പത്തനംതിട്ട: വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിയില്‍ പത്ത് ശതമാനം ഓഹരിയെടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നിയമവകുപ്പിന്റെ നിര്‍ദ്ദേശം മറികടന്ന്. നിരവധി നിയമലംഘനങ്ങള്‍ നടത്തിയ കെ.ജി.എസ്ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിയില്‍ ഒരുതരത്തിലും പങ്കാളിയാകരുതെന്നായിരുന്നു നിയമവകുപ്പ് സര്‍ക്കാരിന് നല്കിയ നിയമോപദേശം. ഭൂപരിഷ്ക്കരണ, ഭൂപരിധി നിയമങ്ങള്‍ ലംഘിച്ച കെ.ജി.എസ് ഗ്രൂപ്പിനെതിരെ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും നിയമവകുപ്പ് നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ഇത് അവഗണിച്ചാണ് ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഓഹരി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമലംഘനത്തിന് സര്‍ക്കാര്‍ തന്നെ ഒത്താശ ചെയ്യുകയാണെന്ന ആരോപണങ്ങള്‍ക്ക് ശക്തിപകരുന്നതാണ് പുറത്തുവന്ന പുതിയ വിവരങ്ങള്‍.
ആറന്മുള വിമാനത്താവള പദ്ധതിയില്‍ ഓഹരി പങ്കാളിത്തം സ്വീകരിക്കുന്നതിനെപ്പറ്റി സര്‍ക്കാര്‍ നേരത്തെ നിയമവകുപ്പിനോട് ഉപദേശം തേടിയിരുന്നു. വിമാനത്താവള പദ്ധതിയുടെ പേരില്‍ കെ.ജി.എസ് ഗ്രൂപ്പ് നിരവധി നിയമലംഘനങ്ങള്‍ പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നായിരുന്നു നിയമവകുപ്പിന്റെ കണ്ടെത്തല്‍. ആറന്മുളയിലെ വലിയതോട് അനധികൃതമായി നികത്തിയത് മൂലം പുഞ്ച,വിരിപ്പ് കൃഷികള്‍ ചെയ്യാന്‍ കര്‍ഷകര്‍ക്ക് സാധിക്കാതിരുന്നതുള്പ്പെടെയുള്ള നിരവധി നിയമ ലംഘനങ്ങളാണ് നിയമവകുപ്പിന്റെ റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ഭൂനിയമങ്ങള്‍ ലംഘിച്ച ഇവര്‍ക്കെതിരേ കേസെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്ന നിയമവകുപ്പിന്റെ് ശുപാര്‍ശ മറച്ചുവെയ്ക്കാനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചു. നിയമവകുപ്പിന്റെ നിര്‍ദ്ദേശങ്ങളെ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ആറന്മുള വിമാനത്താവള പദ്ധതി ഏതുവിധേനയും നടപ്പാക്കുന്നതിന് വന്‍സമ്മര്‍ദ്ദമാണ് ഉമ്മന്‍ചാണ്ടി ഗവണ്മെന്റിന് മുകളിലുള്ളത്.
നിയമലംഘനങ്ങളുടെ ഘോഷയാത്രയാണ് ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ആറന്മുള പൈതൃകഗ്രാമകര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് പ്രതികരിച്ചു. നിയമലംഘനങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെ നേതൃത്വം നല്‍കുന്നത് മലയാളികള്‍ക്ക് അപമാനമാണെന്നും കുമ്മനം രാജശേഖരന് കൂട്ടിച്ചേര്‍ത്തു.
- സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: