തിരുവനന്തപുരം: പട്ടം മരപ്പാലത്തെ വിദേശ മലയാളിയുടെ വീട്ടില്‍ നിന്ന് ആഡംബര കാര്‍ ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ രാജ്യാന്തര മോഷ്ടാവ് ബണ്ടി ചോറിനെ അടുത്ത മാസം 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെ ബണ്ടിയെ വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കസ്റ്റഡിയില്‍ പോലീസ് തന്നെ മര്‍ദ്ദിച്ചതായി ബണ്ടി കോടതിയില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ബണ്ടിയെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റാന്‍ കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ബണ്ടി ചോറിനെ തിരുവനന്തപുരം നന്ദാവനം എ ആര് ക്യാമ്പില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ബണ്ടി ചോര്‍ കുറ്റം സമ്മതിച്ചു. 2005ലും താന്‍ കേരളത്തില്‍ എത്തിയിരുന്നതായും ബണ്ടി ചോര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ബണ്ടിചോര്‍ കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഉപയോഗിച്ച കാര്‍ പോലീസ് പേരൂര്‍ക്കടയില്‍ നിന്ന് കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച്ച രാവിലെ 8.50ഓടെ മുംബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യാ വിമാനത്തിലാണ് അതീവ സുരക്ഷാക്രമീകരണങ്ങളൊരുക്കി ബണ്ടിചോറിനെ പേരൂര്‍ക്കട സിഐ: പ്രതാപന് നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനത്താവളത്തിലെത്തിച്ചത്. വിമാനത്തില്‍ വളരെ ശാന്തനായിരുന്ന ബണ്ടിചോറിനെ സഹയാത്രികര്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇയാള്‍ ഭക്ഷണം കഴിക്കുകയും തന്നെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്ന പത്രം വായിക്കുകയും ചെയ്തിരുന്നു. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം മാധ്യമ പ്രവര്‍ത്തകരെ കാണുന്നതിന് മുന്നോടിയായി ജാക്കറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിലെത്തിയ ഇയാളെ ക്രൈം ഡിറ്റാച്ച്മെന്റ് എസി: കെ.ഇ. ബൈജു, ശംഖുമുഖം എസി: വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സന്നാഹത്തില്‍ പുറത്തേക്ക് കൊണ്ടുപോയി. ബണ്ടി ചോറിനെ കാണാന്‍ വന്‍ ജനക്കൂട്ടം എത്തിയിരുന്നു. ആദ്യം പേരൂര്‍ക്കട സ്റ്റേഷനിലേക്കും പിന്നീട് കവര്‍ച്ച നടന്ന മരപ്പാലത്തെ വീട്ടിലേക്കും കൊണ്ടുപോകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പോലീസ് ഇയാളെ എആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോവുകയായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ പി. വിജയന്റെ നേതൃത്വത്തില്‍ ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കവടിയാറിലെ മറ്റൊരു വീടും ലക്ഷ്യമിട്ടിരുന്നതായി ബണ്ടി അറിയിച്ചു.
ദല്‍ഹിയില്‍ നിന്നും അമൃത്സറിലെത്തിയ ശേഷം ബാംഗ്ലൂരിലെത്തി അവിടെ നിന്നും മോഷ്ടിച്ച എസ്റ്റീം കാറുമായിട്ടാണ് ബണ്ടി തലസ്ഥാനത്തെത്തിയത്. ഈ കാര്‍ കവടിയാറിലെ ഹോട്ടല്‍ വിന്‍സര്‍ പാലസിന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും മൊഴി നല്കി. ഇതിനുശേഷം നന്ദന്‍കോടിന് സമീപത്തെ റോഡില്‍ നിന്നും മറ്റൊരു എസ്റ്റീം കാര്‍ മോഷ്ടിച്ച ശേഷം കന്യാകുമാരിയില്‍ പോയി മടങ്ങിയെത്തി. എന്നിട്ടാണ് വേണുഗോപാലന്‍നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയത്. ഇവിടെ നിന്നും മോഷ്ടിച്ച ഔട്ട്ലാന്‍ഡര്‍ കാറില്‍ നാഗര്‍ കോവില്‍ വഴി കന്യാകുമാരിയിലെത്തി. തമിഴ്നാട്ടില്‍ നിന്നും ഒരു ടവേര കാറിന്റെ ചില്ലു തകര്‍ത്ത് ആര്‍സി ബുക്ക് കൈക്കലാക്കി. ഈ കാറിന്റെ നമ്പരിലാണ് പിന്നീട് ഔട്ട് ലാന്‍ഡര്‍ ഉപയോഗിച്ചത്.
തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക് യാത്രാമധ്യേ തന്നെ ചിലര്‍ പിന്തുടരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍ കാര്‍ ഉപേഷിച്ച് ഒരു ടാക്സി ടാറ്റാ സുമോയില്‍ രക്ഷപ്പെട്ടു. ടാക്സി ഡ്രൈവര്‍ സംശയിക്കുന്നുവെന്ന് വ്യക്തമായപ്പോള്‍ അവിടെ നിന്ന് രക്ഷപ്പെട്ട് ലക്ഷ്വറി ബസ്സില്‍ ബല്ഗാമിലിറങ്ങി ട്രെയിനില്‍ പൂനയിലേക്ക് വന്നു. ഇവിടെ വച്ചാണ് പിടിക്കപ്പെട്ടത്. തിരുവനന്തപുരത്ത് ലോഡ്ജില്‍ കൊടുത്ത മൊബൈല്‍ നമ്പര്‍ ഖോരക്പൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ നിന്നും കളഞ്ഞുകിട്ടിയ മൊബൈലിന്റേതാണെന്നും ബണ്ടി പറഞ്ഞു. ചോദ്യങ്ങള്‍ക്കുമുന്നില്‍ യാതൊരു ഭാവഭേദവും കൂടാതെയാണ് ബണ്ടി പ്രതികരിച്ചത്.
ബണ്ടിയുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ പോലീസ് വൈകിട്ട് ആറ് മണിയോടെ കവടിയാറിന് സമീപമുള്ള ഹോട്ടലില്‍ എത്തി തെളിവെടുപ്പ് നടത്തി. നേരത്തെ വേണുഗോപാലന്‍നായരുടെ വീട്ടില്‍ ക്രൈംഡിറ്റാച്ച്മെന്റ് എസി: കെ.ഇ. ബൈജുവിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. ബണ്ടിചോറിനെ പേരൂര്‍ക്കട പോലീസിന്റെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനാണ് പോലീസ് നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: