ഞാനൊരു വക്രസ്വഭാവിയോ അശുഭപ്രതീക്ഷാശീലനോ അല്ല. നാം ജീവിച്ചുപോരുന്ന ലോകത്തിന്റെയും, നമ്മുടെ തന്നെ ബുദ്ധിപരമായ കുഴപ്പത്തിന്റെ “കൊളള മുതലി”ല്‍ നിന്ന് നാം കെട്ടിപ്പടുത്ത പരിഷ്കാരത്തിന്റെയും യഥാര്‍തഥമായ ഒരു ചിത്രത്തെ മുകളില്‍ ഞാന്‍ വരഞ്ഞൊപ്പിച്ചുവെന്നേ ഉള്ളൂ. “ജീവിതത്തിന്റെ കെട്ടിടം” സ്നേഹത്തിന്റെ സെമന്റ് തേച്ചിട്ടില്ലാത്ത – നിരാശയുടെ പിശാചുക്കളും കഷ്ടപ്പാടിന്റെ ദുര്‍ഭൂതങ്ങളും നിത്യാവാസം ചെയ്യുന്ന – ഒന്നാണ്. നമ്മുടെ നാഗരികതയുടെ മണിമന്ദിരത്തിന്റെ പ്രവേശനദ്വാരത്തില്‍ തന്നെ രക്തലിപികളില്‍ നമ്മുടെ പ്രിയപ്പെട്ട മുദ്രാവാക്യം നാം എഴുതിവച്ചിട്ടുണ്ട്. “സ്വാതന്ത്ര്യം, സമാധാനം സന്തുഷ്ടി.”
എന്നാല്‍ ഈ ദുഃഖമന്ദിരത്തിന്റെ അന്തര്‍ഭാഗത്ത് കടന്നുചെന്നാല്‍ ചിരിക്ക് പകരം കരച്ചലാണ് നാം കേള്‍ക്കുന്നത്; അവിടുത്തെ അന്തേവാസികളെ കാണുമ്പോള്‍ അവരില്‍ നാം കാണുന്നത് “സമാധാനത്തിന്റെയും സന്തുഷ്ടിയുടെയും സ്വാതന്ത്ര്യത്തിന്റെയും ദേവദൂതന്മാരെ”യല്ല, ചോരകിനിയുന്ന മുറിവുകളില്‍ നിര്‍ദ്ദയം ആണ്ടിറങ്ങിയ സ്വന്തം ഇരുമ്പുചങ്ങലകളാല് ഞെരങ്ങുന്ന അടിമകളുടെ ഒരു തലമുറയെയാണ്. അവര്‍ ഒരു മുറിയില്‍ നിന്ന് മറ്റൊരു മുറിയിലേക്ക് നീങ്ങുമ്പോള്‍ അവരുടെ ആയസശൃംഖലകളില് നിന്നും പുറപ്പെടുന്ന ആരവം ആ വിങ്ങിപ്പൊട്ടിക്കരയുന്ന ദീനനാദത്തില് മുങ്ങിപ്പോവുകയാണ്! ഭരണീയരും ഭരണകര്‍ത്താക്കളും ഒരുപോലെ ചങ്ങലക്കെട്ടില്പ്പെട്ട് ആ നരകമന്ദിരത്തില് ആത്മപീഡനത്തിന്റെയും പരസ്പരാവജ്ഞയുടെയും പൈശാചിക സൂത്രണങ്ങളുടെയും അന്യോന്യവിശ്വസാത്തിന്റേയും ഭീഷണജീവിതം നയിച്ചുവരികയാണ്.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: