മരട്: വൈറ്റില-അരൂര്‍ ബൈപ്പാസിലെ നെട്ടൂര്‍-മാടവന പാലത്തിലുണ്ടായ വിള്ളല്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പാലത്തിന്റെ സ്പാനിന്റെ അടിഭാഗത്തായാണ് വലിയ വിള്ളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതുകൂടാതെ പാലത്തിന്റെ ഗര്‍ഡര്‍ സ്ഥാപിച്ചിരിക്കുന്ന പില്ലറിന് വലിയ പൊട്ടലും ഉണ്ടായിട്ടുണ്ട്. സമീപത്തുതന്നെ നാലുവരിയാക്കാന്‍ പുതിയ മറ്റൊരു പാലം നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ വിള്ളല്‍ പുറമെനിന്നും ശ്രദ്ധയില്‍പ്പെടില്ല.
അമ്പത് മീറ്ററോളം നീളം വരുന്ന പാലത്തിന്റെ വടക്കേ അറ്റം റോഡുമായി ബന്ധിപ്പിച്ചിരിക്കുന്ന ഭാഗത്താണ് ഏകദേശം മൂന്ന് മീറ്റര്‍ നീളത്തില്‍ വിള്ളല്‍ കാണപ്പെടുന്നത്. 1975ല്‍ ശിലാസ്ഥാപനം നടത്തിയ പാലം 1984ലാണ് പണി പൂര്‍ത്തിയാക്കി വാഹനഗതാഗതത്തിന് തുറന്നുകൊടുത്തത്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത്.
പാലത്തിലെ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ചുവരുന്നതായി സംശയിക്കുന്നു. അപ്രോച്ച് റോഡുമായുള്ള ബന്ധം വേര്‍പെട്ട് കോണ്‍ക്രീറ്റ് ഗര്‍ഡര്‍ താഴേക്ക് ഇരുന്നുപോയതിന്റെ ലക്ഷണങ്ങള്‍ അടിഭാഗത്ത് കാണാം. നിര്‍മ്മാണത്തിലെ അപാകതയോ അമിതഭാരം കാണാന്‍ കഴിയാത്തതുമൂലമോ ആകാം ബലക്ഷയവും തുടര്‍ന്ന് പ്രത്യക്ഷപ്പെട്ട വിള്ളലും എന്നാണ് കരുതുന്നത്. ഇടപ്പള്ളി-അരൂര്‍ ബൈപ്പാസ് രണ്ടുവരി മാത്രമായി ആദ്യം നിര്‍മ്മിച്ചപ്പോഴുള്ള പഴയ പാലത്തിനാണ് വിള്ളല്‍.
പുതിയ നാലുവരി പാതയും പാലങ്ങളും നിര്‍മ്മിച്ചിരിക്കുന്നത് എന്‍എച്ച്എഐയുടെ മേല്‍നോട്ടത്തിലാണ്. ഇതില്‍ ഉള്‍പ്പെടുന്ന നാല് പാലങ്ങള്‍ക്കും അപാകതകള്‍ ഏറെയുണ്ടത്രെ. പാലങ്ങളും റോഡും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗത്തെ വിടവ് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായി കാണപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: