ജയ്പൂര്‍: പ്രശസ്ത സോഷ്യോളജിസ്റ്റ് ആശിഷ് നന്ദിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റു പിന്നോക്ക വിഭാഗങ്ങളില്‍ നിന്നു വരുന്നവരാണ് ഏറ്റവും അഴിമതിക്കാരെന്ന് അദ്ദേഹം ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണത്തിന്റെ ഭാഗമായി ചടങ്ങിന്റെ വീഡിയോ പരിശോധിക്കാന്‍ പോലീസ് തീരുമാനിച്ചു. ആശിഷിന്റെ പ്രസ്താവനയ്ക്കെതിരെ ചര്‍ച്ചയില്‍ പങ്കെടുത്ത പ്രമുഖ പത്രപ്രവര്ത്തകന് അശുതോഷും മറ്റുള്ളവരും രംഗത്തുവന്നിരുന്നു. പ്രസംഗം പ്രകോപനപരമാണെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ പ്രസ്താവന വന്‍ വിവാദത്തിന് വഴിവെച്ചതിനെത്തുടര്‍ന്ന് വിശദീകണവുമായി ആശിഷ് രംഗത്തെത്തുകയും ചെയ്തു.
അഴിമതിക്ക് പിടിക്കപ്പെടുന്നവരിലേറെയും പട്ടികജാതി പട്ടക വര്ഗത്തില്പ്പെട്ടവരാണെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ആശിഷ് പറഞ്ഞു. ഉയര്‍ന്ന ജാതിക്കാരെപ്പോലെ രക്ഷപ്പെടാനുള്ള വിദ്യ അവര്‍ക്കറിയില്ലെന്നും ആശിഷ് വിശദീകരിച്ചു. 20 രൂപയ്ക്ക് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്ന പാവപ്പെട്ടവര്‍ പിടിയിലാകുന്നു. പക്ഷെ കോടികള്‍ കട്ട സമ്പന്നര്‍ രക്ഷപ്പെടുമെന്നുമാണ് താന്‍ പറഞ്ഞതെന്നും ആശിഷ് പറഞ്ഞു.
ആശിഷിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാവും ദേശീയ പട്ടിക ജാതി ചെയര്മാന് പിഎല്‍.പൂനിയയും പ്രസ്താവനയ്ക്കെതിരെ രംഗത്തുവന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: