കൊച്ചി: ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനാഘോഷം മറൈന്‍ഡ്രൈവില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്ക്ക് പരീതിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. രാവിലെ 8.30 ന് പരേഡ് നടത്തും. പോലീസ് സേനയ്ക്കു പുറമെ എക്സൈസ്, എന്‍സിസി, സ്കൗട്സ്, ഗൈഡ്സ്, സീ കേഡറ്റ് കോര്‍, സ്കൂള്‍ പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ് തുടങ്ങിയവയും പരേഡില്‍ അണിനിരക്കും.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്ഷിക പരിപാടികളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടത്തിന്റെ സഹകരത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളും ഇതോടൊപ്പം നടക്കും. ഇതിന്റെ ഭാഗമായി എളമക്കര സരസ്വതി വിദ്യാനികേതന്‍ സ്കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സാമൂഹിക സൂര്യനമസ്കാര പ്രദര്‍ശനം നടക്കും. നാലു മുതല്‍ പതിനൊന്നാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളാണ് 10 മിനുട്ട് നീളുന്ന പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്. നാല്, അഞ്ച് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വ്യായാം യോഗ്, ആറാം ക്ലാസ് വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന യോഗ പ്രദര്‍ശനം എന്നിവയും ഉണ്ടാകും.
പരേഡിന്റെ ഭാഗമായുളള പരിശീലനം നടന്നു. പരേഡില്‍ അണിനിരക്കുന്നവര്‍ക്കായി ഒമ്പതു വിഭാഗങ്ങളിലായി ട്രോഫികളും സമ്മാനിക്കും. റിഹേഴ്സല്‍ ദിനങ്ങളിലും റിപ്പബ്ലിക് ദിനത്തിലും സുസജ്ജമായ ചികിത്സാ സംവിധാനങ്ങള്‍ മറൈന്‍ഡ്രൈവില്‍ ഒരുക്കാന്‍ ജില്ലാ കളക്ടര്‍ ഡിഎംഒക്ക് നിര്‍ദേശം നല്കി.
പരേഡ് ദിനത്തില്‍ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിക്കും. ജനുവരി 26 വരെ പരേഡ് പരിശീലനത്തിനും മറ്റുമായി എത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ ബസുകളില്‍ യാത്രാസൗജന്യം അനുവദിക്കുന്നതിനുളള നടപടി സ്വീകരിക്കാന്‍ കളക്ടര്‍ ആര്.ടി.ഒ യ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ എഡിഎം ബി.രാമചന്ദ്രന്, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: