ വിഷ മദ്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ് മദ്യത്തിന്റെ കുത്തക സംഭരണവും വില്പനയും സര്‍ക്കാര്‍ ഏറ്റെടുത്തത്. തുടര്‍ന്നു വന്ന സര്‍ക്കാരുകള്‍ മദ്യത്തിന്റെ കച്ചവടം പൊടിപൊടിക്കുകയായിരുന്നു. ഇന്ന് സര്‍ക്കാരാണ് കേരളത്തിലെ ഏറ്റവും വലിയ അബ്കാരി. മദ്യക്കച്ചവട ത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും സര്‍ക്കാരാണ് നടത്തുന്നത്. മദ്യത്തെ വരുമാന മാര്‍ഗ്ഗമായി സര്‍ക്കാര്‍ കാണുന്നില്ലെന്ന് പ്രഖ്യാപിക്കുമ്പോഴും സര്‍ക്കാരിന്റെ രണ്ടാമത്തെ പ്രധാന വരുമാനം മദ്യത്തില്‍ നിന്നാണ്.
ഖജനാവ് തടിച്ചുകൊഴുക്കുമ്പോള്‍ മദ്യത്തിന്റെ കുലംകുത്തിയുള്ള ഒഴുക്കില്‍ തകര്‍ന്നടിയുന്നത് കേരളത്തിന്റെ ധാര്‍മ്മിക-സാംസ്കാരിക- സനാതന കുടുംബ മൂല്യങ്ങളാണ്. സമസ്ത തിന്മകളും കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. “സകലതിന്മകളുടേയും പെറ്റമ്മയും പോറ്റമ്മയുമാണ് മദ്യമെന്ന്” മഹാത്മാഗാന്ധി പറഞ്ഞുവച്ചിട്ടുള്ളത് എത്രയോ ശരിയായിമാറി. മദ്യപാനമെന്ന തിന്മയില് നിന്നാണ് ലോകത്തില്‍ നടക്കുന്ന ദുരന്തങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഉത്ഭവമെന്നാണ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ.എഡ്വിന് ലീമെര്ടിന്റെ അഭിപ്രായം.
1790-ല്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ അബ്കാരി-എക്സൈസ് നിയമം നടപ്പിലാക്കിയതോടെയാണ് ഭാരതത്തിലും കേരളത്തിലും മദ്യപാന ശീലം അനുക്രമം വളരാന്‍ തുടങ്ങിയത്. വരുമാന വര്‍ദ്ധനവിന് വേണ്ടി ആരംഭിച്ച മദ്യവില്പന കേരളത്തിലേയ്ക്ക് കടന്നുവന്നത് അദ്ധ്വാനിക്കുന്നവന്റെ മുന്നില്‍ ആശ്വാസത്തിന്റെയും സമ്പന്നരുടെ മുന്നില്‍ സന്തോഷത്തിന്റെയും വ്യാജരൂപങ്ങളിലാണ്. ഇന്ന് രണ്ട് കൂട്ടരുടെയും സര്‍വ്വനാശത്തിനാണ് മദ്യം ഇടവരുത്തുന്നത്.
കേരളത്തില്‍ 1937 മുതല്‍ 1967 വരെ ഭാഗീകമായ മദ്യനിരോധനം നിലനിന്നിരുന്നു. 1967 ലെ സര്‍ക്കാര്‍ മദ്യനിരോധനം പിന്‍വലിച്ചു. രാജഗോപാലാചാരി മദ്രാസ് പ്രോവിന്‍സ് ഗവര്‍ണ്ണര്‍ ആയിരുന്ന കാലത്താണ് ആദ്യമായി മദ്യനിരോധനം നടപ്പിലാക്കിയത്. ഇതുമൂലം സര്‍ക്കാരിനുണ്ടാകുന്ന റവന്യൂ നഷ്ടം നികത്തുന്നതിനുവേണ്ടിയാണ് വില്പന നികുതി ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇന്ന് രണ്ടുനികുതികളും സര്‍ക്കാര്‍ തുടരുകയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 47-ാം അനുച്ഛേദത്തില്‍ “ഔഷധ നിര്മ്മാണത്തിനുവേണ്ടിയല്ലാതെ ആരോഗ്യത്തിനു ഹാനികരമായ ലഹരിപാനീയങ്ങളുടേയും മയക്കുമരുന്നുകളുടേയും ഉപയോഗം നിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ പരിശ്രമിക്കേണ്ടതാണ്” എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് സംസ്ഥാനത്ത് മദ്യം നിരോധിച്ചിട്ടുണ്ട്. അത് ഏറെ ഫലപ്രദവുമാണ്. മദ്യത്തില്‍ നിന്നുള്ള വരുമാനം കൂടാതെ തന്നെ ഗുജറാത്ത് സംസ്ഥാനം പുരോഗതിയിലേക്ക് മുന്നേറുന്ന കാഴ്ച നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.
ചരിത്രം പരിശോധിച്ചാല്‍ ഭാരതം പൊതുവേ മദ്യവിമുക്തമായ ഒരു രാജ്യമായിരുന്നുവെന്ന് കാണാം. സ്വാതന്ത്ര്യത്തിന് മുമ്പുള്ള നൂറ്റാണ്ടുകളില്‍ ഇന്ത്യയിലെ നവോത്ഥാന പ്രസ്ഥാനവും ദേശീയ പ്രസ്ഥാനവും മുന്നോട്ട് വച്ച പുരോഗതിയുടെ അവിഭാജ്യഘടകങ്ങളിലൊന്ന് മദ്യവിമുക്ത സമൂഹമായിരുന്നു. 1772-ല്‍ ഗവര്‍ണ്ണര്‍ ജനറലായി ഇന്ത്യയില്‍ വന്ന വാറണ് ഹേസ്റ്റിംഗ് ലഹരിപദാര്‍ത്ഥങ്ങള്‍ വര്‍ജ്ജിച്ചിരുന്ന ഇന്ത്യന്‍ ജനതയുടെ ലാളിത്യത്തെ പ്രശംസിച്ചിട്ടുണ്ട്.
മഹാത്മഗാന്ധി പറഞ്ഞുവച്ചത് ഇപ്രകാരമാണ്: “ഇന്ത്യയുടെ മുഴുവന്‍ ഏകാധിപതിയായി ഒരു മണിക്കൂര്‍ നേരത്തേക്ക് ഞാന്‍ നിയമിക്കപ്പെട്ടുവെങ്കില് ഞാന്‍ ചെയ്യുന്ന ഒന്നാമത്തെ കാര്യം പ്രതിഫലം കൊടുക്കാതെ എല്ലാ മദ്യഷാപ്പുകളും അടച്ചിടുകയും ഗുജറാത്തില്‍ എനിക്കറിയാവുന്ന മാതിരിയുള്ള എല്ലാ പനമരങ്ങളും നശിപ്പിക്കുകയും മനുഷ്യോചിതമായ ചുറ്റുപാടുകള്‍ തങ്ങളുടെ തൊഴിലാളികള്‍ക്കായി ഉണ്ടാക്കുവാനും അവര്‍ക്ക് നിര്‍ദ്ദോഷങ്ങളായ പാനീയങ്ങളും അത്രതന്നെ നിര്‍ദ്ദോഷങ്ങളായ വിനോദശാലകളും തുറക്കുവാനും ഫാക്ടറി ഉടമകള നിര്ബന്ധിക്കുകയുമായിരിക്കും. ഫണ്ടില്ലെന്ന് ഉടമകള്‍ വാദിച്ചാല്‍ ഞാന്‍ ഫാക്ടറികള്‍ പൂട്ടിയിടും. (യംഗ് ഇന്ത്യ 25.06.1931)
“അഭിശപ്തമായ മദ്യവ്യാപാരത്തില്നിന്ന് ധര്‍മ്മവിരുദ്ധമായി ലഭിക്കുന്ന നികുതി നഷ്ടപ്പെടുന്നതിനെ പറ്റി അന്ധാളിക്കേണ്ട. മദ്യത്തില്‍ നിന്നുള്ള നികുതി പാപത്തിന്റെ കൂലിയാണ്. സദാചാരവിരുദ്ധമായ ഒരു മാര്‍ഗ്ഗത്തില്‍ നിന്ന് ലഭിക്കുന്ന നികുതി ഉപയോഗിച്ച് നടത്തുന്ന വിദ്യാഭ്യാസം ഹീനമാണ്. നിര്‍ദ്ദോഷികളുടെ രക്തത്തില്‍ പങ്കിലമായ നികുതി പണം ഉപയോഗിച്ചുള്ള പ്രവര്‍ത്തനം ദുര്‍ഗന്ധം വമിക്കുന്നതാകുമെന്നും” മഹാത്മാഗാന്ധി പറഞ്ഞുവയ്ക്കുന്നു. (യംഗ് ഇന്ത്യ 06.07.1921) സാമ്പത്തിക നഷ്ടത്തെക്കാള്‍ വലുതാണ് സന്മാര്‍ഗ്ഗീക നഷ്ടം എന്നും ഗാന്ധി ഓര്‍മ്മപ്പെടുത്തുന്നു.
ഒരു രാജ്യത്തിന്റെ സദാചാര്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുവാനുള്ള പ്രാധാന ഉത്തരവാദിത്വം സര്‍ക്കാരിന്റെതാണ്. നാടുമുടിഞ്ഞാലും സമൂഹം നശിച്ചാലും ആത്മഹത്യകള്‍ പെരുകിയാലും പണം മാത്രം മതി എന്ന നിലപാട് ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല. സമൂഹത്തിന്റെ സദാചാര അടിത്തറ സര്‍ക്കാര്‍ തന്നെ തകര്‍ക്കരുത്.
മദ്യം ഉല്‍പ്പാദിപ്പിക്കുകയും വില്‍ക്കുകയും വില്ക്കാന് ലൈസന്‍സ് നല്‍കുകയും ചെയ്യുന്ന ഭരണകൂടമാണ് ഏറ്റവും വലിയ കുറ്റവാളി. മദ്യത്തിന്റെ വില്പനക്കാരായോ ഇടനിലക്കാരനായോ ഒരു ജനാധിപത്യ സര്‍ക്കാര്‍ വര്‍ത്തിക്കുന്നത് അനുചിതമാണ്. ജനങ്ങളുടെ പുരോഗതിയേക്കാള്‍ സ്വാര്‍ത്ഥ ലാഭത്തിനും താല്‍ക്കാലിക നേട്ടങ്ങള്‍ക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കരുത്. സ്വൈരജീവിതത്തിനുള്ള മലയാളികളുടെ മൗലീകാവകാശത്തെ അതിക്രമിക്കുന്ന, അനേകരെ രോഗികളും അക്രമികളും സാമൂഹ്യ വിരുദ്ധരും രാജ്യദ്രോഹികളും കലഹപ്രിയരും അനാത്മീയരും ആക്കിമാറ്റുന്ന മദ്യവ്യാപാരം സര്‍ക്കാര്‍ ഉപേക്ഷിക്കണം. ജനനന്മ ലക്ഷ്യം വയ്ക്കാത്ത ഏതു പ്രവര്‍ത്തനവും രാജ്യദ്രോഹപരമാണ്. ജനത്തിനും രാജ്യത്തിനും ദ്രോഹപരമായ മദ്യവ്യാപാരം വഴി രാജ്യം ഭരിക്കാം എന്ന് സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഉദാത്തമായ ചിന്തയുടേയും ദര്‍ശനത്തിന്റെയും ദാരിദ്രമാണ്.
മദ്യം വര്‍ജ്ജിക്കപ്പെടേണ്ട ഒന്നാണെന്നും അത് തിന്മയാണെന്നും ഉള്ള ഉത്തമബോധ്യം സര്‍ക്കാരി നുണ്ട്. വര്‍ജ്ജിക്കപ്പെടേണ്ട ഒന്നിനെ സര്‍ക്കാര്‍ തന്നെ പ്രോത്സാഹിപ്പിക്കുകയും മാന്യവല്‍ക്കരിക്കുകയും വാണിജ്യവല്ക്കരിക്കുകയും ചെയ്യുന്നത് ഉചിതമല്ല. ഒരു നന്മയും പ്രദാനംചെയ്യാത്ത മദ്യവ്യാപാരത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയേ തീരൂ.
** അഡ്വ. ചാര്‍ളി പോള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: