കൊല്‍ക്കത്ത: പ്രധാനമന്ത്രി മന്മോഹന് സിംഗിനെ തല്ലേണ്ടി വരുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വളം വില വര്‍ധനയ്ക്കെതിരെ പ്രതികരിച്ചപ്പോഴായിരുന്നു മമതയുടെ വിവാദ പരമാര്‍ശം. വളം വില വര്‍ധിപ്പിക്കരുതെന്നാവശ്യപ്പെട്ട് പത്ത് തണവ പ്രധാനമന്ത്രിയെ കണ്ടിരുന്നു. കൂടുതലൊന്നും ചെയ്യാനാകില്ല. ഇനി എന്താ പ്രധാനമന്ത്രിയെ തല്ലണോ? അപ്പോള്‍ നിങ്ങള്‍ തന്നെ എന്നെ ഗുണ്ട എന്ന് വിളിക്കും. ഇപ്പോള്‍ ഒന്നും ചെയ്യാതെ തന്നെ എന്നെ അങ്ങനെ വിളിക്കുന്നുണ്ട്. നാലു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് വളം നിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുമെന്നും മമത അറിയിച്ചു.
ആഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുമായിരിക്കും. അതിനാല്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ നടപ്പാകില്ല. ചില്ലറ വില്‍പ്പന മേഖലയിലെ വിദേശ നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണ്. എഫ് ഡിഐയും, ഡീസല്‍ വില വര്‍ധനവ് എന്നിവ നടപ്പിലാക്കുന്നതുവഴി കേന്ദ്രത്തിലേത് ജനവിരുദ്ധ സര്‍ക്കാരായി മാറുമെന്നും മമത പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് കഴിഞ്ഞ സെപ്റ്റംബറില്‍ തൃണമൂല്‍ യുപിഎയില്‍ നിന്നും വഴിപിരിഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ദല്‍ഹിയിലെ വീഥികളില്‍ ബംഗാള്‍ പ്രതിഷേധം ആരംഭിക്കുമെന്നും മമത മുന്നറിയിപ്പ് നല്കി. കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി തങ്ങള്‍ ഒരേ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചിട്ടില്ല. ഇടതുപക്ഷമായിരുന്നു അധികാരത്തിലെങ്കില്‍ ഒരു പക്ഷെ തങ്ങളുടെ ആവശ്യം അംഗീകരിച്ചേനെയെന്നും മമത പറഞ്ഞു.
അടുത്ത കുറച്ച് ദിവസം കൂടി ഇക്കാര്യത്തില്‍ തങ്ങള്‍ കാത്തിരിക്കും. എന്നിട്ടും തങ്ങളുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ലെങ്കില്‍ ദല്‍ഹിയില്‍ പ്രതിഷേധം നടത്താന്‍ ബംഗാളിനെ തനിക്ക് നിര്‍ബന്ധിക്കേണ്ടി വരുമെന്നും മമത മുന്നറിയിപ്പ് നല്കി. തന്റെ സര്‍ക്കാര്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉറപ്പ് നല്കിയ കാര്യങ്ങള്‍ ഏതാണ്ടെല്ലാം പൂര്‍ത്തീകരിച്ചു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെടുന്ന ലോണ്‍ കേന്ദ്രം അനുവദിച്ചു നല്‍കുന്നില്ലെന്നും മമത പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 20ന് ഇടുതു പാര്‍ട്ടികള്‍ നടത്തുന്ന രാജ്യവ്യാപക സമരത്തെ പിന്തുണക്കുമെന്നും മമത അറിയിച്ചു. വിദേശികള്‍ക്ക് താന്‍ എതിരല്ല. എന്നാല്‍ വിദേശ നിക്ഷേപത്തെ താന്‍ അനുകൂലിക്കില്ല. ഇത് നടപ്പിലാക്കുന്നതിലൂടെ 50 ലക്ഷം ചെറുകിട കച്ചവടക്കാരെ ബാധിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. മെയില്‍ നടക്കാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലിനെതിരെ കോണ്‍ഗ്രസ് ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത് വിജയിക്കില്ലെന്നും മമത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: