ന്യൂദല്‍ഹി: മുംബൈ ആക്രമണക്കേസില്‍ മുഖ്യ സൂത്രധാരനായിരുന്ന ഡേവിഡ് കോള്മാന് ഹെഡ്ലി എന്ന യുഎസ് വംശജനായ പാക് പൗരനെ ഇന്‍ഡ്യക്കു വിട്ടുകിട്ടുക എളുപ്പമല്ലെന്ന് വ്യക്തമാകുന്നു. അമേരിക്കയുടെ കയ്യിലായ, അവിടെ ജയില്‍ ശിക്ഷക്കു വിധിച്ച ഹെഡ്ലിയെ ഇന്ത്യക്കു കൈമാറ്റം ചെയ്യാനാവില്ലെന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റക്കരാറുകളുടെ വിശദപഠനവും നിലവിലുള്ള നിയമ സാഹചര്യവും വ്യക്തമാക്കുന്നത്. പ്രതിക്ക് ഇന്‍ഡ്യ വധശിക്ഷ കൊടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അമേരിക്കന്‍ കോടതി 35 വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചിട്ടുള്ളത്.
“നമ്മള് ആവശ്യപ്പെട്ടത് മുംബൈ ആക്രമണക്കേസില്പ്പെട്ട ഹെഡ്ലിക്ക് വധശിക്ഷ നല്‍കണമെന്നാണ്,” ആഭ്യന്തര വുകപ്പു സെക്രട്ടറി ആര്. കെ. സിംഗ് പറഞ്ഞു. എന്നാല്‍ ഈ ആവശ്യം തന്നെ ഹെഡ്ലിയുടെ കൈമാറ്റത്തിനു മുഖ്യ തടസമാണ്.
വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറയുന്നത് ഹെഡ്ലിക്ക് ഇന്‍ഡ്യയില്‍ കൂടുതല്‍ ഗുരുതരവും കഠിനവുമായ ശിക്ഷ കിട്ടിയേനെ എന്നാണ്. എന്നാല്‍ വിദേശകാര്യമന്ത്രിയും ഇതിനിടയിലെ നിയമപരമായ തടസങ്ങള്‍ പരിഗണിക്കുന്നില്ല.
എന്നാല്‍ അമേരിക്കയില്‍ ഹെഡ്ലിക്കു വിധിച്ചിരിക്കുന്ന ശിക്ഷ കഴിയാതെ അയാളെ മറ്റൊരു രാജ്യത്തിനു കൈമാറുക സാധ്യമല്ല. അപ്പോള്‍ അടുത്ത 35 വര്‍ഷത്തേക്ക് ഹെഡ്ലിയെ അമേരിക്ക ഇന്ത്യക്കു നല്‍കില്ല.
ഇനിയുമുണ്ട് കടമ്പകള്‍. പാക്കിസ്ഥാന് പൗരനായ ഹെഡ്ലിയെ ഇന്ത്യക്കു കൈമാറുന്ന കാര്യത്തില്‍ അമേരിക്കക്കുമേല്‍ പാക്കിസ്ഥാന്റെ സമ്മര്‍ദ്ദമുണ്ടാകും. അടിസ്ഥാനപരമായ മറ്റൊരു മുഖ്യപ്രശ്നവുമുണ്ട്. ഒരാളെ ഒരേ കേസില്‍ രണ്ട് വിചാരണ നടത്തുക സാധ്യമല്ല. അങ്ങനെ വരുമ്പോള്‍ ഹെഡ്ലിയെ വീണ്ടും വിചാരണ ചെയ്യാനും ശിക്ഷിക്കാനും ഇന്ത്യക്കു സാധിക്കില്ല.
എന്നാല്‍ ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ചെയ്യാവുന്നത് അമേരിക്കയില്‍ സമ്മര്‍ദ്ദം ചെലുത്തി, ഹെഡ്ലിയുടെ കേസ് മേല്‍ക്കോടതിയില്‍ വിചാരണ ചെയ്ത് വധശിക്ഷ എന്ന ഇന്ത്യയുടെ ആവശ്യം സാധിച്ചെടുക്കുക മാത്രമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ എത്രമാത്രം മുന്നോട്ടു പോകാനാവുമെന്ന കാര്യത്തിലും അഭിപ്രായ ഭിന്നതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: