“ഒരു വ്യക്തിക്ക് എത്ര പെരുമയും ദിവ്യതയുമുണ്ടായാലും, അയാളുടെ പ്രഭാവമൊന്നിന് മാത്രം ആചാരശാസ്ത്രത്തിന് വേണ്ട പിന്‍ബലം നല്‍കുക ശക്യമല്ല. ആചാരശാസ്ത്രത്തിന് നല്കുന്ന അത്തരത്തിലൊരു വ്യാഖ്യാനത്തിന് ലോകത്തിലെ ഒന്നാംകിട ചിന്തകന്മാരെ ബോധ്യപ്പെടുത്താന്‍ ഇനിമേല്‍ കഴിവുണ്ടാവില്ല. ആചാരശാസ്ത്രവും ആചാരപദ്ധതികളും മനുഷ്യരാശിയെ ഭരിക്കയും നയിക്കയും ചെയ്യണമെങ്കില്‍, വ്യക്തിപരമായ പിന്‍ബലത്തെ കവിഞ്ഞ വല്ലതുമൊത്തുവേണമെന്ന് അവര്‍ കരുതുന്നു. ആചാരശാസ്ത്രത്തിന് പിന്‍ബലം നല്‍കുന്നത് സത്യത്തിന്റേതായ നിത്യതത്ത്വമാകണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. നിത്യമായ ഈ പിന്‍ബലം നിങ്ങളിലും എന്നിലും എവിടെയും നിലകൊള്ളുന്ന അപരിമിതസത്യത്തിലല്ലാതെ, ആത്മാവിലല്ലാതെ, സ്വസ്വരൂപത്തിലല്ലാതെ, മേറ്റ്വിടെ കണ്ടെത്തും? ആചാരപദ്ധതികളുടെയെല്ലാം അനശ്വരമായ പിന്‍ബലം ആത്മാവിന്റെ അഖണ്ഡമായ ഐക്യമാണ്. നിങ്ങളും ഞാനും സഹോദരങ്ങള്‍ മാത്രമല്ല, മനുഷ്യന്റെ സ്വാതന്ത്ര്യസമരത്തിന് ജിഹ്വയായിട്ടുള്ള സാഹിത്യമെല്ലാം പ്രസംഗിച്ചിട്ടുള്ള ഒരുവസ്തുതയാണ്. പിന്നെയോ, നിങ്ങളും ഞാനും വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ഇതാണ് ഭാരതീയദര്‍ശനത്തിന്റെ അനുശാസനം. ഈ ഐക്യമാണ് ആചാരശാസ്ത്രങ്ങളുടെയെല്ലാം, അധ്യാത്മികതയുടെയെല്ലാം പിമ്പിലുള്ള യുക്തി. ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടുള്ള നമ്മുടെ ജനകോടികള്ക്കെന്നപോലെ, യൂറോപ്പിനും ഇതാവശ്യമാണ്. ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളില്‍ ഏറ്റവുമൊടുവില്‍ ഉയര്‍ന്നുവന്ന രാഷ്ട്രീയ-സാമൂഹിക കാംക്ഷകള്‍ക്ക് ബോധപൂര്വമായെങ്കിലും അധിഷ്ഠാനമായിട്ടുള്ളതും മഹത്തായ ഈ തത്ത്വം തന്നെ.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: