ഹൈദരാബാദ്: വിവാദപ്രസംഗത്തിന്റെ പേരില്‍ അറസ്റ്റിലായ എംഐഎം(മജിലിസ് ഇ ഇത്തിഹാദുള്‍ മുസ്ലീമിന്) നേതാവ് അക്ബറുദ്ദീന്‍ ഒവൈസിയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഫെബ്രുവരി അഞ്ച് വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത്. 14 ദിവസത്തെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെ തുടര്‍ന്ന് നിര്മലിലെ മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയില്‍ ഒവൈസിയെ ഹാജരാക്കുകയായിരുന്നു.
അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി കോടതിയിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഒവൈസിയെ അദിലാബാദ് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. ഡിസംബര്‍ 22 ന് ഒരു പൊതുയോഗത്തില്‍ വച്ചാണ് പ്രകോപനം ഉണ്ടാക്കത്തക്ക വിധത്തില്‍ വിവാദ പ്രസംഗം നടത്തിയത്. ജനുവരി എട്ടിന് അറസ്റ്റിലായ ഒവൈസിയെ തൊട്ടടുത്ത ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഹൈദരാബാദിലെ ചാന്ദ്രയാന്ഗുട്ട നിയോജക മണ്ഡലത്തില്‍ നിന്നും ജയിച്ച ഒവൈസിയ്ക്കെതിരെ രാജ്യദ്രോഹം, രാജ്യത്തിനെതിരെ യുദ്ധം ചെയ്യുക, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
അതേസമയം ഒവൈസിയുടെ സഹോദരന് അസദുദ്ദീന്‍ ഒവൈസിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആന്ധ്രാപ്രദേശില്‍ നടന്ന പണിമുടക്ക് ജനജീവിതത്തെ ബാധിച്ചു. ഏഴ് വര്‍ഷം പഴക്കമുള്ള കേസിലാണ് ഹൈദരാബാദ് എംപി കൂടിയായ അസദുദ്ദീന്‍ അറസ്റ്റിലായത്. കടകളും ബിസിനസ് സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അക്രമ സംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പോലീസിനേയും അര്‍ദ്ധസൈനികരേയും പല സ്ഥലത്തും വിന്യസിച്ചിരുന്നു.
2005 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റോഡ് വികസനത്തിന്റെ ഭാഗമായി ആരാധനാലയം പൊളിച്ചുനീക്കുകയായിരുന്ന ഉദ്യോഗസ്ഥരെ തടഞ്ഞതിനാണ് അസദുദ്ദീനും എംഐഎം നേതാക്കള്‍ക്കുമെതിരെ കേസ് എടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: