കേന്ദ്ര ആഭ്യന്തരമന്ത്രിക്കും മുന്‍കേന്ദ്ര ആഭ്യന്തരമന്ത്രിക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎ സര്‍ക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. തലവേദന സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം പരിശ്രമിക്കുന്നവരില്‍ അഗ്രഗണ്യനാണ് സുശീല്‍കുമാര്‍ ഷിന്‍ഡെ. ഒരു കാര്യം പറയുക, അത് വിവാദമുണ്ടാക്കുമെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെ മാറ്റിപ്പറയുക; പിന്നെ മാധ്യമങ്ങളുടെ മേല്‍ പഴിചാരി രക്ഷപ്പെടുക. ഈ സൃഗാലതന്ത്രമാണ് കേന്ദ്രമന്ത്രിയായി ഇരുന്നുകൊണ്ട് അദ്ദേഹം നടത്തുന്നത്. ഏതായാലും കോടതി അത് കൃത്യമായി മനസ്സിലാക്കിയിരിക്കുന്നു. അതിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പുകാലത്ത് നട്ടാല്‍ മുളയ്ക്കാത്ത വാഗ്ദാന വിത്തുകള്‍ എറിയുന്നതില്‍ സ്ഥാനാര്‍ഥികള്‍ മുമ്പന്തിയിലാണ്. ഒരിക്കലും നടക്കില്ലെന്ന് അറിയാവുന്നവ കൂടി നടപ്പാക്കുമെന്ന മോഹനവാഗ്ദാനങ്ങളാണ് അവര്‍ നല്‍കാറ്. ഇവിടെ കേന്ദ്രമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും പി. ചിദംബരവും നല്കിയ വാഗ്ദാനങ്ങളാണ് അവര്‍ക്കുതന്നെ വിനയായത്. ആന്ധ്രാപ്രദേശിലെ തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച് നല്കിയ വാഗ്ദാനത്തിന്റെ പേരിലാണ് ഒരു ജില്ലാ കോടതി ഇരുവര്‍ക്കെതിരെയും കേസെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഫലത്തില്‍ വാഗ്ദാനലംഘനം നടത്തിയതു വഴി സമൂഹത്തിന് മുമ്പില്‍ ഇരുമന്ത്രിമാരും കുറ്റവാളികളായെന്ന് സാരം. അതിനാല്‍ തന്നെ ഇരുവരും മന്ത്രിമാരായി തുടരുന്നതില്‍ അര്‍ത്ഥമില്ല.
ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 420-ാം വകുപ്പുപ്രകാരം വഞ്ചനാക്കുറ്റത്തിനാണ് ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ രംഗ റെഡ്ഢി ജില്ലാ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. തെലുങ്കാന സംസ്ഥാന രൂപീകരണം ആന്ധ്രയെ സംബന്ധിച്ച് ഒരു വലിയ പ്രശ്നമാണ്; കീറാമുട്ടിയാണ്. അത്തരമൊരു സംസ്ഥാനം നിലവില്‍ വന്നാല്‍ തങ്ങളുടെ വളര്‍ച്ച മുരടിക്കുമെന്ന് തെലുങ്കാനയ്ക്കു പുറത്തുള്ള വിഭാഗങ്ങള്‍ വിചാരിക്കുന്നു. സാമ്പത്തികവും അല്ലാതെയുമുള്ള നൂറുകൂട്ടം കാര്യങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് തെലുങ്കാനപ്രശ്നം. ഒരു രാത്രി കൊണ്ടോ ഒരു പകലുകൊണ്ടോ തീര്‍ക്കാവുന്നതല്ല അത്. ഇരുമന്ത്രിമാര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ രൂപമുണ്ട്. ഏതൊക്കെ തരത്തില്‍ ഈ പ്രശ്നങ്ങള്‍ വഴിമറിഞ്ഞുപോകുമെന്നും ജനങ്ങള്‍ എങ്ങനെയൊക്കെ പ്രതികരിക്കുമെന്നും അവര്‍ക്കു നിശ്ചയമുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പുകാലത്ത് സ്ഥലകാലബോധം നഷ്ടപ്പെട്ട് എല്ലാം വാഗ്ദാനത്തിന്റെ ഉമ്മറക്കോലായയിലേക്ക് കൊണ്ടുവരുന്ന ഒരു ഏര്‍പ്പാടാണ് ഉണ്ടാവാറ്. എന്തുവില കൊടുത്തും വിജയിക്കുക എന്നതിന് പ്രാധാന്യം കൊടുക്കുമ്പോള്‍ മേറ്റ്ല്ലാം വിസ്മൃതിയിലാവുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ വൈകാരികമായ വിഷയങ്ങളെ വെടിമരുന്ന് ചേര്‍ത്ത് കത്തിക്കുകയും അധികാരദണ്ഡ് കൈയില്‍ കിട്ടിയാല്‍ അതൊക്കെ വെള്ളം ഒഴിച്ച് കെടുത്തുകയും ചെയ്യുന്ന രീതി. ഷിന്‍ഡെയും ചിദംബരവും ചെയ്തത് ഒരര്‍ത്ഥത്തില്‍ അതു തന്നെ. തെരഞ്ഞെടുപ്പുകാലത്തല്ല അത്തരമൊരു വാഗ്ദാനം നടത്തിയതെന്നത് അതീവഗുരുതരവും.
തെലുങ്കാന വിഷയം ഓരോ ദിവസവും കത്തിപ്പടരുന്ന സ്ഥിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രശ്നപരിഹാരത്തിനായി പരക്കം പായുകയാണ്. അത്തരമൊരു അവസ്ഥ നിലനില്‍ക്കുമ്പോഴാണ് വഞ്ചനാക്കുറ്റത്തിന്റെ പേരില്‍ കോടതിയില്‍ നിന്ന് ഉത്തരവും വന്നിരിക്കുന്നത്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നത് സംബന്ധിച്ച് ആഭ്യന്തരമന്ത്രി ഷിന്‍ഡെ കഴിഞ്ഞ മാസം മുന്നോട്ടുവെച്ച സമയപരിധി കഴിഞ്ഞ ദിവസം അവസാനിച്ചതിനെ തുടര്‍ന്നാണ് ആന്ധ്രയിലെ ജൂണിയര്‍ അഡ്വക്കേറ്റ്സ് അസോസിയേഷന് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. താന്‍ നേരത്തെ പറഞ്ഞത് വിഴുങ്ങുകയും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്നും ഷിന്‍ഡെയും ആന്ധ്രയുടെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദും ഇക്കഴിഞ്ഞ ദിവസം പ്രസ്താവിച്ചത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കി. പറഞ്ഞ വാക്കുകള്‍ വിഴുങ്ങുക മാത്രമല്ല, ധിക്കാരപരമായ സമീപനം വെച്ചു പുലര്‍ത്തുക കൂടിയായപ്പോള്‍ ശരിക്കും കുറ്റവാളികളുടെ സ്വഭാവമായി.
അതോടെ ആന്ധ്രയില്‍ ഭരണസ്തംഭനത്തിനു തന്നെ ഇടയാക്കുന്ന അവസ്ഥയാണുണ്ടാവുന്നത്. എല്ലാ കാര്യത്തിലുമുള്ള മെല്ലെപ്പോക്ക് നയം തെലുങ്കാന സംസ്ഥാന രൂപീകരണ വിഷയത്തിലും ഉണ്ടാവുന്നു എന്നതാണ് എടുത്തു പറയേണ്ട വസ്തുത. പല കമ്മറ്റികളെയും വിദഗ്ധസമിതിയെയും ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിക്കുന്നുണ്ടെങ്കിലും ആത്യന്തിക ലക്ഷ്യത്തില്‍ എത്തുന്നില്ല. ഇത് ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കാനേ ഇടയാക്കൂ. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ എന്താണ് അന്തിമ തീരുമാനമെന്ന് അറിയിക്കണമെന്ന് ആന്ധ്രഘടകം ബിജെപി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആന്ധ്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ക്കു പോലും ഇക്കാര്യത്തില്‍ ഐക്യമില്ലെന്നും പാര്‍ട്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജനു. 28ന് അന്തിമ തീരുമാനമുണ്ടാവുമെന്ന പ്രതീക്ഷയും അസ്ഥാനത്തായതോടെ തെലുങ്കാന പ്രക്ഷോഭം കത്തിക്കാളുകയാണ്. വാഗ്ദാനലംഘനത്തിന്റെ പേരില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടത് വരും ദിവസങ്ങളില്‍ വന്‍ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. ജനങ്ങളുടെ ആവശ്യം ന്യായയുക്തമാണെന്ന് ജുഡീഷ്യറി പറയുന്നു എന്ന രീതിയില്‍ പ്രക്ഷോഭത്തിന് ദിശാമാറ്റവും ഉണ്ടാവും. അത് ഏത് രീതിയില്‍ പടര്‍ന്നാലും കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകൂടങ്ങള്‍ക്ക് നില്ക്കക്കള്ളിയുണ്ടാവില്ല. പൊതുതെരഞ്ഞെടുപ്പിലേക്ക് ഇനി അധികനാളുകളില്ലെന്നതും ഭരണകൂടത്തിന് അസ്വാസ്ഥ്യമുണ്ടാക്കുന്നതാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന തരത്തില്‍ പെരുമാറുന്നതിന്റെ അപകടമാണ് കോടതിയില്‍ നിന്ന് ഇരു കേന്ദ്രമന്ത്രിമാര്‍ക്കുമെതിരെ കേസെടുക്കാനുള്ള ഉത്തരവില്‍ നിഴലിക്കുന്നത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന ധിക്കാര നടപടിക്കുള്ള തിരിച്ചടിയും കൂടിയാണിത്. കേന്ദ്രസര്‍ക്കാറാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടത്. ഒരു സംസ്ഥാനത്തെ ജനങ്ങളെ രണ്ടു തട്ടിലാക്കി പ്രക്ഷോഭം കൊടുമ്പിരി കൊള്ളുമ്പോള്‍ അതു നോക്കി രസിച്ചുനില്‍ക്കുന്ന ചരിത്രത്തിലെ ക്രൂരന്മാരായ ഭരണാധികാരികളെപ്പോലെ ആവരുത് ആധുനികകാലത്തെ ഭരണകൂടം. സ്ഥിതിഗതികളെ സമചിത്തതയോടെ നേരിടാനും ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം നല്‍കാനും അവര്‍ ശ്രദ്ധിക്കണം. വൈകാരികവിഷയങ്ങളില്‍ വിടുവായത്തം പാടില്ലെന്ന ഏറ്റവും ലളിതമായ തിരിച്ചറിവും അതിനൊപ്പം വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: