ഒരു നദിയുടെ ഉത്ഭവമോ മഹര്‍ഷിമാരുടെ പൂര്വികരെപ്പറ്റിയോ ചിന്തിക്കേണ്ടതില്ല. അതൊരുപക്ഷേ മതിപ്പുളവാക്കാന്‍ പര്യാപ്തമായെന്ന് വരില്ല, അവരുടെ സേവനംകൊണ്ട് തൃപ്തിപ്പെട്ടാല്‍ മതി; അവരുടെ അനുഭവങ്ങളാണ് അമൂല്യങ്ങളായവ. അത് നമുക്ക് തരുന്ന പ്രചോദനം സ്വീകരിച്ചാല്‍ മതി. അത് നമുക്ക് നേതൃത്വം നല്കിയാല് മതി. ഉല്ഭവസ്ഥാനമന്വേഷിച്ച് നടന്നാല്‍ പ്രധാനപ്പെട്ട വസ്തുക്കള്‍ കൈമോശം വരും. എങ്കിലും നീ ചോദിച്ച സ്ഥിതിക്ക് ഞാന്‍ പറയാം; വ്യാസന് മുക്കുവകുലത്തില് പിറന്നു; ശുനകകുലത്തിലാണ് ശുനകന് ജനിച്ചത്; അഗസ്ത്യന് ഒരു കുടത്തില്‍നിന്ന് ജനിച്ചു; വിശ്വാമിത്രന് ക്ഷത്രിയകുലത്തില്‍ ജനിച്ചു; സൂതന്‍ ശൂദ്രകുലത്തില്‍ ജനിച്ചു. വേറെയും പലരുമുണ്ട്; അവരെല്ലാം അസാന്മാര്ഗബോധവും നിഷ്ഠയുമുള്ളവരായിരുന്നു. സ്വജാതിയുടെ നീതിക്കും അനുഭവങ്ങള്‍ക്കും പ്രാധാന്യം കല്പ്പിച്ചിരുന്നു. ആദര്ശങ്ങളിലടിയുറച്ചുനിന്ന് ജനനമരണചക്രത്തില്‍നിന്നും മുക്തി നേടുന്നതിന് ശ്രമിച്ചവരാണ്. സജ്ജയനും സത്യകാമനും മറ്റും അതിലുള്‍പ്പെട്ടവരാണ്. ഇനിയും പലരും ഇക്കൂട്ടത്തിലുണ്ട്. സ്വപ്രയത്നവും വിവേകവും തപസ്സും – ഇതെല്ലാമാണൊരുവന്റെ ഉന്നതപദവിക്ക് ഹേതു. എത്ര ഉന്നതകുലജാതനായാലും ആന്തരികശുദ്ധി ഇല്ലെങ്കില്‍ അവന് സ്ഥാനമില്ല; ഔന്നത്യം പ്രാപിക്കാന്‍ സാധിക്കുകയുമില്ല. സ്വര്‍ണത്തില്‍ താഴ്ന്നതരത്തില്പ്പെട്ട ചെമ്പുചേര്ത്താന് സ്വര്‍ണത്തിന്റെ വില കുറയുന്നു. ചെമ്പുചേര്ന്ന സ്വര്‍ണത്തിന്റെ വിലയിടിയുംപോലെ തന്നെ സംസാരത്തിലെ അഹങ്കാരം കൂട്ടിച്ചേര്‍ത്തു വിരാട് രൂപത്തിന്റെ വിലയിടിക്കുന്നു. വിരാട് രൂപം ജീവിയുടെ രൂപവുമായി മാറുന്നു. ശരിയായ സ്വര്ണതത്വം കിട്ടണമെങ്കില്‍ എന്തുചെയ്യണം? തപസ്സുകൊണ്ടും വ്രതങ്ങള്കൊണ്ടും ബുദ്ധിശക്തി ശുദ്ധീകരിക്കുകയും മിനുക്കുകയും ചെയ്ത് ശരിയായ വര്‍ണം വീണ്ടെടുക്കണം. ചളിയില്ക്കൂടി നടന്നാല്‍ കാല് കഴുകുന്നില്ലെ; അതുപോലെതന്നെ ലൗകികവിഷയങ്ങളില്പ്പെട്ട മനസ്സിലെ അഴുക്ക് കഴുകിക്കളയണം. ബന്ധമാകുന്ന വിത്തിന്റെ ഉല്പ്പാദശക്തി കത്തിച്ചുകളയണമെങ്കില് ജ്ഞാനാഗ്നിക്ക് മാത്രമേ സാധ്യമാകൂ. അതിനാല്‍ ജ്ഞാനസമ്പത്താര്ക്കുണ്ടോ അവന് മുക്തിയും എളുപ്പമാണ്.
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: