സോള്‍: ദക്ഷിണ കൊറിയയുടെ പ്രഥമ വനിതാ പ്രസിഡന്റായ പാര്‍ക്ക് ജിയുങ്ങ് ഹെയും മ്യാന്മാര് പ്രതിപക്ഷ നേതാവും ജനാധിപത്യ പോരാളിയുമായ ആങ്ങ് സാങ്ങ് സുകിയും കൂടിക്കാഴ്ച്ച നടത്തി. സുകിയുടെ, അഞ്ചുദിവസം നീളുന്ന ദക്ഷിണ കൊറിയന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്ച.
ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ചര്‍ച്ചയ്ക്കിടെ ഇരുവരും വ്യക്തമാക്കി. കൂടുതല്‍ സ്വാതന്ത്ര്യവും സന്തോഷവും നിലനില്‍ക്കുന്ന മ്യാന്മറിനെയും ദക്ഷിണകൊറിയയും സൃഷ്ടിക്കാന്‍ ഒരുമിച്ചു യത്നിക്കാനാവുമെന്നു പ്രതീക്ഷിക്കുന്നതായി ഹെ പറഞ്ഞു. രാജ്യത്തിനകത്തും പുറത്തുമുള്ള സമാധാന ശ്രമങ്ങള്‍ക്കു സഹായകമാകുന്ന തരത്തില്‍ പുരോഗതി നേടുന്നതിനു മ്യാന്മറിനു കഴിയുമെന്നും സുകി പ്രത്യാശ പ്രകടപ്പിച്ചു.
ഏഷ്യയിലെ ഏറ്റവും പ്രമുഖരായ വനിതാ നേതാക്കളായ ഇരുവരുടെയും വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലുമുണ്ടായ സംഭവങ്ങളുടെ സമാനതകളും സുകി-ഹെ സമാഗമത്തെ ശ്രദ്ധേയമാക്കി. രണ്ടുപേരുടെയും പിതാക്കന്മാര് വെടിയേറ്റാണു മരിച്ചത്. സുകിയുടെ പിതാവും മ്യാന് സ്വാതന്ത്ര്യ സമര നായകനുമായ ജനറല്‍ ആങ്ങ് സാന്‍ 1947ല്‍ ആക്രമികളുടെ തോക്കിനിരയായപ്പോള്‍ ഹൈയുടെ അച്ഛനും ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായിരുന്ന പാര്‍ക്ക് ചുങ്ങ് ഹീ 1979ല്‍ കൊല്ലപ്പെട്ടു.
പതിറ്റാണ്ടുകളുടെ വീട്ടുതടങ്കലിനുശേഷം 2010ല്‍ തെരഞ്ഞെടുപ്പു രംഗത്തിറങ്ങിയ സുകി പ്രതിപക്ഷ നേതാവായി അവരോധിക്കപ്പെട്ടു. ഹെയ് ആകട്ടെ ഒരു പടികൂടെ കടന്നു പ്രസിഡന്റ് പദമുറപ്പിച്ചു. ഫെബ്രുവരിയില്‍ ഹെയ് അധികാരമേല്‍ക്കും. രണ്ടു വനിത നേതാക്കളുടെ തെരഞ്ഞെടുപ്പു വിജയങ്ങളില്‍ അവരുടെ പിതാക്കന്മാരുടെ ജനപിന്തുണയുടെ സ്വാധീനമുണ്ടായിരുന്നവെന്നതും മറ്റൊരു പ്രത്യേകത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: