ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ആര്‍എസ്എസിനെതിരെയും ബിജെപിക്കെതിരെയും നടത്തിയ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ വിഎച്ച്പി മേധാവി പ്രവീണ്‍ തൊഗാഡിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നില്‍ ആറ് ചോദ്യങ്ങള്‍ ഉന്നയിക്കുന്നു.
ഒന്ന്: ഹിന്ദുക്കളെ ഭീകരവാദികള്‍ എന്ന് വിശേഷിപ്പിക്കാന്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ അവരെ പ്രതിനിധീകരിക്കുന്നവര്‍ക്കോ നിയമപരമായോ ഭരണഘടനാപരമായോ ഏതെങ്കിലും അവകാശം നല്‍കിയിട്ടുണ്ടോ? പൊതുവേദികളില്‍ ഹിന്ദുഭീകരവാദത്തെക്കുറിച്ച് സംസാരിക്കാന്‍ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയിരിക്കുന്നത്.
ജിഹാദി ഭീകരവാദവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയപാര്‍ട്ടികളെയും അവരുടെ പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 1999ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംപിയുടെ സഹോദരനായ സഞ്ജയ് ഭട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. മറ്റൊരു മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാരനേയും അറസ്റ്റ് ചെയ്തിരുന്നു. സമാജ്വാദി പാര്‍ട്ടിയിലും മറ്റ് ചില പാര്‍ട്ടിയില്‍പ്പെട്ടവരേയും സ്ഫോടനവപുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.
രണ്ട്: എന്തുകൊണ്ടാണ് ഇവയൊക്കെ ഇസ്ലാമിക ഭീകരവാദം എന്ന് ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ വിശേഷിപ്പിക്കാത്തത്?
മൂന്ന്: രാജ്യത്തെ ഹിന്ദുക്കള്‍ നേരിടുന്ന അവകാശലംഘനങ്ങളുടെ പേരില്‍ എന്തുകൊണ്ട് സുപ്രീം കോടതി സ്വമേധയാ കേസെടുക്കുന്നില്ല? രാജ്യത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ഹിന്ദുക്കള്‍ വലിയസംഭാവനകള്‍ നല്‍കുന്നുണ്ട്. ഇന്ത്യന്‍ സൈന്യത്തിലും പോലീസ് സേനയിലും മറ്റ് സുരക്ഷാ സേനയിലും ഹിന്ദുക്കള്‍ക്കാണ് ഭൂരിപക്ഷം. രാജ്യത്തിനുവേണ്ടി അവര്‍ അവരുടെ ജീവന് തന്നെ നല്കിയിരിക്കുന്നു. അടുത്തിടെ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഹേംരാജ്, സുധാകര്‍ സിംഗ് എന്നീ രണ്ട് ഇന്ത്യന്‍ സൈനികരെ പാക് സൈന്യം ക്രൂരമായി വധിച്ചു. അതിര്‍ത്തി സംഘര്‍ഷത്തില്‍ ശരിയായ നടപടി സ്വീകരിക്കാന്‍ തയ്യാറാവാതെ ഹിന്ദുക്കളെ ഭീകരവാദികളായി മുദ്രകുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തിടുക്കം കാണിക്കുന്നത്.
നാല്: ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളെ തടയാന്‍ എന്തുനടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്?
അഞ്ച്: മുസ്ലിം യുവാക്കള്‍ നിരപരാധികളാണെന്നും ഹിന്ദുക്കള്‍ ഭീകരരാണെന്നും പ്രസ്താവന നടത്താന്‍ കേന്ദ്രത്തിന് ആരാണ് അവകാശം നല്‍കിയത്?
ജിഹാദി സംഘടനകള്‍ ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നുണ്ട്. ഇതിന് അനുമതി നല്‍കുന്നത് കേന്ദ്രം ഭരിക്കുന്ന പാര്ട്ടിയാണോന്നും തൊഗാഡിയ ചോദിച്ചു. ജിഹാദികളുടെ ആക്രമണവുമായി ബന്ധപ്പെട്ട കേസുകളില്‍ പല സംസ്ഥാനങ്ങളിലേയും പോലീസ് ഉദ്യോഗസ്ഥരുടെ ജീവന് ഇപ്പോഴും ഭീഷണി നിലനില്‍ക്കുന്നുണ്ട്. 2008 മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കേസുകള്‍ നടത്തിയ സര്‍ക്കാര്‍ അഭിഭാഷകര്മാരുടേയും സ്ഥിതി മറിച്ചല്ല. മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ലഷ്കര്‍ ഭീകരന് അജ്മല്‍ കസബിനെ തൂക്കിലേറ്റി. എന്നാല്‍ പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല് ഗുരുവിന്റെ ശിക്ഷ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല. സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറയുന്നത് അവര്‍ നിരപരാധികളാണെന്നാണ്. ഇപ്പോള്‍ ആഭ്യന്തര മന്ത്രി നടത്തിയ എല്ലാ പ്രസ്താവനയെക്കുറിച്ചും അന്വേഷണം നടത്തണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.
ആറ്: ഭരണകക്ഷി നടത്തിയ ഭരണഘടന ലംഘനത്തിന്റെ പേരില്‍ എന്തു നടപടിയാണ് സുപ്രീം കോടതി ഇനി സ്വീകരിക്കാന്‍ പോകുന്നത്? കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഹിന്ദു വിരുദ്ധ നിലപാടുകളാണ് സ്വീകരിക്കാറുള്ളത്. അധികാരം ഉപയോഗിച്ചുകൊണ്ട് ഹിന്ദുക്കളെ ഭികരവാദികളായി മുദ്രകുത്തി മുസ്ലീം വോട്ട് ബാങ്കാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ബിജെപി, ആര്‍എസ്എസ് ക്യാമ്പുകളില്‍ ഹിന്ദു ഭീകരവാദമാണെന്ന് പറഞ്ഞ ഷിന്‍ഡെയുടെ പ്രസ്താവനയ്ക്ക് ലഷ്കര്‍ ഭീകരന് ഹാഫിസ് സയിദ് അഭിനന്ദനം അറിയിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയതിലൂടെ നൂറ് കോടി വരുന്ന ഹിന്ദു ജനതയെയാണ് ഷിന്‍ഡെ അപമാനിച്ചത്. ഹിന്ദുക്കളെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച രാഷ്ട്രീയ പാര്‍ട്ടികളെ ഒരുകാലത്തും ഹിന്ദു ജനവിഭാഗം മറക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: