നെട്ടൂര്‍: നിര്‍ദ്ദിഷ്ട നെട്ടൂര്‍ കുമ്പളം പാലം പണിയുമായി ബന്ധപ്പെട്ട് സമീപ വാസികള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് സമര്‍പ്പിച്ചിരുന്ന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാത്തതില്‍ നെട്ടൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഏരിയ റസിഡന്റ് അസോസിയേഷന് ശക്തിയായി പ്രതിഷേധിച്ചു.
നെട്ടൂര്‍ പിഡബ്ല്യുഡി റോഡില്‍നിന്നും പാലത്തിലേക്കുള്ള റോഡിന്റെ നീളം 300 മീറ്റര്‍ മാത്രമാണ്. ഈ റോഡിന്റെ വീതി 15 മീറ്റര്‍ ആകണമെന്നാണ് നിര്‍ദ്ദേശം. ഇതുപ്രകാരം നിലവിലുള്ള റോഡിനിരുവശത്തും താമസിക്കുന്നവരുടെ വീട് പൊളിക്കേണ്ടതായി വരും.
നാഷണല്‍ ഹൈവേയുമായി ബന്ധപ്പെടാനുള്ള പിഡബ്ല്യുഡി റോഡിന്റെയും അനുബന്ധ റോഡിന്റെയും വികസനം നടത്താതെ 300 മീറ്റര്‍ മാത്രം വരുന്ന റോഡ് 15 മീറ്റര്‍ ആക്കുവാനുള്ള അധികൃതരുടെ നീക്കം ജനവിരുദ്ധമാണ്. റോഡിനിരുവശത്തുമുള്ള കുടുംബങ്ങള്‍ക്ക് ദോഷം വരാത്ത വിധത്തിലുള്ള റോഡ് വികസനമാണ് വേണ്ടത്. കൂടാതെ പാലം വരുന്ന കായലില്‍ നിരവധി വര്‍ഷങ്ങളായി ഊന്നിവല തറച്ച് മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തുന്ന നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളുണ്ട്. നീരൊഴുക്ക് കുറയുന്നതുമൂലം മത്സ്യബന്ധനം സാധ്യമല്ലാതായിത്തീരുന്ന കുടുംബങ്ങളുടെ നിലനില്‍പ്പും പരിഹരിക്കപ്പെടേണ്ടതായിട്ടുണ്ട്. കാര്യങ്ങള്‍ പരിഹരിക്കണമെന്ന് അസോസിയേഷന് ആവശ്യപ്പെട്ടു.
യോഗത്തില്‍ പ്രസിഡന്റ് ഡോക്ടര്‍ പി.എം.ഫസല്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ആര്.പ്രസാദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേഖലാ റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി എ.എം.മണ്‍സൂര്‍, പര്‍വ്വ രക്ഷാധികാരി കെ.എന്‍.പ്രഭാകരന്, ട്രഷറര്‍ പെന്ഷാനിയോസ്, വി.കെ.അബ്ദുള്‍ മജീദ്, എ.ഡി.സുഷമ, വി.പി.മുരുകേശന്, എ.എല്‍. അമ്പുജാക്ഷന്, എം.എ.ജോസഫ്, എന്‍.കെ.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: