മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ തടവു ശിക്ഷ ലഭിച്ച ഫ്രഞ്ച് വനിതയെ കോടതി വെറുതെ വിട്ടു. 60 വര്‍ഷത്തെ ജയില്‍ ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഫ്ളോറന്‍സ് കാസസിനെയാണു മെക്സിക്കന്‍ സുപ്രീം കോടതി വെറുതെ വിട്ടത്.
സുപ്രീം കോടതിയിലെ വിചാരണയ്‌ക്കിടെ കേസില്‍ നിരവധി ക്രമക്കേടുകള്‍ നടന്നതായി തെളിഞ്ഞു. ഇതേത്തുടര്‍ന്ന് ഇവര്‍ നിരപരാധിയാണെന്നു കണ്ടെത്തി. കേസില്‍ നിരപരാധിയാണെന്ന് ഫ്ളോറന്‍സ് പലതവണ വ്യക്തമാക്കിയിരുന്നു. അഞ്ചു പേരുള്ള സുപ്രീം കോടതി ബെഞ്ചില്‍ മൂന്നു ജഡ്ജിമാര്‍ ഫ്ളോറന്‍സിനെ വെറുതെ വിടണമെന്ന് തീരുമാനമെടുത്തു.
96 വര്‍ഷം തടവു ശിക്ഷയായിരുന്നു കീഴ് കോടതി ആദ്യം വിധിച്ചത്. പിന്നീടത് 60 കൊല്ലമായി ചുരുക്കി. ഫ്ളോറന്‍സിനെ വിട്ടു നല്‍കാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ പലതവണ മെക്സിക്കന്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മെക്സിക്കന്‍ സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല. സംഭവം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ പ്രതികൂലമായി ബാധിച്ചു.
മെക്സിക്കന്‍ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വ ഒളന്ദ പ്രതികരിച്ചു. കോടതി വിധിയെ അംഗീകരിക്കുന്നതായി മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍ റിക് പെന നീറ്റൊ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: