തിരുവനന്തപുരം: തീവണ്ടി യാത്രാക്കൂലി വര്‍ധന പ്രാബല്യത്തില്‍ വന്നു. ഇന്നലെ അര്‍ദ്ധരാത്രി മുതലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തിലായത്. വിവിധ ക്ലാസ്സുകളില്‍ കിലോമീറ്ററിന് രണ്ട് പൈസ മുതല്‍ പത്ത് പൈസ വരെയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മെയില്‍, സെക്കന്‍ഡ് ക്ലാസ് നിരക്ക് നാല് പൈസയും സ്ലീപ്പര്‍ ക്ലാസ്സില്‍ കിലോമീറ്ററിന് ആറ് പൈസയുമാണ് വര്‍ധിപ്പിക്കുന്നത്. ഇതോടെ എക്സ്പ്രസ്, മെയില്‍ വണ്ടികളില്‍ കുറഞ്ഞ നിരക്ക് 27 രൂപയായി. മുമ്പ് ഇത് 16 രൂപയായിരുന്നു.
പാസഞ്ചറിലെ കുറഞ്ഞ നിരക്ക് അഞ്ച് രൂപയാക്കി. കുറഞ്ഞ ദൂരത്തിലുള്ള എസി യാത്രക്കാര്‍ക്ക് നിരക്ക് വര്‍ധന വന്‍ തിരിച്ചടിയായി. എസി ചെയര്‍കാര്‍, എസി ത്രി ടയര്‍ ക്ലാസുകളില്‍ കിലോമീറ്ററിന് 10 പൈസയും ഫസ്റ്റ് ക്ലാസില്‍ മൂന്ന് പൈസയും എസി ടു ടയറില്‍ ആറ് പൈസയും വര്‍ധിപ്പിച്ചു. കുറഞ്ഞ ദൂരത്തില്‍ യാത്ര ചെയ്യുന്ന തേഡ് എസി ക്ലാസിലെ യാത്രക്കാര്‍ക്ക് മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടിത്തുക നല്‍കേണ്ടി വരും. രാജധാനി, ജനശതാബ്ദി, തുരന്തോ എന്നിവയിലും യാത്രാനിരക്ക് കൂട്ടിയിട്ടുണ്ട്.
പ്രതിമാസ സീസണ് ടിക്കറ്റ് നിരക്ക് 20 കിലോമീറ്റര്‍ വരെ നൂറ് രൂപയില്‍ നിന്ന് 85രൂപയാക്കിയെങ്കിലും ദൂരക്കുടുതലനുസരിച്ച് 2.7 ഇരട്ടിയോളം വര്‍ദ്ധനവ് വരുത്തി. അഞ്ചിന്റെ ഗുണിതങ്ങളായാണ് നിരക്ക് വര്‍ധന പ്രാബല്യത്തിലാക്കിയത്. ഇതനുസരിച്ച് 11 രൂപ പത്ത് രൂപയായും 12 രൂപ പതിനഞ്ചായും 16 രൂപ പതിനഞ്ചായും നിജപ്പെടുത്തിയിട്ടുണ്ട്. 17 രൂപക്ക് 20 രൂപ നല്‍കേണ്ടി വരും. മുന്‍കൂറായി ടിക്കറ്റ് എടുത്തവരും ഇന്ന് മുതല്‍ പുതുക്കിയ നിരക്ക് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: