കെയ്റോ: ഈജിപ്തില്‍ ആഭ്യന്തര കലാപം രൂക്ഷമായ സാഹചര്യത്തില്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി മൂന്ന് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പോര്‍ട്ട് ന്നിവിടങ്ങളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. 30 ദിവസത്തേക്കാണ് അടിയന്തരാവസ്ഥ. ഈജിപ്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുണ്ടെന്ന് ഞായറാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് മുര്‍സി പറഞ്ഞിരുന്നു. അടിയന്തരാവസ്ഥയ്ക്കു പുറമെ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചുട്ടുണ്ട്. സുരക്ഷാ ഭീഷണി ഒഴിവാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുര്‍സി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം നടന്ന ഫുട്ബോള്‍ കളിക്കിടെയുണ്ടായ കലാപത്തില്‍ 74 പേര് കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് അതിന് കാരണക്കാരാണെന്ന് കരുതുന്നവര്‍ക്ക് കഴിഞ്ഞ ദിവസം ഈജിപ്ത് കോടതി വധശിക്ഷ പ്രഖ്യാപിച്ചതോടെയാണ് കലാപം രൂക്ഷമായത്. അതേസമയം,ഫുട്ബോള്‍ കലാപം സംബന്ധിച്ച കോടതി വിധിയെത്തുടര്‍ന്ന് പോര്‍ട്ട് സയിദ് നഗരത്തില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടവരുടെ സംഖ്യ 37 ആയി ഉയര്‍ന്നു. ഇന്നലെ നടന്ന കൂട്ട കബറടക്കച്ചടങ്ങിനിടയിലും വെടിവയ്പുണ്ടായി. ഇതില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ഈജിപ്തിലെ വിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികം പ്രമാണിച്ച് പ്രതിപക്ഷം ആരംഭിച്ച പ്രക്ഷോഭ പരിപാടികള്‍ തുടരുന്നതിനിടെയുണ്ടായ പോര്‍ട്ട് സയിദ് സംഭവം ഈജിപ്തിനെ പ്രക്ഷുബ്ധമാക്കി. മുര്‍സിയുടെ ഏകാധിപത്യ ശൈലി മാറ്റണമെന്നും കൂടുതല്‍ ജനാധിപത്യ പരിഷ്കാരങ്ങള്‍ വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനോട് തനിക്ക് എതിര്‍പ്പാണ് ഉള്ളതെങ്കിലും രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അത് അനിവാര്യമാണെന്നും മുര്‍സി ടെലിവിഷന്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഈജിപ്തിന്റെ സുരക്ഷയ്ക്ക് ആശങ്ക കൂടാതെ നടപടികള്‍ സ്വീകരിക്കാന്‍ താന്‍ ബാധ്യസ്ഥനാണ്. ചര്‍ച്ചയല്ലാതെ മറ്റ് പരിഹാര മാര്‍ഗങ്ങളില്ലെന്നു പറഞ്ഞ മുര്‍സി പ്രതിപക്ഷ നേതാക്കളേയും, പ്രതിഷേധക്കാരേയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
എന്നാല്‍ മുര്‍സിയുടെ ക്ഷണം പ്രതിപക്ഷം നിരാകരിച്ചു. രാജ്യത്തുണ്ടായ രക്തച്ചൊരിച്ചിലിന്റെ ഉത്തരവാദിത്തം മുര്‍സി ഏറ്റെടുക്കണം. ചര്‍ച്ചക്കു വിളിച്ചുചേര്‍ക്കുന്നത് സമയം നഷ്ടപ്പെടുത്താന്‍ മാത്രമെ പ്രയോജനം ചെയ്യുകയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് മുഹമ്മദ് ഇല് ബരാദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: