കെയ്റൊ: ആഭ്യന്തര കലാപം രൂക്ഷമായ ഈജിപ്റ്റില്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നു. പ്രക്ഷോഭ കേന്ദ്രങ്ങളായ പോര്‍ട്ട് സയിദ്, ഇസ്മാലിയ, സീയൂസ് നഗരങ്ങളില്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും ലംഘിച്ച് കലാപകാരികള്‍ ഇന്നലെയും ആക്രമണം അഴിച്ചു വിട്ടു. സംഘര്‍ഷങ്ങളില്‍ ഇതുവരെ അറുപതോളം പേര് കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച്ചമാത്രം അഞ്ഞൂറിലധികം പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്.
കലാപം നിയന്ത്രിക്കാന്‍ മുഹമ്മദ് മുര്‍സി ഭരണകൂടം കടുത്ത നടപടികള്‍ കൈക്കൊണ്ടെങ്കിലും അതൊന്നും ഫലവത്തായില്ലെന്ന് പുതിയ സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു. സീയൂസ് കനാല്‍ തീരത്തെ നഗരങ്ങളിലടക്കം പ്രധാന സ്ഥാനങ്ങളിലെല്ലാം സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് കഴിഞ്ഞ ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങി. അതിനിടെ, കാര്യങ്ങളുടെ പോക്ക് ഇങ്ങനെയായാല്‍ രാജ്യം തകരുമെന്നും ഭാവി തലമുറയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാകുമെന്ന മുന്നറിയിപ്പുമായി സൈനിക തലവനും പ്രതിരോധ മന്ത്രിയുമായ അബ്ദുള്‍ ഫത്താഖ് സിസ്സി രംഗത്തെത്തി.
ഭരണ സംവിധാനത്തിനെതിരെ രാഷ്ട്രീയ ശക്തികള്‍ നടത്തുന്ന ക ലാപം രാജ്യത്തെ വിനാശത്തിലെത്തിക്കും. അതു വരും തലമുറയെ ബാധിക്കും, ഫെയ്സ് ബുക്ക് പോസ്റ്റില്‍ സിസ്സി വ്യക്തമാക്കി. പ്രതിഷേധക്കാരോടും പ്രതിപക്ഷത്തോടുമുള്ള മുന്നറിയിപ്പായാണു പോസ്റ്റ് വിലയിരുത്തപ്പെടുന്നത്. സൈന്യത്തിന്റെ ശക്തിയും ക്രമസമാധാന പാലനത്തിലെ പങ്കും ഈജിപ്റ്റുകാരെ ബോധ്യപ്പെടുത്താനും ഇതിലൂടെ സിസ്സി ലക്ഷ്യമിടുന്നതായും നിരീക്ഷകര്‍. 2012ലെ ഫുട്ബോള്‍ കലാപക്കേസിലെ 21 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചതിനെ തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ച്ചയാണു ഈജിപ്റ്റില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സമവായശ്രമത്തിന്റെ ഭാഗമായി മുര്‍സി ചര് ച്ചയ്ക്കു ക്ഷണിച്ചെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വഴങ്ങിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: