ന്യൂദല്‍ഹി/ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിനേയും കോണ്‍ഗ്രസ് സഖ്യത്തേയും സമ്മര്‍ദ്ദത്തിലാഴ്ത്തി ആന്ധ്രാപ്രദേശ് കോടതി വിധി. രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കേസെടുക്കാന്‍ ഇന്നലെ കോടതി ഉത്തരവിട്ടു. തെലുങ്കാന വിഷയത്തില്‍ ജനങ്ങള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാത്തതിനാണ് കേന്ദ്ര മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, പി.ചിദംബരം എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്.
മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന പി.ചിദംബരം, നിലവിലെ ആഭ്യന്തരമന്ത്രിയായ സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്നിവര്‍ തെലുങ്കാന വിഷയത്തില്‍ സമയബന്ധിതമായി തീരുമാനം കൈക്കൊണ്ടില്ലെന്നു ചൂണ്ടിക്കാട്ടി ആന്ധ്രാപ്രദേശില്‍ നിന്നുള്ള അഭിഭാഷക സംഘടന നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഇത്തരത്തില്‍ ഉത്തരവിട്ടത്. തെലുങ്കാന വിഷയത്തില്‍ ജനങ്ങള്‍ക്കു നല്കിയ ഉറപ്പ് ലംഘിച്ച യുപിഎയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് അനുമതിയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
വരും ദിനങ്ങളില്‍ വന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചേക്കാവുന്ന ഒരു വിധിയാണ് ആന്ധ്രാപ്രദേശിലെ രംങ്കറെഡ്ഡി ജില്ലാ കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും കനത്ത പ്രഹരമാണ് ഇത്. തെലുങ്കാന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടക്കുന്നതിനിടെയാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.
സംസ്ഥാന രൂപീകരണത്തില്‍ വാക്കുപാലിക്കാത്ത തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെയ്ക്കണമെന്ന് ടിആര്‍എസ് നേതാവ് കെ.രാമറാവു ആവശ്യപ്പെട്ടു. തെലുങ്കാന വിഷയത്തില്‍ സമയം ആവശ്യമാണെന്ന് പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ രാജിവെക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. തെലുങ്കാനയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരെ ഘരാവോ ചെയ്യുകയും അവരുടെ വാഹനങ്ങള്‍ക്ക് കല്ലെറിയുകയും ചെയ്തു. തെലുങ്കാന ഒരു വൈകാരിക പ്രശ്നമാണെന്നും ഉചിതമായ സമയത്ത് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു.
ഷിന്‍ഡെയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപിയും, സിപിഐയും രംഗത്തെത്തിയിട്ടുണ്ട്. ഡിസംബര്‍ 28ന് നടന്ന സര്‍വകക്ഷി യോഗത്തിലാണ് ഈ മാസം 28ന് തെലുങ്കാന സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ചത്. എന്നാല്‍ ഞായറാഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ട ഷിന്‍ഡെ തന്നെയാണ് തീരുമാനം വൈകുമെന്നറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: