മുംബൈ ഭീകരാക്രമണ കേസിലെ പ്രതികളിലൊരാളായ അജ്മല്‍ കസബിന്റെ വധശിക്ഷ നടപ്പാക്കിയതും രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരവും തമ്മില്‍ പ്രത്യക്ഷത്തില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതാനാവില്ല. എന്നാല്‍ ചിന്തന്‍ ശിബിരത്തിലെ പ്രസംഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസിനും ബിജെപിക്കുമെതിരെ നടത്തിയ ഒരു പ്രസ്താവന രണ്ട് സംഭവങ്ങളും തമ്മിലുള്ള ഒരു ബന്ധം വെളിപ്പെടുത്തുന്നുണ്ട്. “ഹിന്ദു ഭീകരവാദം പരത്താന്‍ ആര്‍എസ്എസും ബിജെപിയും പരിശീലന ക്യാമ്പുകള്‍ നടത്തുന്നുണ്ട് എന്ന് അന്വേഷണ സമയത്ത് റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട് ……സംഝോധാ എക്സ്പ്രസിലും മെക്കാ മസ്ജിദിലും ബോംബുകള്‍ സ്ഥാപിക്കപ്പെടുകയായിരുന്നു. മാലെഗാവിലും ഒരു സ്ഫോടനം നടത്തി. ഇതിനെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം” എന്ന് പറഞ്ഞ ഷിന്‍ഡെ “കാവി ഭീകരതയെക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്. ഇത് പുതിയ കാര്യമല്ല. മാധ്യമങ്ങളില്‍ പലതവണ വന്നതാണ്” എന്ന് പിന്നീട് വിശദീകരിക്കുകയുണ്ടായി.
കസബിന്റെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗിനോ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിക്കോ അറിയില്ലായിരുന്നുവെന്നും ടെലിവിഷന്‍ വാര്‍ത്തകളിലൂടെയാണ് അവര്‍ ഈ വിവരം അറിഞ്ഞതെന്നുമാണ് ഷിന്‍ഡെ ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞത്. ചില കോണ്‍ഗ്രസ് നേതാക്കളെപ്പോലും ഞെട്ടിച്ച ഈ ‘വെളിപ്പെടുത്തലി’ന്റെ തുടര്‍ച്ചയാണ് ഒരര്‍ത്ഥത്തില്‍ ജയ്പൂരിലെ ചിന്തന്‍ ശിബിരത്തില്‍ ആര്‍എസ്എസ്സിനും ബിജെപിക്കുമെതിരെ ഭീകരത ആരോപിച്ച് ഷിന്‍ഡെ നടത്തിയ പരാമര്‍ശങ്ങള്‍.
കസബിനെ തൂക്കിലേറ്റുന്നതിനെക്കുറിച്ച് ഒരു ദിവസം മുമ്പുതന്നെ പാക്കിസ്ഥാനെ അറിയിച്ചിരുന്നു. വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ്, വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്, പാക്കിസ്ഥാനിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍, ഡപ്യൂട്ടി കമ്മീഷണര്‍ എന്നിവര്‍ക്ക് ഇതേക്കുറിച്ച് അറിയാമായിരുന്നു. ഇവര്‍ക്കൊക്കെ അറിയുന്ന കാര്യം രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിക്കും അദ്ദേഹത്തെ നിയന്ത്രിക്കുന്ന സോണിയയ്ക്കും അറിയാതിരിക്കുകയില്ലല്ലോ. സത്യം ഇതായിരിക്കെ വിചിത്രമായ പ്രസ്താവന നടത്തി പരിഹാസ്യനാവുകയായിരുന്നു ഷിന്‍ഡെ എന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല. കസബിനെ തൂക്കിലേറ്റിയതിനെക്കുറിച്ചുള്ള ആ പ്രസ്താവന ബോധപൂര്‍വമായിരുന്നു. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനെക്കുറിച്ച് ധാരണ ഇല്ലാത്തവര്‍ക്ക് ഇത് മനസ്സിലാകാന്‍ പ്രയാസമാണ്. കസബിന്റെ വധശിക്ഷ സുപ്രീംകോടതി വരെ ശരിവെച്ചതാണെങ്കിലും അത് നടപ്പാക്കിയതില്‍ യുപിഎ സര്‍ക്കാരിനോ കോണ്‍ഗ്രസിനോ യാതൊരു പങ്കുമില്ലെന്ന് വരുത്തുകയായിരുന്നു ഷിന്‍ഡെ.
പുറമെയ്ക്ക് എന്തുതന്നെ നടിച്ചാലും പാക് പിന്തുണയുള്ള ഭീകരവാദത്തോട് ഇന്ത്യയിലെ ഒരു വിഭാഗം മുസ്ലീങ്ങള്‍ക്ക് ആഭിമുഖ്യമുണ്ടെന്നും കസബിനെ തൂക്കിലേറ്റിയതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ടാവുമെന്നും കോണ്‍ഗ്രസിനറിയാം. കസബിനെ തൂക്കിലേറ്റിയതിന്റെ പേരില്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍നിന്ന് ഇവര്‍ അകന്നുപോകാതിരിക്കാന്‍ ഈ രക്തത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറയേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യമായിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെക്കൊണ്ട് പറയിപ്പിച്ചാല്‍ വിശ്വാസ്യതയും ആധികാരികതയും വര്‍ധിക്കും. ഇതാണ് കസബിന്റെ വധശിക്ഷ നടപ്പാക്കിയത് മന്മോഹന് സിംഗും സോണിയാഗാന്ധിയും അറിയാതെയാണെന്ന് ഷിന്‍ഡെ പറയാന്‍ കാരണം.
ഷിന്‍ഡെ ജയ്പൂരില്‍ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് പിന്നിലും കോണ്‍ഗ്രസിന്റെ ആപല്‍ക്കരമായ ഈ വോട്ട് ബാങ്ക് രാഷ്ട്രീയമുണ്ട്. പാക് ഭീകരവാദത്തെ നഖശിഖാന്തം എതിര്‍ക്കുന്ന ആര്‍എസ്എസ്സിനെയും ബിജെപിയെയും ഭീകരവാദത്തിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാല്‍ ആ ഒറ്റക്കാരണംകൊണ്ട് പാക്കിസ്ഥാനോട് ആഭിമുഖ്യം പുലര്‍ത്തുന്ന മുസ്ലീം വോട്ട് ബാങ്കിന്റെ അനുഭാവം ലഭിക്കുമെന്ന കണക്കുകൂട്ടലാണ് കോണ്‍ഗ്രസിനുള്ളത്.
എന്നാല്‍ കേന്ദ്രത്തിന്റെ ആഭ്യന്തര മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത് ഷിന്‍ഡെ നടത്തിയ പ്രസ്താവന പാക് ഭീകരവാദത്തെ ഒറ്റയടിക്ക് വെള്ളപൂശിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാതെ കോണ്‍ഗ്രസിനും കേന്ദ്രസര്‍ക്കാരിനും ഗത്യന്തരമില്ല എന്നതാണ് വസ്തുത. ഭീകരവാദത്തോടുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പ് കാപട്യമാണ്. 2004 ലാണ് യുപിഎ അധികാരത്തിലേറുന്നത്. ഒന്‍പത് വര്‍ഷമായി ഭരണത്തില്‍ തുടരുന്ന യുപിഎ സര്‍ക്കാര്‍ പാക്കിസ്ഥാനോട് മൃദുസമീപനം സ്വീകരിക്കുന്നത് ഇതുകൊണ്ടാണ്. 2004 നുശേഷം 16 തവണയാണ് പാക് ഭീകരസംഘടനകള്‍ ഇന്ത്യന്‍ മണ്ണില്‍ ആക്രമണം നടത്തിയത്. യുപിഎ രണ്ടാമതും അധികാരത്തിലെത്തിയശേഷം 304 തവണയാണ് പാക് സൈന്യം അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടത്തിയത്. 2012 ല്‍ മാത്രം 171 തവണ. യുഎന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര വേദികളില്‍ നിരന്തരമായ പ്രചാരവേലയാണ് ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന് നടത്തുന്നത്.
മുംബൈ ഭീകരാക്രമണ കേസില്‍ കസബിനെ തൂക്കിലേറ്റിയെങ്കിലും ലഷ്ക്കര്‍ ഭീകരനായ ഹഫീസ് മുഹമ്മദ് സയിദ് ഉള്‍പ്പെടെയുള്ള സൂത്രധാരന്മാര്ക്കെതിരായ നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ യുപിഎ സര്‍ക്കാര്‍ വേണ്ടത്ര താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ല. ഇത് സംബന്ധിച്ച ഇന്ത്യയുടെ അഭ്യര്‍ത്ഥന പാക്കിസ്ഥാന് പരിഹാസ്യമായി തള്ളിക്കളയുകയാണ്. സയിദിന്റെ ശബ്ദസാമ്പിള്‍ ശേഖരിക്കണമെന്നും അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നുമുള്ള ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന് നിരസിക്കുകയായിരുന്നു. എന്നിട്ടും സമാധാനസംഭാഷണവുമായി പാക്കിസ്ഥാന് പിന്നാലെ നടക്കുന്ന മന്മോഹന് സര്‍ക്കാര്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് വഴിയൊരുക്കുകയാണ്.
ജമ്മുകാശ്മീര്‍ അതിര്‍ത്തി ലംഘിച്ചെത്തിയ പാക്സൈനികര്‍ രണ്ട് ഇന്ത്യന്‍ സൈനികരെ വധിക്കുകയും അതിലൊരാളായ ലാന്‍സ് നായിക് ഹേംരാജിന്റെ തലവെട്ടിക്കൊണ്ടുപോവുകയും ചെയ്തത് ഏറ്റവുമൊടുവിലത്തെ സംഭവമാണ്. ഇതിനുപിന്നില്‍ ഹഫീസ് സയിദിന്റെ കയ്യുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും പാക്കിസ്ഥാന് മനസ്സിലാവുന്ന ഭാഷയില്‍ ശക്തമായി തിരിച്ചടിക്കാന്‍ യുപിഎ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മുസ്ലീം വോട്ട് ബാങ്കിനെ ഭയന്നാണ് പാക്കിസ്ഥാനോടും പാക് ഭീകരവാദത്തോടും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുന്നതെന്ന് ഇപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തില്‍ ‘ഹിന്ദു ഭീകരവാദ’വും രാജ്യം നേരിടുന്ന വിപത്താണെന്ന് പ്രചരിപ്പിച്ചാല്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കാത്തതിലുള്ള ജനരോഷം തണുപ്പിക്കാമെന്നും മുസ്ലീം വോട്ട് ബാങ്കിനെ ആകര്‍ഷിച്ചു നിര്‍ത്താമെന്നുമുള്ള ചിന്തയാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്ന ഷിന്‍ഡെയുടെ വിശദീകരണം അദ്ദേഹം വഹിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പദവിക്കു ചേര്‍ന്നതല്ല. ഭീകരവാദം പോലുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെപ്പോലുള്ള ഒരാള്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ നോക്കി പ്രതികരിക്കുന്നത് കൃത്യവിലോപം തന്നെയാണ്. ഷിന്‍ഡെയെ പിന്തുണച്ച് രംഗത്ത് വന്ന ചില കേന്ദ്രമന്ത്രിമാരും അദ്ദേഹം സംസാരിച്ചത് മാധ്യമ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണെന്ന് വാദിക്കുകയുണ്ടായി. എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമ റിപ്പോര്‍ട്ടുകള്‍ വേറെയും വന്നിട്ടുണ്ടെന്ന് ഇവരൊക്കെ ബോധപൂര്‍വം വിസ്മരിക്കുന്നു. ഹിന്ദു സംഘടനകളെ ഭീകരവാദികളായി ചിത്രീകരിക്കുന്നതിന് പിന്നില്‍ സോണിയാ ഗാന്ധി ഉള്‍പ്പെട്ട രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വാര്‍ത്ത വന്നിരുന്നു. ഷിന്‍ഡെ തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ച കേസുകള്‍ കോണ്‍ഗ്രസ് ഭരണകാലത്ത് എടുത്തവയാണ്. പ്രതികളെ പിടിച്ചതും കോടതി ഉത്തരവനുസരിച്ച് റിമാന്റ് ചെയ്തതും ഇക്കാലത്താണ്. സംഭവവുമായി ബന്ധപ്പെട്ട് പില്ക്കാലത്ത് പിടിയിലായ സ്വാമി അസീമാനന്ദ മജിസ്ട്രേറ്റിന് നല്കിയ മൊഴി അന്വേഷണ ഏജന്‍സി വ്യാജമായി കെട്ടിച്ചമച്ചതാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ചില അന്വേഷണ ഉദ്യോഗസ്ഥര്‍ മാനനഷ്ടക്കേസ് നേരിടുകയാണ്. പ്രതികള്‍ എന്ന് പറയപ്പെടുന്നവര്‍ പിടിക്കപ്പെടുകയോ വിചാരണ പൂര്‍ത്തിയാവുകയോ ചെയ്യാത്ത കേസുകളില്‍ കുറ്റവാളികളെ പ്രഖ്യാപിക്കുന്ന രീതി അംഗീകരിക്കാനാവാത്തതാണ്. അതും നിയമവാഴ്ച ഉറപ്പുവരുത്താന്‍ ബാധ്യസ്ഥനായ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി തന്നെ ഇങ്ങനെ ചെയ്യുന്നത് ഒരിക്കലും നീതീകരിക്കാനാവില്ല.
ഷിന്‍ഡെയുടെ പ്രസ്താവന വിവാദമാവുകയും അത് സാമാന്യബോധത്തെ പരിഹസിക്കുന്നതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു എന്നും വന്നതോടെ ‘ഹിന്ദു ഭീകരവാദം’ എന്ന് ഷിന്‍ഡെ ബോധപൂര്‍വം പറഞ്ഞതല്ലെന്നും ഒരു കോണ്‍ഗ്രസ് നേതാവിനും അങ്ങനെ പറയാനാവില്ലെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വക്താവുമായ ജനാര്‍ദ്ദന്‍ ദ്വിവേദി വ്യക്തമാക്കുകയുണ്ടായി. “ചിലപ്പോള്‍ അങ്ങനെ സംഭവിക്കാം. ഒരു വ്യക്തിയുടെ വായില്‍നിന്ന് ചില വാക്കുകള്‍ ബോധപൂര്‍വമല്ലാതെ പുറത്തുവരാം” എന്ന ദ്വിവേദിയുടെ ന്യായീകരണം മുഖവിലയ്ക്കെടുക്കാനാവില്ല. ഇവിടെ ഏതെങ്കിലും വ്യക്തിയല്ല, കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് അങ്ങേയറ്റം നിരുത്തരവാദപരമായി പെരുമാറിയിട്ടുള്ളത്.
ജനാര്‍ദ്ദന്‍ ദ്വിവേദി എന്തുതന്നെ പറഞ്ഞാലും സുശീല്‍കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസ്സിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് ലഷ്ക്കറെ തോയ്ബ സ്ഥാപകന്‍ ഹഫീസ് സയിദിന്റെ പ്രസ്താവനയോടെ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്. ഷിന്‍ഡെയെ മുക്തകണ്ഠം പ്രശംസിച്ച സയിദ് ഇന്ത്യയെ ഭീകരവാദ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. പാക്കിസ്ഥാനില്‍ ഭീകരാക്രമണം നടത്തുന്നത് ഇന്ത്യന്‍ സംഘടനകളാണെന്ന് ഷിന്‍ഡെ കുറ്റസമ്മതം നടത്തിയിരിക്കുന്നു എന്ന് വാര്‍ത്താ സമ്മേളനം നടത്തിയാണ് സയിദ് പ്രഖ്യാപിച്ചത്. ഇന്ത്യ മനോഭാവം മാറ്റുന്നതുവരെ ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര കരാറുകൊണ്ട് യാതൊരു നേട്ടവും പാക്കിസ്ഥാന് ഉണ്ടാകാന്‍ പോകുന്നില്ലെന്ന് പറഞ്ഞ സയിദ് “പാക്കിസ്ഥാന്റെ ആണവ-മിസെയില്‍ പദ്ധതികള്‍ക്കു മേല്‍ അമേരിക്കയ്ക്കും ഇന്ത്യയ്ക്കും കഴുകന് കണ്ണുകളാണ് ഉളളത്” എന്നും പറഞ്ഞുവെച്ചു. ഷിന്‍ഡെയുടെ പ്രസ്താവന ഇന്ത്യക്കെതിരെ പ്രയോഗിക്കാന്‍ പറ്റിയ ശക്തമായ ആയുധമാണെന്ന് കണ്ട് “പാക്കിസ്ഥാന് ഇത് ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയിലും ഇസ്ലാമികരാജ്യങ്ങളുടെ സംഘടനയായ ഒഐസിയിലും ഉന്നയിക്കണം” എന്നും സയിദ് ട്വിറ്ററില്‍ കുറിച്ചു.
മുംബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരനായ ഹഫീസ് സയിദിനെതിരെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാത്തതില്‍ പാക്കിസ്ഥാനെ ഒന്നിലധികം തവണ ഇന്ത്യ അതൃപ്തിയും പ്രതിഷേധവും അറിയിച്ചിട്ടുള്ളതാണ്. ലഷ്ക്കറെ തോയ്ബ നടത്തുന്ന ഭീകരവാദത്തിന് മറയിടാന്‍ ജമാഅത്ത് ഉദ്ദവ എന്ന സംഘടനയുണ്ടാക്കി പാക്കധീന കാശ്മീരിലും മറ്റും ഭീകരപരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചുവരുന്ന സയിദിന്റെ തലയ്ക്ക് അമേരിക്ക 10 ദശലക്ഷം ഡോളര്‍ വിലയിട്ടിട്ടുള്ളതാണ്. ഇങ്ങനെയൊരാളുടെ പ്രശംസ ഏതെങ്കിലും ഇന്ത്യന്‍ പൗരന് ലഭിക്കുകയാണെങ്കില്‍ അയാള്‍ എത്രമാത്രം ഇന്ത്യാ വിരുദ്ധനായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇങ്ങനെ പ്രശംസ ലഭിക്കുന്നയാള്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണെങ്കില്‍ പാക് ഭീകരവാദത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ എന്ന വിശേഷണത്തിന് അദ്ദേഹം തികച്ചും യോഗ്യനായിരിക്കും. ഹഫീസ് സയിദിനെ ‘ശ്രീമാന്‍ സയിദ്’ എന്ന് പാര്‍ലമെന്റില്‍ ആവര്‍ത്തിച്ച് വിശേഷിപ്പിച്ചത് സുശീല്‍കുമാര്‍ ഷിന്‍ഡെ തന്നെയാണല്ലോ.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: