ആലുവ: കനത്ത സുരക്ഷാ ക്രമീകരണത്തില്‍ തൃക്കുന്നത്ത് സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ കബറിങ്കല്‍ ഇരു വിഭാഗങ്ങളും ഇന്നലെ സമാധാനാന്തരീക്ഷത്തില്‍ ആരാധന നടത്തി. സര്‍ക്കാരിന്റെ സഭയോടുള്ള നിലപാടുകളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് യാക്കോബായ വിഭാഗത്തിന്റെ ഡോ. ആബുന്‍ മോര് ബസേലിയോസ് തോമസ് ബാവ ആരാധനയ്ക്കായി പള്ളിയിലെത്തിയില്ല.
കോടതി നിരീക്ഷകന് അഡ്വ. ശ്രീലാല്‍ വാര്യരുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ് വിശ്വാസികള്‍ക്ക് പ്രവേശനം അനുവദിച്ചത്. കനത്ത സുരക്ഷാ പരിശോധനയ്ക്കായി കളക്ടര്‍ പി.ഐ.ഷെയ്ക് പരീത് എത്തി പള്ളി തുറന്നതോടെയാണ് വിശ്വാസികള്‍ പ്രവേശിച്ചത്. രാവിലെ 7 മുതല്‍ 11 വരെയാണ് ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നത്.
വിശ്വാസികള്‍ക്ക് പിന്നാലെ പതിനൊന്നു മണിയോടെ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കത്തോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഡോ. മാത്യൂസ് മാര്‍സേവേറിയോസ് യൂഹനോന്‍, മാര്‍ പോളി കാര്പ്പൊസ് മെത്രാപ്പൊലീത്ത എന്നിവരും ധൂപപ്രാര്ത്ഥനക്കെത്തിയിരുന്നു. 750ഓളം പോലീസുകാരാണ് സുരക്ഷക്കെത്തിയിരുന്നത്. 16 നിരീക്ഷണ ക്യാമറകള്‍ പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു.
പത്തുപേര്‍ വീതമുള്ള സംഘത്തിന് പത്ത് മിനിറ്റില്‍ കൂടുതല്‍ പള്ളിയില്‍ ചെലവഴിക്കാനാകില്ല. ഇന്നും ഇതേ ക്രമീകരണം തുടരും. 35 വര്‍ഷമായി പൂട്ടിക്കിടക്കുന്ന പള്ളി കഴിഞ്ഞ നാല് വര്‍ഷമായി ജില്ലാ കളക്ടര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ് ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ ആരാധനയ്ക്ക് അവസരമൊരുക്കിയിരുന്നത്.
കഴിഞ്ഞവര്‍ഷം കളക്ടറുടെ ഉത്തരവ് മറികടന്നു യാക്കോബായ പക്ഷം കബറില്‍ ധൂപപ്രാര്‍ത്ഥനയ്ക്ക് പുറമെ കുര്‍ബാനയര്‍പ്പിച്ചത് വിവാദമായിരുന്നു. റൂറല്‍ എസ്പി സതീഷ് ബിനോ, എഡി എം.എന്‍.രാമചന്ദ്രന്, ഡിവൈഎസ്പിമാരായ സലീം.എന്‍, അനില്‍കുമാര്‍, സിഐ എസ്.ജയകൃഷ്ണന്, എസ്ഐ ഫൈസല്‍, തഹസില്‍ദാര്‍ പി.പത്മകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: