മുംബൈ: ഇന്ന് നടക്കുന്ന റിസര്‍വ് ബാങ്ക് പണ വായ്പാ നയ അവലോകനത്തില്‍ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യത. സാമ്പത്തിക രംഗത്ത് പരിഷ്കരണം നടപ്പാക്കുന്നതിനും സ്ഥിതി നിയന്ത്രണ വിധേയമാക്കുന്നതിനുമായിട്ടാണ് നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ഒമ്പത് മാസത്തിനിടയില്‍ ഇതാദ്യമായിട്ടാണ് റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്താനൊരുങ്ങുന്നത്.
കഴിഞ്ഞ ഒരു ദശാബ്ദമായി ഇന്ത്യന്‍ സാമ്പത്തിക രംഗം മന്ദഗതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക രംഗത്ത് ഉണര്‍വേകി വളര്‍ച്ചയുടെ പാതയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് ചൂണ്ടിക്കാട്ടി റിസര്‍വ് ബാങ്ക് നിരക്കുകള്‍ മാറ്റമില്ലാതെ നിലനിര്‍ത്തുകയായിരുന്നു.
ഇന്ന് നടക്കുന്ന അവലോകനത്തില്‍ ആര്‍ബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ കാല്‍ശതമാനമെങ്കിലും കുറവ് വരുത്തുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
നിലവില്‍ റിപ്പോ നിരക്ക് എട്ട് ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് ഏഴ് ശതമാനവുമാണ്. ഇത് യഥാക്രമം 7.75 ശതമാനമായും 6.75 ശതമാനമായും കുറയുമെന്നാണ് കരുതുന്നത്. കരുതല്‍ ധനാനുപാതം 4.25 ശതമാനമാണ്. ഇതില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല.
2012 ഏപ്രിലിലാണ് റിസര്‍വ് ബാങ്ക് പ്രധാന വായ്പാ നിരക്കുകളില്‍ അര ശതമാനം കുറവ് വരുത്തിയത്. പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതിനെ തുടര്‍ന്നാണ് ആര്‍ബിഐ വായ്പാ നിരക്കുകള്‍ കുറയ്ക്കാന്‍ തയ്യാറാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: