കൊച്ചി: ഡീസല്‍ വിലവര്‍ധനവ് കെഎസ്ആര്‍ടിസിയുടെ ആയിരത്തിലേറെ സര്‍വീസുകളെ ബാധിക്കും. ഇപ്പോള്‍ ഡീസലിനായി പ്രതിദിനം നീക്കിവെക്കുന്ന തുകക്ക് മുമ്പ് ലഭിച്ചിരുന്നതില്‍ നാലില്‍ മൂന്ന് ഭാഗം അളവില്‍ മാത്രമേ ഇനി ഇന്ധനം ലഭിക്കുകയുള്ളൂ. ലിറ്ററിന് 11.53 രൂപ വര്‍ധിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇത്. ഡീസല്‍ ലഭ്യതയില്‍ വരുന്ന ഈ കുറവാണ് ആയിരത്തോളം സര്‍വീസുകളെ പ്രതികൂലമായി ബാധിക്കാന്‍പോകുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം 3000-ല്‍പ്പരം കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രമേ ഇനി നിരത്തുകളില്‍ സര്വീസിനെത്തുകയുള്ളൂ. ഇന്നലെ മാത്രം നൂറോളം സര്‍വീസുകള്‍ നിര്‍ത്തി. ശബരിമല സര്‍വീസ് കഴിഞ്ഞ് മടങ്ങുന്ന സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കാന്‍ ഡിപ്പോകള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഡീസലിന്റെ ലഭ്യതയും ബസ്സുകളുടെ എണ്ണവും കണക്കാക്കുമ്പോള്‍ ആയിരത്തോളം ബസ്സുകള്‍ അടിയന്തരമായി നിരത്തുകളില്‍നിന്നും പിന്‍വലിക്കേണ്ട സ്ഥിതിയാണുള്ളത്. അങ്ങനെയാണെങ്കില്‍ ഇത് പ്രതിദിന വരുമാനത്തില്‍ ചുരുങ്ങിയത് 70 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കും. ശരാശരി പ്രതിവര്‍ഷം 250 കോടി രൂപ വരുമാന നഷ്ടത്തിലേക്കാണ് ഇത് കോര്‍പ്പറേഷനെ കൊണ്ടുചെന്നെത്തിക്കുക. കോര്‍പ്പറേഷന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ നഷ്ടം 720 കോടി രൂപയാണെന്നാണ് ഔദ്യോഗികകണക്ക്. അതോടൊപ്പം 250 കോടി കൂടിയാകുമ്പോള്‍ ഈ പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രതിവര്‍ഷ നഷ്ടം ആയിരം കോടിയോളം രൂപയായി വര്‍ധിക്കും.
5200 ഷെഡ്യൂളുകളില്‍ 4800 സര്‍വ്വീസുകളാണ് സാധാരണ നടത്തുന്നത്. ഇതില്‍ 1100 ഓളം സര്‍വ്വീസുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ത്തലാക്കി. വയനാട് ജില്ലയിലെ പകുതിയിലധികം സര്‍വ്വീസുകള്‍ റദ്ദാക്കും. ഇവിടെ കൂടുതലും മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും നിര്‍ദ്ദേശത്തെത്തുടര്‍ന്ന് സര്‍വ്വീസുകള്‍ ആരംഭിച്ചതാണ്. കിലോമീറ്ററിന് 15 മുതല്‍ 20 രൂപവരെ കിട്ടാത്ത സര്‍വ്വീസുകളാണ് കൂടുതലും ഇതെല്ലാം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഡീസല്‍ വില വര്‍ധനവില്‍ ഇളവു നല്കുവാന് എണ്ണക്കമ്പനികള്‍ തയ്യാറായില്ലെങ്കില്‍ ബസ്യാത്രാനിരക്ക് കെഎസ്ആര്‍ടിസി വര്‍ധിപ്പിക്കും. പ്രതിവര്‍ഷം ആയിരം കോടിയുടെ നഷ്ടം സഹിച്ച് കെഎസ്ആര്‍ടിസിക്ക് സേവനമേഖലയില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കെഎസ്ആര്‍ടിസിക്ക് യാതൊരുവിധ സാമ്പത്തികസഹായവും നല്കുവാന് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനസ്ഥിതി അനുവദിക്കുന്നില്ലെന്നാണ് ധനകാര്യമന്ത്രി കെ.എം. മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
യാത്രാനിരക്ക് വര്‍ധനവ് മാത്രമാണ് പ്രശ്നപരിഹാരത്തിനുള്ള ഏക പോംവഴിയെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം. ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ്, എക്സ്പ്രസ് ബസ്സുകള്‍ക്ക് 15 മുതല്‍ 25 ശതമാനം വരെ നിരക്ക് കൂട്ടിയാല്‍ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിച്ച് കെഎസ്ആര്‍ടിസിക്ക് പിടിച്ചുനില്ക്കാമെന്നാണ് കണക്കുകൂട്ടല്‍. ഡീസല്‍വില വര്‍ധനവ് അയല്‍ സംസ്ഥാനങ്ങളിലെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ പ്രവര്‍ത്തനത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. 22,000 ത്തോളം ബസുകള്‍ പൊതുമേഖലയില്‍ സര്‍വീസ് നടത്തുന്ന തമിഴ്നാടിന്റെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് പ്രതിവര്‍ഷം 660 കോടിയുടെ അധികഭാരമാണുണ്ടായിരിക്കുന്നതെന്ന് അവിടെനിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.
കര്‍ണാടകയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രതിവര്‍ഷം 600 കോടിയുടെ അധികബാധ്യതയാണ് ഡീസല്‍ വില വര്‍ധനമൂലമുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ അധികബാധ്യത. 25 ശതമാനത്തോളം ബസ്ചാര്‍ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ പിടിച്ചുനില്ക്കാന് കഴിയില്ലെന്നാണ് ഔദ്യോഗിക വിലയിരുത്തല്‍. ഇതിന് പുറമെ ഡീസല്‍ വൈദ്യുതിനിലയങ്ങളുടെ ചെലവും ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ ക്രമാതീതമായി ഉയരും. കേന്ദ്രനയം പൊതുമേഖലക്ക് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.
- എം.കെ. സുരേഷ്കുമാര്‍
സര്‍ക്കാരിന്റെ വക സൂപ്പര്‍ടാക്സ്
തിരുവനന്തപുരം: അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കെഎസ്ആര്‍ടിസിയ്ക്ക് നല്കുന്ന ഡീസലിന് സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്നത് സൂപ്പര്‍ ടാക്സ്. സൂപ്പര്‍ ടാക്സ് ഒഴിവാക്കിയാല്‍ തന്നെ ഇപ്പോഴത്തെ അധികച്ചെലവ് കോര്പ്പറേഷന് ലാഭിക്കാന്‍ കഴിയും. 24 ശതമാനം നികുതിയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. എന്നാല്‍ കെഎസ്ഇബിയില്‍ നിന്നും സര്‍ക്കാര്‍ ഈടാക്കുന്നത് വെറും 4 ശതമാനം നികുതിയാണ്.
കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നികുതി വേണ്ടെന്ന് വയ്ക്കുകയോ, കെഎസ്ഇബിയുടേതുപോലെ 4 ശതമാനം ആക്കുകയോ ചെയ്താല്‍ ഒരു പരിധിവരെ കോര്പ്പറേഷന് പിടിച്ചുനില്ക്കാന് കഴിയും. ഇതിനിടെ കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വന്‍ കുറവുണ്ടായത് കോര്‍പ്പറേഷനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. കഴിഞ്ഞ ശനിയാഴ്ച മാത്രം 60 ലക്ഷം രൂപയുടെ കുറവാണുണ്ടായത്. തിങ്കളാഴ്ച 52 ലക്ഷം രൂപയുടേതും. രണ്ടുകൂടി 1 കോടി 12 ലക്ഷം രൂപയുടെ കുറവ്.
അഞ്ച് കോടി 30 ലക്ഷം രൂപയാണ് സാധാരണ ശനി, തിങ്കള്‍ ദിവസങ്ങളിലെ വരുമാനം. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച ഇത് 4 കോടി 7 ലക്ഷം രൂപയായി കുറഞ്ഞു. തിങ്കളാഴ്ച 4 കോടി 80 ലക്ഷം മാത്രമായിരുന്നു കളക്ഷന്‍. ഷെഡ്യൂള്‍ വെട്ടിക്കുറച്ചതാണ് കളക്ഷന്‍ കുറയാന്‍ കാരണം.
കിലോമീറ്ററിന് 30 രൂപയെങ്കിലും കളക്ഷന്‍ കിട്ടുന്ന സര്‍വ്വീസുകള്‍ മാത്രം ഓടിച്ചാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. 39 രൂപ കിട്ടിയാലെ ലാഭവും നഷ്ടവുമില്ലാതെ സര്‍വ്വീസ് നടത്താന്‍ കഴിയൂ. നിലവില്‍ 20 രൂപ കിട്ടുന്ന തരത്തിലാണ് സര്‍വ്വീസ് നടത്തുന്നത്.
- ആര്. അജയകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: