വാഷിങ്ങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്മാന് ഹെഡ്ലിക്ക് 35 വര്‍ഷം തടവ്. ചിക്കാഗോ ഫെഡറല്‍ കോടതിയുടേതാണ് ഉത്തരവ്. മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ ലഷ്കര്‍ ഇ തൊയ്ബയെ സഹായിച്ചത് ഉള്‍പ്പടെയുള്ള 12 കുറ്റങ്ങള്‍ക്കാണ് ശിക്ഷ.
ജനങ്ങളെ ഹെഡ്ലിയില്‍ നിന്ന് രക്ഷിക്കേണ്ട ബാധ്യത തനിക്കുണ്ടെന്ന് വിധി പ്രസ്താവത്തില്‍ ജഡ്ജി ഹാരി ഡി. ലീനന്വെബര് പറഞ്ഞു. മാറ്റം വന്ന മനുഷ്യനാണെന്ന് പാക്-അമേരിക്കന്‍ ഭീകരന് പറയുന്നുണ്ടെങ്കിലും തനിക്കതില്‍ വിശ്വാസമില്ല. ഹെഡ്ലി തിരുത്താന്‍ സാധ്യതയില്ലെന്നും ജഡ്ജി നിരീക്ഷിച്ചു.
ഇത്തരം ശിക്ഷകള്‍ കൊണ്ട് തീവ്രവാദികളെ പിന്തിരിപ്പിക്കാമെന്ന പ്രതീക്ഷയില്ല. ഭീകരര്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഹെഡ്ലിയില്നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടതും, ഇനി അയാള്‍ ഭീകര പ്രര്‍ത്തനം നടത്തില്ലെന്ന് ഉറപ്പാക്കേണ്ടതും കോടതിയുടെ ഉത്തരവാദിത്വമാണ്. 35 വര്‍ഷം തടവല്ല ഇയാള്‍ക്കുള്ള ശരിയായ ശിക്ഷ. എങ്കിലും സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിക്കുകയാണെന്നും ജഡ്ജി വ്യക്തമാക്കി.
വധശിക്ഷ ഒഴിവാക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ ഹെഡ്ലി തീവ്രവാദ പദ്ധതികള്‍ സംബന്ധിച്ച നിരവധി വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ ശിക്ഷയായ 35 വര്‍ഷം തടവ് യു.എസ് സര്‍ക്കാരിന്റെ അഭിഭാഷകര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍, ജീവപര്യന്തം തടവെങ്കിലും ആവശ്യപ്പെടാത്തതില്‍ കോടതിക്കുള്ള അതൃപ്തി വിധിയില്‍ വ്യക്തമാണ്. ഹെഡ്ലി കൈമാറിയ വിവരങ്ങളുടെ ബാഹുല്യം കണക്കിലെടുത്ത് ശിക്ഷ വീണ്ടും കുറയ്ക്കണമെന്നായിരുന്നു ഇയാളുടെ അഭിഭാഷകരുടെ വാദം.
അമ്പത്തിരണ്ടുകാരനായ ഹെഡ്ലി 35 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനായാലും തുടര്‍ന്നുള്ള കാലം നിരീക്ഷണത്തില്‍ തന്നെയായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹെഡ്ലിയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിലും അന്വേഷണത്തിലും യുഎസ് ഏജന്‍സികളോട് സഹകരിക്കുന്നതിനാല്‍ ഹെഡ്ലിയെ കൈമാറാറാനാവില്ലെന്നാണ് യുഎസ് അറ്റോര്‍ണി ഗാരി. എസ്. ഷാപിറോ ഷിക്കാഗോ കോടതിയെ അറിയിച്ചത്.
ശിക്ഷ വിധിച്ചതോടുകൂടി ഈ സാധ്യത തികച്ചും ഇല്ലാതായി. അന്വേഷണത്തോട് സഹകരിച്ചതിനാല്‍ തന്നെയാണ് വധശിക്ഷ എന്ന ആവശ്യവും പ്രോസിക്യൂഷന് ഉന്നയിക്കാതിരുന്നത്. നേരത്തേ ഹെഡ്ലിയുടെ കൂട്ടാളിയായ തഹാവൂര്‍ ഹുസൈന് റാണയ്ക്ക് 14 വര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇപ്പോള്‍ യുഎസ് കസ്റ്റഡിയിലുള്ള പാക്കിസ്ഥാന് വംശജനായ അമേരിക്കന്‍ പൗരന് ഹെഡ്ലിയെ ഇന്ത്യക്ക് കൈമാറണമെന്ന് നാളുകളായി ആവശ്യപ്പെട്ടു വരികയായിരുന്നു. ഹെഡ്ലിക്കും മറ്റ് എട്ടു പേര്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞ ഫെബ്രുവരിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ഹെഡ്ലിക്കു പുറമെ സഹായി തഹാവൂര്‍ റാണ, ലഷ്കറി തൊയിബ സ്ഥാപകന്‍ ഹാഫിസ് സയിദ്, പാകിസ്ഥാന് സൈനിക ഓഫിസര്‍മാരായ ഇക്ബാല്‍, മേജര്‍ സമീര്‍ അലി, അല്‍ ഖ്വയിദ ഭീകരന് ഇല്യാസ് കശ്മീരി, ഹെഡ്ലിയുടെ സഹായി സജിദ് മാലിക്, പാകിസ്ഥാന് മുന്‍ സൈനിക ഓഫിസര്‍ അബ്ദുള്‍ റഹ്മാന് ഹാഷ്മി, സാകിയുര്‍ റഹ്മാന് ലഖ്വി എന്നിവരെ പ്രതി ചേര്‍ത്താണ് കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: