പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുന്ന കെ.ജി.എസ്. ഗ്രൂപ്പിന് തിരിച്ചടിയായി 232 ഏക്കര്‍ ഭൂമി ലാന്റ് ബോര്‍ഡ് ഏറ്റെടുക്കുന്നു. മുന്‍ ഉടമ എബ്രഹാം കലമണ്ണിലിന്റെ കയ്യില്‍നിന്നും കെ.ജി.എസ് ഗ്രൂപ്പ് വാങ്ങിയ ഈ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയതിന് പിന്നാലെയാണ് ഭൂമി ഏറ്റെടുക്കാന്‍ റവന്യൂവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. ഇതോടെ കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമി 43 ഏക്കറായി ചുരുങ്ങും. നിലവിലുള്ള ഭൂപരിധി നിയമമനുസരിച്ച് കെജിഎസ്.ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിക്ക് കനത്ത തിരിച്ചടിയാകും റവന്യൂ വകുപ്പിന്റെ പുതിയ തീരുമാനം.
പ്രത്യേക ആവശ്യത്തിനായി 15 ഏക്കറിലധികം ഭൂമി കൈവശം വെയ്ക്കുന്നതിന് സങ്കീര്‍ണ്ണമായ നിയമതടസ്സങ്ങളാണ് കെ.ജി.എസ്.ഗ്രൂപ്പിന് മുന്നിലുള്ളത്. ഏബ്രഹാം കലമണ്ണിലില്‍ നിന്നും വാങ്ങിയ 232 ഏക്കറിന്റെ പോക്കുവരവ് നിയമതടസ്സങ്ങളെത്തുടര്ന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ റദ്ദാക്കിയിരുന്നു. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടു കെ.ജി.എസ് ഗ്രൂപ്പ് നല്കിയ അപേക്ഷ പരിഗണിക്കാന്‍പോലും ജില്ലാ കളക്ടര്‍ തയ്യാറായിട്ടില്ല. ഈ ഫയലിനി തന്റെ പരിഗണനക്ക് അയക്കരുതെന്നാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമെന്നറിയുന്നു. അതിഗുരുതരമായ നിയമ ലംഘനങ്ങളാണ് ഭൂമിയുടെ ക്രയ വിക്രയവുമായി ബന്ധപ്പെട്ട് ആറന്മുളയില് നടന്നതെന്നും റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടവും റവന്യൂവകുപ്പും കര്‍ശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
കളക്ടര്‍ പോക്കുവരവ് റദ്ദാക്കിയ 232 ഏക്കര്‍ ഭൂമി ലാന്റ്ബാങ്കിലേക്ക് കണ്ടുകെട്ടാനാണ് തഹസീല്‍ദാര്‍ അദ്ധ്യക്ഷനായ ഹിയറിംഗ് കമ്മറ്റിയുടെ തീരുമാനം. മിച്ച ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്‍കണമെന്നത് യുഡിഎഫ് സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായതിനാല്‍ കെജിഎസ് ഗ്രൂപ്പിന്റെ വിമാനത്താവള പദ്ധതിക്ക് അനുകൂല നിലപാടാണെങ്കിലും ക്രമംവിട്ട് യാതൊന്നും ചെയ്തു നല്കാന് നിയമാനുസൃതം സംസ്ഥാന സര്‍ക്കാരിനും കഴിയില്ല. ഈ സ്ഥിതിമറികടക്കണമെങ്കില് അതിസങ്കീര്‍ണ്ണമായ നിയമഭേദഗതികള്‍ക്ക് യുഡിഎഫ് തയ്യാറാകേണ്ടിവരും. എന്നാല്‍ സംസ്ഥാന വ്യാപകമായി മിച്ചഭൂമി വിതരണ പദ്ധതിയുമായി നീങ്ങുന്നതിനിടെ സ്വകാര്യ പദ്ധതിക്കായി ഇത്തരത്തില്‍ നിലപാട് സ്വീകരിക്കുന്നത് വിമര്‍ശനം വരുത്തിവെയ്ക്കുമെന്നും സര്‍ക്കാര്‍ ഭയക്കുന്നു. ഇത് മറികടക്കുന്നതിനാണ് പദ്ധതിയില്‍ പത്തുശതമാനം ഓഹരിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ പൊതു ആവശ്യത്തിനായിട്ടുകൂടി പത്തനംതിട്ട ജില്ലയിലെ പെരുനാട് ജല വൈദ്യുത പദ്ധതിക്കായി മിച്ചഭൂമി നല്‍കാനുളള ശ്രമം ജനങ്ങളുടെ എതിര്‍പ്പുമൂലം നടക്കാതിരുന്ന അനുഭവവും സര്‍ക്കാരിന്റെ മുന്നിലുണ്ട്.
അതിനിടെ പദ്ധതിക്കാവശ്യമായ ഭൂമി തങ്ങളുടെ കൈവശമുണ്ടെന്ന കെ.ജി.എസ്, ഗ്രൂപ്പിന്റെ അവകാശവാദം മുഴുവന്‍ തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. മല്ലപ്പുശ്ശേരി, ആറന്മുള വില്ലേജുകളിലായി വിവിധ സര്‍വ്വേ നമ്പരുകളിലുള്ള ഭൂമി വാങ്ങിയെടുക്കാന്‍ കെ.സി.എസ് ഗ്രൂപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. വിമാനത്താവള പദ്ധതി പ്രദേശത്തിനകത്താണ് ഈ ഭൂമികളില്‍ പലതും. സര്‍ക്കാരിനെ ഉപയോഗിച്ച് ഉടമകളില്‍ നിന്നും ഭൂമി ഏറ്റെടുക്കാനുള്ള ശ്രമാണ് കെ.ജി.എസ് ഗ്രൂപ്പ് നടത്തുന്നത്. എന്നാല്‍ ഇനി പ്രദേശത്ത് ഒരിഞ്ചുഭുമി കെ.ജി.എസ്.ഗ്രുപ്പിന് വില്‍ക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികളും സമരസമിതികളും.
- എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: