‘ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത’ എന്ന വിവേകാനന്ദ വാക്യത്തെ അനുസ്മരിപ്പിക്കുന്നതാണ് പാശ്ചാത്യ വനിതയായ ഈവ് എന്സ്ലെറിന്റെ ആഹ്വാനം-സ്ട്രൈക്ക് ഡാന്‍സ് റൈസ്. ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകയും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമായ ഈവ് എന്‍സ്ലര്‍ സ്വാമി വിവേകാനന്ദന്റെ ദര്‍ശനങ്ങളില്‍ ആകൃഷ്ടയാണോ എന്നറിയില്ല. പക്ഷേ ഈവിന്റെ ആഹ്വാനം ഹൃദയത്തിലേറ്റു വാങ്ങി ദേശത്തിന്റെയും ഭാഷയുടെയും അതിരുകള്‍ വകഞ്ഞുമാറ്റി ഒരേ ദിവസം ഒരു കോടി സ്ത്രീകള്‍ ഒന്നിച്ച് നൃത്തം ചെയ്ത് ഉറക്കെ പ്രഖ്യാപിക്കും – സ്ട്രൈക്ക് ഡാന്‍സ് റൈസ്. പ്രക്ഷോഭ കൊടുങ്കാറ്റുകളും രക്തരൂക്ഷിത കലാപങ്ങളുമല്ല പരിവര്‍ത്തനത്തിന്റെ പാത തുറക്കുന്നത്, മാറേണ്ടത് മനസ്സാണെന്ന ഭാരതീയ സങ്കല്പ്പത്തിലേക്ക് ലോകം തിരിച്ചുവരികയാണ്. നേരിന്റെ നേര്‍ക്കാഴ്ച ഉള്‍ക്കൊണ്ട് അഹം വെടിയണമെന്ന തത്വത്തെ പുനരാവിഷ്ക്കരിക്കുകയാണ് ന്യൂയോര്‍ക്ക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വണ്‍ ബില്യണ്‍ റൈസിംഗ് എന്ന സ്ത്രീ കൂട്ടായ്മ.
രാഷ്ട്രീയ സാമൂഹിക വ്യത്യാസമില്ലാതെയുള്ള സ്ത്രീസംഘടനകളുടെ കലാകൂട്ടായ്മയാണ് വണ്‍ ബില്യണ്‍ റൈസിംഗ്. ലൈംഗികതയുടെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ലോകത്താകമാനമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഈവ് എന്‍സ്ലര്‍ വിഭാവന ചെയ്ത അദ്ധ്യാത്മികതയിലൂന്നിയ പ്രതിഷേധ പ്രചാരണമെന്നും ഇതിനെ പറയാം. അടുത്തമാസം 14 നാണ് നൂറ് കോടി സ്ത്രീകള്‍ തെരുവില്‍ പാട്ട് പാടി നൃത്തം വച്ച് സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കുമെതിരെയുള്ള അക്രമങ്ങളോട് പ്രതികരിക്കുന്നത്. നൂറ് കോടി സ്ത്രീകള്‍ നിരത്തിലിറങ്ങി നൃത്തം ചവിട്ടിയാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അവസാനിക്കുമോ എന്ന ചോദ്യത്തിന് സഹനപര്‍വം പിന്നിട്ട പെണ്ണിന്റെ തിരിച്ചുവരവിന്റെ ആദ്യപടിയെന്ന് ഉത്തരം നല്‍കും സംഘാടകര്‍.
വീടോ തെരുവോ ഓഫീസോ അതുമല്ലെങ്കില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സോ വേട്ടക്കാരന് സുരക്ഷിത താവളമായി തുടരുമ്പോള്‍ പീഡനക്കഥകള്‍ക്ക് പ്രസക്തിയില്ലാതാകും. എത്ര ശക്തമായ നിയമത്തിനും സ്പര്‍ശിക്കാനാകാത്തവിധം കാമാന്ധന്മാര് മാന്യതയുടെ പകലുകളില്‍പ്പോലും കറങ്ങിനടക്കും. പിന്നെ, പീഡനക്കഥകള്‍ കേട്ടുമടുത്ത ജനം മാനം നഷ്ടമായ പെണ്ണിനോട് പുറംതിരിയും. വര്‍ത്തമാനം വിരല്‍ചൂണ്ടി കാട്ടിത്തരുന്ന സത്യങ്ങള്‍ പേടിപ്പിക്കുന്നതാണ്. നഷ്ടപരിഹാരങ്ങള്‍ക്ക് സ്പര്‍ശിക്കാനാകാത്ത പെണ്ണിന്റെ മാനത്തിന് വിലയിടാന്‍ ഒരു സര്ക്കാരിനുമാകില്ലെന്ന തിരിച്ചറിവാണ് വണ്‍ ബില്യണ്‍ റൈസിം ഗിന് പിന്നില്‍.
ഈവ് എന്‍സ്ലര്‍ എന്ന സാമൂഹ്യപ്രവര്‍ത്തകയായ തിയേറ്റര്‍ ആര്‍ട്ടിസ്റ്റിന്റെ ഈ ആശയത്തിന് പിന്നാലെയാണ് ഇപ്പോള്‍ 182 രാജ്യങ്ങള്‍. 27000ത്തിലധികം പ്രമുഖ വ്യക്തികളും 6 കോടിയിലധികം ജനങ്ങളും പതിമൂന്നായിരം സംഘടനകളും തുടക്കത്തില്‍ത്തന്നെ വണ്‍ ബില്യണ്‍ റൈസിംഗിന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി ജീവിക്കാനുള്ള ഞങ്ങളുടെ അവകാശം എന്ന പേരില്‍ ലോകവ്യാപകമായി സ്ത്രീ പ്രശ്നങ്ങളില്‍ അധിഷ്ഠിതമായ ചലച്ചിത്രങ്ങളും ഇവര്‍ പ്രദര്‍ശിപ്പിച്ചു. മൂന്നിലൊരു സ്ത്രീ ജീവിതകാലയളവില്‍ ബലാത്സംഗം ചെയ്യപ്പെടുകയോ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാകുകയോ ചെയ്യുന്നെന്നാണ് വണ്‍ ബില്യണ്‍ റൈസിംഗ് ചൂണ്ടിക്കാട്ടുന്നത്. ആംനെസ്റ്റി ഇന്റര്‍ നാഷണല്‍, ഹ്യൂമന്‍ റൈറ്റ്സ് കാമ്പെയ്ന്, ഇന്‍ര്‍നാഷണല്‍ റെസ്ക്യൂ കമ്മറ്റി തുടങ്ങിയ പ്രമുഖ സംഘടനകളും ദലൈലാമ ഉള്‍പ്പെടെയുള്ള ആധ്യാത്മിക ആചാര്യന്മാരും വണ്‍ ബില്യണ്‍ സംരഭത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പുരാണങ്ങള്‍ പറയുംപോലെ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിന് ലോകത്തെ ചുട്ടുഭസ്മമാക്കാനുള്ള കരുത്തുണ്ടായിരുന്നെങ്കില്‍ ഒരു രാജ്യത്തിനും ആണവായുധങ്ങളുടെ ആവശ്യമുണ്ടാകുകയില്ല. ആയിരം ആണവായുധങ്ങള്‍ക്ക് സാധിക്കാത്ത സംഹാരശക്തി ഉള്ളിലൊളിപ്പിച്ച അപമാനിക്കപ്പെട്ട എത്ര സ്ത്രീജന്മങ്ങളാണ് ലോകത്തിന്റെ ഏത് കോണിലും. അതുകൊണ്ടാവും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളില്‍ ഉറക്കെ പ്രതിഷേധിക്കുന്ന വണ്‍ ബില്യന്‍ റൈസിംഗിന് 186 രാജ്യങ്ങള്‍ക്കൊപ്പം ഇങ്ങ് നമ്മുടെ കൊച്ചുകേരളത്തിലും അരങ്ങൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ സ്ത്രീസംഘടനകളുടെ നേതൃത്വത്തില്‍ വണ്‍ ബില്യന്‍ റൈസിംഗിനായി എല്ലാ ജില്ലകളിലും കലാകൂട്ടായ്മകള്‍ സംഘടിപ്പിക്കും. കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇതിനായി വന്‍പദ്ധതികളാണ് തയ്യാറാകുന്നത്. ശരീരത്തിന്റെ പേരില്‍ സ്വപ്നങ്ങളും ജീവിതവും നഷ്ടമാകുന്ന പെണ്ണിന്റെ നൊമ്പരത്തിന് അതിര്‍ത്തിയില്ലെന്ന സന്ദേശമാണ് വണ്‍ ബില്യണ്‍ റൈസിംഗ് പകര്ന്നുനല്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ ഒരു മാറ്റമാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്ട്രൈക്ക് ഡാന്‍സ് റൈസ് എന്ന മുദ്രാവാക്യത്തിനൊപ്പം ചുവടുവയ്ക്കാന്‍ ലോകത്തെ മുഴുവന്‍ സ്ത്രീകളോടും ഇവര്‍ ആഹ്വാനം ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് ഈവ് എന്‍സ്ലര്‍ വണ്‍ ബില്യണ്‍ റൈസിംഗുമായി മുന്നോട്ട് വന്നത്. എന്നാല്‍ ഇന്ത്യയില്‍ ആ ആശയത്തിന് കൂടുതല്‍ സ്വീകാര്യത നല്‍കിയത് നിര്‍ഭാഗ്യവതിയും ധീരയുമായ ദല്‍ഹി പെണ്‍കുട്ടിയാണ്. ദല്‍ഹി കൂട്ടമാനഭംഗവും അനുബന്ധ പ്രക്ഷോഭങ്ങളും രാജ്യത്തെ പിടിച്ചുകുലുക്കിയിരുന്നില്ലെങ്കില് ഒരു പക്ഷേ ഫെമിനിസ്റ്റുകളുടെ പതിവ് പരിപാടിയായി വണ്‍ ബില്യന്‍ റൈസിംഗ് രാജ്യത്ത് അവഗണിക്കപ്പെട്ടുപോകുമായിരുന്നു. സംഘാടകര്‍ ആരായിരുന്നാലും കൊടികളുടെ നിറമെന്തായായിരുന്നാലും ഇത് ഞങ്ങളുടെ പ്രശ്നമെന്ന വൈകാരികത വണ്‍ ബില്യണ്‍ റൈസിംഗിന് കൂടുതല്‍ ജനസ്വീകാര്യത നല്‍കുകയാണ്. ആക്രമിക്കപ്പെടുന്നത് എന്റെ പെങ്ങളും മകളുമാണെന്ന ഹൃദയവിശാലതയുള്ള പുരുഷന്മാരും ഈ പ്രചാരണത്തിന്റെ ഭാഗമാകുന്നു. ഒരു വിഭാഗം ചെയ്യുന്ന തെറ്റിന്റെ പേരില്‍ പുരുഷ സമൂഹത്തെ മാറ്റിനിര്‍ത്തി ചോദ്യംചെയ്യുന്നതിലെ അപാകത ചൂണ്ടിക്കാട്ടി നൂറുകണക്കിന് പുരുഷന്മാരാണ് വണ്‍ ബില്യണ്‍ റൈസിംഗിന്റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.
സംഹാരതാണ്ഡവങ്ങള്ക്കിടയില് ദൈവികമായൊ രു നിശബ്ദത, ലോകത്തെ പ്രകമ്പനം കൊള്ളിക്കുന്ന ചില പദചലനങ്ങള്‍. നിസ്സഹായതയുടെയും നിരാലംബതയുടെയും ഇരുള്‍വഴികള്‍ ഉപേക്ഷിച്ച് അപാരമായ ഊര്ജ്ജപ്രവാഹത്തിലേക്ക് നടന്നടുക്കാനുള്ള ആഹ്വാനമാണ് വണ്‍ ബില്യണ്‍ റൈസിംഗ്. ദുരന്തങ്ങളുടെ ഭൂതകാലം ചുരണ്ടിക്കളഞ്ഞ് സ്നേഹസാന്ത്വനങ്ങളിലൂടെ വഴികാട്ടി, ശാക്തീകരണത്തിലേക്കൊരു പറിച്ചുനടലാണിത്. അവസാന പ്രതീക്ഷയും അസ്തമിക്കുന്ന മിഴികളില്‍ വിശ്വാസത്തിന്റെ തുള്ളിവെളിച്ചം, നിസ്സഹായതയുടെ കീഴ്പ്പെടലുകളില്‍ പ്രതിരോധത്തിന്റെ ഉരുക്കുശക്തി, ഇരുളിലേക്കല്ല വെളിച്ചത്തിലേക്കാണ് യാത്രയെന്ന് ഓര്‍മപ്പെടുത്തല്‍. വേട്ടനായിന്റെ ക്രൗര്യത്തിന് ഇരയാകുന്നവരുടെ നിസ്സഹായതയിലേക്ക് ഒരുകോടി മനസ്സിന്റെ പ്രാര്‍ത്ഥന പെയ്തിറങ്ങുകയാണ്. ലോകം മുഴുവന്‍ നിശബ്ദം അവള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ അദൃശ്യമായൊരു ശക്തിസാന്നിധ്യം. വാക്കുകളെ കൊല്ലുന്ന കരങ്ങളെ തട്ടിമാറ്റി ശരീരം ഭോഗവസ്തുവല്ലെന്ന ശക്തമായ താക്കീതുമായി അവള് പുറത്തുവരും- മൂന്ന് മിനിട്ട് നീളുന്ന വണ്‍ ബില്യണ്‍ റൈസിംഗ് എന്ന ഹ്രസ്വചിത്രത്തിലൂടെയും ഈവ് എന്‍സ്ലര്‍ എന്ന ന്യൂയോര്‍ക്കുകാരി ലോകത്തോട് തന്റെ പ്രതീക്ഷ പങ്കുവയ്ക്കുകയാണ്. പതിവ് ഫെമിനിസ്റ്റ് കാഴ്ച്ചപ്പാട് വിട്ട് പക്വമായ വഴിയാണ് ഈവ് എന്‍സ്ലര്‍ തെരഞ്ഞെടുത്തത്. ഉണരേണ്ടത് ഉള്ളില്‍ നിന്നെന്ന ഉപനിഷദ് തത്വത്തെ അന്വര്‍ത്ഥമാക്കുന്ന പ്രചാരണങ്ങളാണ് വണ്‍ ബില്യന്‍ റൈസിംഗ് മുന്നോട്ട് വയ്ക്കുന്നത്. അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാം, നൂറു കോടി മനസ്സുകളുടെ പ്രാര്‍ത്ഥനക്ക് ഫലമുണ്ടാകാതിരിക്കില്ലെന്ന്. കാത്തിരിക്കാം അഹംബോധത്തിന്റെ കൂടുപൊളിച്ചെറിഞ്ഞ് പെണ്മനസ്സുകള് പ്രതികരിക്കുന്ന ദിവസത്തിനായി.
** രതി. എ. കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: