ന്യൂദല്‍ഹി: വീണ്ടും ബിജെപി ദേശീയ അധ്യക്ഷപദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രാജ്നാഥ്സിംഗ് തന്റെ പരിചിതമായ രാഷ്ട്രീയ തട്ടകത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി അഭിമുഖീകരിച്ചത് രാജ്നാഥിന്റെ നേതൃത്വത്തിലായിരുന്നു. 61 കാരനായ ഉത്തര്‍പ്രദേശില്‍ നിന്നുള്ള സിംഗ് പൊതുവെ മൃദുഭാഷിയും എന്നാല്‍ സൂക്ഷ്മദൃക്കുമായ നേതാവാണ്.
ബിജെപിയുടെ ചെങ്കോല്‍ 2009ലാണ് രാജ്നാഥ് ഗഡ്കരിക്കു കൈമാറിയത്. 2014ലും രാജ്നാഥിന്റെ നേതൃത്വത്തിലായിരിക്കും പാര്‍ട്ടി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടുക. പൊതുവെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന് വഴങ്ങാത്ത എന്നാല്‍ രാഷ്ട്രീയ എതിരാളികളാല്‍ പോലും ആദരിക്കപ്പെടുന്ന ഉന്നത വ്യക്തിത്വമാണ് രാജ്നാഥ്. അഴിമതി, സ്വജനപക്ഷപാതം തുടങ്ങിയ ആരോപണങ്ങള്‍ അദ്ദേഹത്തിനെ തൊട്ടുതീണ്ടുക പോലും ചെയ്തിട്ടില്ല.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി രാഹുല്‍ഗാന്ധി അവരോധിതനായി ദിവസങ്ങള്‍ക്കുള്ളില്‍ ബിജെപി രാജ്നാഥ് സിംഗിനെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് നിയോഗിച്ചത് രാഷ്ട്രീയവൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബിജെപിക്കുള്ളില്‍ സര്വസമ്മതനെന്ന വിശേഷണത്തിന് അര്‍ഹനായ നേതാവാണ് രാജ്നാഥ്. കോണ്‍ഗ്രസിനെതിരെ ബിജെപിയെ എങ്ങനെ പോരാട്ടത്തിന് തയ്യാറാക്കുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.
ഭൗതികശാസ്ത്ര അധ്യാപകനില്‍ നിന്നും രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ക്രമബദ്ധവും അച്ചടക്കപൂര്ണവുമായിരുന്നു. 2006-2009 കാലത്ത് പാര്‍ട്ടിയെ മികച്ച രീതിയില്‍ നയിച്ച് രാഷ്ട്രീയ എതിരാളികളുടെ പോലും കയ്യടി നേടി രാജ്നാഥ് അത് തെളിയിച്ചു. രണ്ടുതവണ കേന്ദ്രമന്ത്രിസ്ഥാനം അലങ്കരിച്ചിട്ടുള്ള രാജ്നാഥ് യുപി മുഖ്യമന്ത്രിയായും ശോഭിച്ചു. ഇപ്പോള്‍ യുപിയിലെ ഗാസിയാബാദില്‍ നിന്നുള്ള ലോക്സഭാംഗമായ രാജ്നാഥ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആദര്‍ശനിഷ്ഠയില്‍ വളര്‍ന്നുവന്ന രാഷ്ട്രീയക്കാരനാണ്.
2005 ഡിസംബറില്‍ എല്‍.കെ.അദ്വാനിയില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഏറ്റുവാങ്ങിയ സിംഗ് ഹിന്ദുത്വ തത്ത്വശാസ്ത്രത്തില്‍ ഉറച്ചുനിന്ന് രാമജന്മഭൂമിയായ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ ഒത്തുതീര്‍പ്പിനു വഴങ്ങിയിരുന്നില്ല. അദ്ദേഹം അധ്യക്ഷ സ്ഥാനത്തിരുന്ന കാലത്ത് പല സംസ്ഥാനങ്ങളിലും ബിജെപി മികച്ച വിജയം കരസ്ഥമാക്കി ഭരണചക്രം തിരിച്ചു. മാത്രമല്ല ദക്ഷിണേന്ത്യയില്‍ കര്‍ണാടക സംസ്ഥാനത്ത് ആദ്യമായി പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു. തൊഴിലില്ലായ്മ, അതിന്റെ കാരണങ്ങളും പരിഹാരങ്ങളും എന്നൊരു ഗ്രന്ഥവും രചിച്ചിട്ടുണ്ട്. വിവാഹിതനായ രാജ്നാഥിന് രണ്ട് ആണ്മക്കളും ഒരു മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: