ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ എല്ലാ ഭീകരര്‍ക്കും വധശിക്ഷ നല്‍കണമെന്ന് ഇന്ത്യ. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ് ഹെഡ്ലി കോള്മാന് അമേരിക്ക 35 വര്‍ഷം തടവ് ശിക്ഷ നല്‍കിയത് കുറഞ്ഞ് പോയെന്ന് കേന്ദ്ര വിദേശശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. ഹെഡ്ലിക്ക് കൂടുതല്‍ ശിക്ഷ നല്‍കാമായിരുന്നുവെന്നും ഖുര്‍ഷിദ് കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ കോടതിയുടെ വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ്ലിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആഗ്രഹം. അതിനുവേണ്ടിയാണ് ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. യുഎസ് കോടതി വിധിച്ച ശിക്ഷയില്‍ നിരാശയുണ്ട്. ഇന്ത്യയിലാണ് വിചാരണ നടന്നിരുന്നതെങ്കില്‍ ഇതിലും വലിയ ശിക്ഷ ഹെഡ്ലിക്ക് ലഭിച്ചേനെയെന്നും ഖുര്‍ഷിദ് പറഞ്ഞു.
എന്നാല്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക് യുഎസിലെ നിയമവ്യവസ്ഥയുടെ പരിമിതി ഉണ്ടായിരുന്നുവെന്നും അതിനാലാണ് ശിക്ഷ ചുരുങ്ങിയതെന്നും ഖുര്‍ഷിദ് പറഞ്ഞു. ഹെഡ്ലിയെ ഇന്ത്യയിലേക്ക് കൊണ്ടുവരുവാനുള്ള നീക്കം തുടരും. അതിനായി യുഎസ് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ഖുര്‍ഷിദ് പറഞ്ഞു. ഹെഡ്ലിക്ക് ലഭിച്ച കഠിന തടവ് തുടക്കം മാത്രമാണെന്നും ഖുര്‍ഷിദ് മുന്നറിയിപ്പ് നല്കി. ചിക്കാഗോ ജില്ലാ കോടതിയാണ് വ്യാഴാഴ്ച്ച ഹെഡ്ലിക്ക് 35 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. എന്നാല്‍ ഹെഡ്ലിയെ ഇന്ത്യയ്ക്ക് വിട്ടുതരില്ലെന്ന് നേരത്തെ തന്നെ അമേരിക്ക അറിയിച്ചിരുന്നു.
അതേസമയം, മുംബൈ ഭീകരാക്രമണത്തിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന് ആഭ്യന്തര സെക്രട്ടറി ആര്.കെ സിംഗ് ആവശ്യപ്പെട്ടു. 166 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ വധശിക്ഷയ്ക്ക് അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആര്.കെ സിംഗ്. ഹെഡ്ലിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്ലിക്ക് ലഭിച്ച ശിക്ഷയില്‍ നിരാശയുണ്ട്. വധശിക്ഷ നല്കാന് തുടര്‍ന്നും ആവശ്യപ്പെടും. മുംബൈ ഭീകരാക്രമണത്തില്‍ മാത്രമല്ല. മറ്റ് പല സ്ഥലങ്ങളിലും സ്ഫോടനം നടത്തിയതില്‍ ഹെഡ്ലിക്ക് പങ്കുണ്ട്. ഹെഡ്ലിയെ ഇന്ത്യയ്ക്കു കൈമാറുന്നതില്‍ തുടര്‍ന്നും യുഎസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ആര്.കെ സിംഗ് പറഞ്ഞു.
ഹെഡ്ലിക്ക് ലഭിച്ച ശിക്ഷയില്‍ ബിജെപിയും കോണ്‍ഗ്രസും നിരാശ പ്രകടിപ്പിച്ചു. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. ഹെഡ്ലിയെ ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്നും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് വിചാരണ നടത്തുകയും വധശിക്ഷ നല്‍കുകയും വേണമെന്ന് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു.
166 പേര് കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളാണ് അന്പത്തിരണ്ടുകാരനായ ഡേവിഡ് കോള്മാന് ഹെഡ്ലി. പാക് വംശജനായ അമേരിക്കന്‍ പൗരനും, ലഷ്കര്‍ ഭീകരനുമായ ഡേവിഡ് ഹെഡ്ലിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തില്‍ 30-35 വര്‍ഷത്തെ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹെഡ്ലി ആക്രമണത്തിനുമുമ്പ് ഇന്ത്യയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.
മരണസംഖ്യ ഉയര്‍ത്തുന്നതില്‍ ഹെഡ്ലിയുടെ ആസൂത്രണം വിജയിച്ചു. മറ്റൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി ഡെന്മാര്ക്കിലേക്ക് പോകുന്നതിനിടെയാണ് ഹെഡ്ലി പിടിയിലായത്. മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക് സാങ്കേതിക സഹായം നല്‍കിയെന്നാണ് ഹെഡ്ലിക്കെതിരായ കുറ്റം. ഹെഡ്ലിക്കെതിരേ ചുമത്തിയ കുറ്റത്തിന് വധശിക്ഷയായിരുന്നു ലഭിക്കേണ്ടത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിച്ചതിന്റെയും കുറ്റം സമ്മതിച്ചതിന്റെയും പേരില്‍ 12 കുറ്റങ്ങളില്‍ നിന്ന് ഹെഡ്ലിയെ ഒഴിവാക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷയില്‍ നിന്നും ഇളവ് നേടാന്‍ ഇതുമൂലമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: