തിരുവനന്തപുരം : അറസ്റ്റ് ചെയ്യുന്നതിനു മുമ്പുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെ രാത്രിയില്‍ അറസ്റ്റ് നടത്തിയ സംഭവത്തില്‍ എതിര്‍കക്ഷികളായ രണ്ട് പോലീസ് ഉദ്യോസ്ഥര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടു. വലിയതുറ എസ്ഐ ഷാജിന് ലൂയിസും എഎസ്ഐ ആയിരുന്ന വിജയനും നെയ്യാറ്റിന്‍കര കഴിവൂരിലെ ജയകുമാര്‍, ബന്ധുവായ മധു എന്നിവര്‍ക്ക് 50,000 രൂപവീതം നല്‍കാനാണ് കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് ജെ. ബി. കോശിയുടെ ഉത്തരവ്.2012 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം മോഷണ കേസില്‍ കുറ്റവാളികളെന്ന് സംശയിച്ച് രാത്രി രണ്ട് മണിക്ക് വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് അകാരണമായി മര്‍ദ്ദിച്ചതായി പരാതിക്കാരായ ജയകുമാറും മധുവും കമ്മീഷനെ ബോധിപ്പിച്ചു. പരാതി അന്വേഷിച്ചു കമ്മീഷന്റെ അന്വേഷണവിഭാഗം റിപ്പോര്‍ട്ടുകള്‍ നല്കി. അന്വേഷണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പാലിക്കുന്നതില്‍ എതിര് കക്ഷികള്‍ പരാജയപ്പെട്ടെന്നും പരാതിക്കാരുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. പരാതിക്കാര്‍ ക്രിമിനല്‍ കേസില്‍ പ്രതികളല്ലെന്നും കുറ്റം ചെയ്തിട്ടില്ലെന്നും എതിര്‍കക്ഷികള്‍ തന്നെ സമ്മതിച്ചു.ഒരു കേസിലും പ്രതികളില്ലാത്ത പരാതിക്കാരെ അവര്‍ താമസിക്കുന്ന സ്ഥലത്തിന്റെ അധികാര പരിധിയിലുള്ള പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസറെപോലും അറിയിക്കാതെ രാത്രിയില്‍ അറസ്റ്റ് ചെയ്യേണ്ട ആവശ്യമില്ലായിരുന്നുവെന്ന് കണ്ടെത്തിയ കമ്മീഷന്, രാത്രിയില്‍ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യണമെങ്കില്‍ ഗൗരവമായ ഏതെങ്കിലും കുറ്റം ചെയ്തു എന്ന് പ്രഥമ ദൃഷ്ട്യാ ഉള്ള തെളിവുണ്ടായിരിക്കണമെന്നും അല്ലെങ്കില്‍ ഇവര്‍ സ്ഥിരം കുറ്റവാളികളായിരിക്കണമെന്നും നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: