ഏതെങ്കിലും കാലത്തു സംഘപ്രചാരകന്മാരായിരുന്നവര് എത്രയുണ്ട്? കേരളത്തില്‍ തന്നെ ആയിരത്തിലേറെപ്പേരുണ്ടാവണം. അവരൊക്കെ പ്രചാരക ജീവിതം അവസാനിച്ചശേഷം എന്തു ചെയ്യുന്നു എങ്ങനെ ജീവിക്കുന്നു; അവര്‍ സംഘത്തിന്റെയോ പരിവാര്‍ പ്രസ്ഥാനങ്ങളുടെയോ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും വിധത്തില്‍ സഹായകമാകുന്നുണ്ടോ മുതലായ കാര്യങ്ങള്‍ ആര്‍ക്കറിയാം? ആറേഴുവര്‍ഷങ്ങള്‍ക്കുമുമ്പ് പഴയ മലബാര്‍ പ്രചാരകനും; പിന്നീട് വിശ്വഹിന്ദു പരിഷത്തിന്റെ അഖിലഭാരത സംഘടനാ കാര്യദര്‍ശി, ഓര്‍ഗനൈസര്‍ വാരികയുടെ സംഘാടകന്‍ തുടങ്ങി നിരവധി ചുമതലകള്‍ വഹിച്ചിരുന്ന ശങ്കര്‍ ശാസ്ത്രിജി അയച്ച ഒരു കത്തില്‍ ഇക്കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. വിശേഷിച്ചും ഒന്നുരണ്ടു മുന്പ്രചാരകന്മാരെ പേരെടുത്തു പരാമര്‍ശിച്ചുകൊണ്ട് അവര്‍ തീരെ അവഗണനയിലാണെന്നും വളരെ ദുരിതമനുഭവിക്കുന്നുവെന്നും ധരിച്ച് അക്കാര്യം അന്വേഷിച്ചറിയിക്കാന്‍ താല്‍പ്പര്യം കാട്ടി അതിന് ഞാന്‍ മറുപടി അയച്ചത് കിട്ടുന്നതിന് മുമ്പുതന്നെ, അദ്ദേഹം അപ്രകാരം കത്തെഴുതി അന്വേഷിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കിക്കൊണ്ടും താന്‍ സംശയിച്ചത് ശരിയായിരുന്നില്ലെന്നും പരാമൃഷ്ടരായവരുടെ സൗകര്യങ്ങള്‍ നോക്കാന്‍ സംഘാധികാരിമാര്‍ വ്യവസ്ഥ ചെയ്തതറിയാന്‍ കഴിഞ്ഞുവെന്നും കാണിച്ചുകൊണ്ടും കത്തെഴുതി. ശാസ്ത്രിജി ഔപചാരികമായി പ്രചാരകനല്ലാതായിട്ടും പഴയ സമ്പര്‍ക്കങ്ങളെല്ലാം അഭംഗുരം തുടര്‍ന്നുവന്നു. അദ്ദേഹം സമ്പര്‍ക്കം നിലനിര്‍ത്തുന്ന രീതിയും കൗതുകകരമായിരുന്നു. ഒരാളെ പരിചയപ്പെട്ടാല്‍ ഒരു പോസ്റ്റ് കാര്‍ഡില്‍ അയാളുടെ മേല്‍ വിലാസം എഴുതിവാങ്ങി അതില്‍ പിന്നീട് എപ്പോഴെങ്കിലും കത്തെഴുതുമായിരുന്നു.
കേരളത്തിലെ മുന്‍ പ്രചാരകന്മാര് ഒരുമിക്കുന്ന സമാഗമങ്ങള്‍ എല്ലാക്കൊല്ലവും വിഭാഗ് തലത്തിലോ, പ്രാന്തീയ തലത്തിലോ നടക്കാറുണ്ട്. ഇക്കൊല്ലം ജനുവരി 12 ന് മുന്‍ പ്രാന്തപ്രചാരകനും, വനവാസി കല്യാണാശ്രമത്തിന്റെ അഖിലഭാരതീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ഭാസ്കര്‍ റാവുജിയുടെ അനുസ്മരണ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി എളമക്കരയില്‍ നിര്‍മിച്ച സഭാഗൃഹത്തില്‍ ചേരുകയുണ്ടായി. അന്നുതന്നെ സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തിയുമായിരുന്നു.
ആ സംഗമത്തില്‍ നൂറുകണക്കിന് പഴയ സഹപ്രവര്‍ത്തകരെ കാണാന്‍ കഴിഞ്ഞു. ഭാസ്കര്‍ റാവു അനുസ്മരണച്ചടങ്ങോടുകൂടിയാണ് പരിപാടി ആരംഭിച്ചത്. അറുപത് വര്‍ഷത്തിലേറെക്കാലമായി എറണാകുളത്തെ സംഘപ്രവര്‍ത്തനത്തില്‍ അചഞ്ചലമായ നിഷ്ഠ പുലര്‍ത്തിവരുന്ന ഡി.അനന്തപ്രഭു ഹൃദയസ്പൃക്കായ ഭാഷയില്‍ ഭാസ്കര്‍ റാവുവുമായി തനിക്കുള്ള അനുഭവങ്ങളെ വിവരിച്ചു. 1956 ല്‍ ഞാന്‍ പ്രഥമവര്ഷശിക്ഷണത്തിനായി ചെന്നൈയിലേക്ക് പോകുന്ന അവസരത്തില്‍ എറണാകുളത്തെത്തിയ എന്നെ ബസ് സ്റ്റാന്റില്‍നിന്ന് അന്ന് പത്മാ ടാക്കീസിനെതിര്വശത്തുണ്ടായിരുന്ന കാര്യാലയത്തില്‍ കൊണ്ടുപോയതും പരിചയമില്ലാത്ത ആ നഗരത്തില്‍ നോര്‍ത്ത് സ്റ്റേഷനില്‍ പോയി കൊച്ചിന് എക്സ്പ്രസില്‍ യാത്ര ചെയ്യാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്കിയതും അദ്ദേഹമായിരുന്നു. ഭാസ്കര്‍റാവുവിന്റെ അന്യാദൃശമായ സ്നേഹവാത്സല്യങ്ങളും മാനുഷിക സമീപനവും കൊണ്ട് സ്വന്തം ജീവിത ദൗത്യം കണ്ടെത്തിയ പ്രചാരകന്മാരല്ലാത്ത ഒട്ടേറെപേര്‍ അന്നത്തെ ചടങ്ങില്‍ പങ്കെടുത്തു.
മുന്‍ പ്രചാരകന്മാരില് എല്ലാവരെയും നേരിട്ട് കണ്ട് പരിചയം പുതുക്കി കുശലാന്വേഷണം നടത്താന്‍ വേണ്ടത്ര സമയവും ഇടവും കിട്ടിയില്ല എന്നത് ഒരു ഇച്ഛാഭംഗമായി. അക്കൂട്ടത്തില്‍ കാണാന്‍ കഴിയുമെന്ന് ആശിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തിരുന്ന ചിലരെപ്പറ്റി ഓര്‍ക്കാന്‍ മാത്രമേ കഴിഞ്ഞുളളൂ. ഒന്നാമതായി ഓര്‍ത്തത് കെ.രാമചന്ദ്രന് കര്‍ത്താ എന്ന കര്ത്താസാറിനെയാണ്. അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞില്ല. ഞാന്‍ 1951 ല്‍ വിദ്യാര്‍ത്ഥിയായി തിരുവനന്തപുരത്തെത്തിയപ്പോള്തന്നെ കര്‍ത്താസാര്‍ വിദ്യാഭ്യാസം കഴിഞ്ഞ് പ്രചാരകനായി പോയിരുന്നു. പരമേശ്വര്‍ജിയും അങ്ങനെതന്നെ. അവരെപ്പറ്റി തിരുവനന്തപുരം സ്വയംസേവകര്‍ അഭിമാനാദരങ്ങളോടെ സംസാരിക്കുമായിരുന്നു. രണ്ടുപേരെയും കാണാന്‍ എനിക്കവസരമുണ്ടായത് അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ്.
പരമേശ്വര്‍ജിയെ 1956 ലെ സംഘശിക്ഷാ വര്‍ഗില്‍ ഞങ്ങളുടെ ബൗദ്ധിക് പ്രമുഖ് ആയിട്ടാണ് കണ്ടത്. കേട്ടറിഞ്ഞു പ്രതിഷ്ഠിതമായ രൂപം മനസ്സില്‍ ഉറയ്ക്കാന്‍ ഒരുമാസത്തെ ഒ.ടി.സി ക്കാലം ധാരാളമായി. കര്‍ത്താസാറിനെ നേരില്‍ കാണാന്‍ പിന്നെയും മാസങ്ങള്‍ വേണ്ടിവന്നു. 1956 അവസാനം കോട്ടയം ജില്ലയിലെ ആനിക്കാട് ശ്രീവിവേകാനന്ദ സ്മാരക ഹൈസ്കൂളില്‍ നടന്ന ഹേമന്ത ശിബിരത്തിലായിരുന്നു അത്. പിന്നീട് കണ്ണൂരില്‍ പ്രചാരകനായിരിക്കെ വില്‍പ്പന നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായി അവിടെ വരികയും കുടുംബസഹിതം തളാപ്പിലെ രാഷ്ട്രമന്ദിരമെന്ന കാര്യാലയത്തില്‍ ഏതാനും ദിവസം താമസിക്കുകയും ചെയ്തു.
കര്ത്താസാറിലെ സഹൃദയനെ ശരിക്കും നേരിട്ടറിഞ്ഞതന്നായിരുന്നു. തലശ്ശേരിയിലും വടകര നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര, മേപ്പയൂര്‍, പയ്യോളി മുതലായ സ്ഥലങ്ങളിലും പ്രചാരകനായി അദ്ദേഹവുമായി ബന്ധപ്പെട്ട എത്രയോ സ്വയംസേവകര്‍ക്കും മറ്റുള്ളവര്‍ക്കും കര്‍ത്താസാര്‍ അങ്ങേയറ്റത്തെ സ്നേഹാദരങ്ങള്ക്കര്ഹനായിരുന്നു. സംഘവുമായി അത്ര അടുപ്പമില്ലാതിരുന്ന ഒരു കുഞ്ഞിക്കേളുക്കുറുപ്പ് 2002 ല്‍ യദൃച്ഛയാ കാണാന്‍ ഇടയായ അവസരത്തിലും അദ്ദേഹത്തെ അന്വേഷിച്ചിരുന്നു. കര്ത്താസാറുമായി അഞ്ചുമിനിട്ട് സംസാരിച്ചാല്‍ എന്തെങ്കിലും ഒരു പുതിയ ആശയം നമുക്കു കിട്ടുമായിരുന്നു. അദ്ദേഹത്തെ എറണാകുളം സംഗമത്തില്‍ കാണാന്‍ കഴിയാതിരുന്നത് വലിയ നഷ്ടമായി. അഞ്ചുപതിറ്റാണ്ടുകള്‍ക്ക് മുമ്പ് പ്രചാരകനെന്ന നിലയ്ക്ക് മധ്യകേരളത്തില്‍ പ്രവര്‍ത്തിക്കുകയും നൂറുകണക്കിന് നല്ല സ്വയംസേവകരെ വളര്‍ത്തിയെടുക്കുകയും പാട്ടിലും പ്രഭാഷണത്തിലും കൂടി ആയിരക്കണക്കിനാളുകള്‍ക്ക് ആവേശവും പ്രചോദനവും നല്കിയ രാധാകൃഷ്ണ ഭട്ടിനെയും കാണാന്‍ കഴിയുമെന്ന് വിചാരിച്ചു. ഭാസ്കര്‍റാവുജിയുടെ പ്രത്യേക വാത്സല്യം അനുഭവിച്ചിരുന്ന അദ്ദേഹം ചടങ്ങുകളുടെ തുടക്കത്തിലെ അനുസ്മരണത്തിനുശേഷം നടന്ന പരിപാടികള്‍ക്ക് ഇരുന്നില്ല എന്നു പിന്നീടറിഞ്ഞു.
സംഘസന്ദേശമെത്തിക്കാന്‍ ആസം നാഗലാന്‍ഡ് മുതലായ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും നേപ്പാള്‍, അന്തമാന്‍, ബിഹാര്‍, മധ്യപ്രദേശ്, പഞ്ചാബ് മുതലായ വിദൂരസ്ഥലങ്ങളിലേക്കും പോയി പ്രവര്‍ത്തിച്ചവര്‍ ഒത്തുചേര്‍ന്നപ്പോള്‍ അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ അവസരമുണ്ടായി.
വളരെക്കാലങ്ങള്‍ക്കുശേഷം പാനൂര്‍ക്കാരന്‍ മനോഹരനുമായി സംസാരിക്കാന്‍ അവസരം ലഭിച്ചു. അദ്ദേഹം സമാഗമത്തില്‍ മനസ്സു തുറക്കാന്‍ എണീറ്റപ്പോള്‍ എനിക്ക് ആളെ മനസ്സിലായില്ല. 1967 ന് ശേഷം കൂത്തുപറമ്പ്, പാനൂര്‍, ഭാഗങ്ങളില്‍ സംഘത്തിന്റെയും ജനസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ വേരുപിടിച്ചുവരുന്നതു കണ്ടപ്പോള്‍ വിറളി പിടിച്ച പിഎസ്പി നേതാവ് പി.ആര്.കുറുപ്പിന്റെ രോഷത്തിന് ഇരയായ കുടുംബമായിരുന്നു മനോഹരന്റേത്.
അദ്ദേഹത്തിന്റെ അച്ഛന് ഗോവിന്ദന് കുട്ടിക്കുറുപ്പിനും മറ്റു കുടുംബാംഗങ്ങള്‍ക്കും സ്വന്തം വീട്ടില്‍ താമസിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. ഒരിക്കല്‍ കെ.ജി.മാരാരുമൊരുമിച്ച് ആ വീട്ടില്‍ ചെന്നപ്പോള്‍ ആക്രമിക്കപ്പെട്ട വീടും വെട്ടി നശിപ്പിക്കപ്പെട്ട ഫലവൃക്ഷങ്ങളും വാഴകളും പച്ചക്കറിത്തോട്ടവും മറ്റും കണ്ട് മനുഷ്യന്റെ രാഷ്ട്രീയവിരോധം ഇത്രയ്ക്ക് ക്രൂരരൂപം കൈക്കൊള്ളുമോ എന്ന് അത്ഭുതപ്പെട്ടുപോയി. ആ വീടും പറമ്പും ഉപേക്ഷിച്ച് അവര്‍ക്ക് കൂത്തുപറമ്പിലും തലശ്ശേരിയിലുമായി കഴിയേണ്ടിവന്നിരുന്നു. കുറുപ്പിന്റെ ഉറപ്പ് കുറഞ്ഞപ്പോള്‍, അവരെ വേട്ടയാടാന്‍ പുറപ്പെട്ടത് മാര്‍ക്സിസ്റ്റ് കാരായി.
മനോഹരന് പതിനാറുവര്‍ഷം പ്രചാരകനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തിച്ചു. അതിനിടെ പ്രാന്തീയ ഘോഷ്പ്രമുഖനായും പ്രവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷം ദീനദയാല്‍ ജന്മദിനത്തോടനുബന്ധിച്ച് കണ്ണൂര്‍ജില്ലയില്‍ അടിയന്തരാവസ്ഥയ്ക്ക് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന സംഘ, ജനസംഘ പ്രവര്‍ത്തകരുടെ ഒരു കൂട്ടായ്മ കൂത്തുപറമ്പില്‍ ഏര്‍പ്പാട് ചെയ്തിരുന്നു. അതില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍, അവിടെ കാണാന്‍ കഴിയാത്തവരില്‍ പ്രമുഖന് മനോഹരനാണെന്ന് ഓര്‍മിച്ചു. അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല എന്ന മറുപടിയാണ് കിട്ടിയത്. എറണാകുളത്ത് കണ്ടപ്പോള്‍ അന്നത്തെ മനസ്താപം മാറിക്കിട്ടി.
എന്തെല്ലാം തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പഴയപ്രചാരകര് എന്നുകേട്ടപ്പോള്‍ വിസ്മയം തോന്നി. ആളുകളുടെ ആകൃതിയും പ്രകൃതിയും മാറിക്കഴിഞ്ഞു. അവരില്‍ സ്വയംസേവകത്വം സുപ്ത രൂപത്തിലാണെങ്കിലും ഉണ്ട്. കാലനില്ലാത്ത കാലത്തെപ്പറ്റി കുഞ്ചന്‍ നമ്പ്യാര്‍ വിവരിക്കുന്ന രണ്ടുവരികളപ്പോള് ഓര്‍മയില്‍ വന്നു. “കണ്ണു കാണാത്തവര്‍ കാതുകേളാത്തവര് നന്നേ കിണ്ണനേക്കാള്‍ മിനുപ്പുള്ള കഷണ്ടിക്കാരേറെയുണ്ട്.
എല്ലാവരുടേയും പ്രസന്നവും സ്നേഹനിര്‍ഭരവുമായ മുഖം കണ്ടപ്പോള്‍ ഉണ്ടായ പരമാനന്ദം വര്‍ണിക്കാന്‍ വയ്യ.
** പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: