മരട്: നെട്ടൂര്‍ സ്വദേശിയായ യുവാവിന് പനങ്ങാട് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതിഷേധം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സോജിഷ് സോമന് (28)നാണ് പോലീസ് മര്‍ദ്ദനത്തിനിരയായത്. അയല്‍ വാസിയായ ഷാജിയുമായി ഉണ്ടായവാക്കേറ്റം അടിപിടിയില്‍ കലാശിച്ചിരുന്നു. ഷാജി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പോലീസ് നടപടി.
കേസില്‍ പ്രതിയാക്കപ്പെട്ട സോജിഷും എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കേസില്‍നിന്നും രക്ഷപ്പെടാനുള്ള അടവാണിതെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനിടെ സോജിഷിനെ കസ്റ്റഡിയിലെടുക്കണമെന്ന് ഒരു മന്ത്രിയുടെ ഓഫീസില്‍നിന്നും പോലീസിനു മേല്‍സമ്മര്‍ദ്ദം ഉണ്ടായത്രേ. തുടര്‍ന്നാണ് ഒത്തുതീര്‍ക്കാനെന്ന ഭാവത്തില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചതും കേസ് ചാര്‍ജു ചെയ്ത് അറസ്റ്റു രേഖപ്പെടുത്തിയതെന്നുമാണ് ആക്ഷേപം.
മജിസ്ട്രേട്ടിനു മുമ്പില്‍ ഹാജരാക്കിയ വേളയില്‍ സോജിഷ് തനിക്ക് മര്‍ദ്ദനമേറ്റതായി കോടതിയില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ മെഡിക്കല്‍ പരിശോധനാറിപ്പോര്‍ട്ട് ലഭിച്ചശേഷം അതുള്‍പ്പെടെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്കുവാന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് നിര്‍ദ്ദേശിക്കുകയായിരുന്നു.
യുവാവിന് മര്ദ്ദനമേറ്റതായിതന്നെയാണ് ഡോക്ടറുടെ റിപ്പോര്‍ട്ടിലെ ഉള്ളടക്കം എന്നാണു സൂചന. അങ്ങിനെയെങ്കില്‍ അതിനുമേല്‍ പനങ്ങാട് എസ്ഐക്കെതിരെ നടപടിയും ഉണ്ടായേക്കാം. ഈ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കാന്‍ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് വീണ്ടും ഇടപെടല്‍ നടത്തുന്നതായാണ് പട്ടികജാതി സംഘടനകള്‍ ആരോപിക്കുന്നത്.
ദളിത് യുവാവിനെ മര്‍ദ്ദിച്ച പനങ്ങാട് എസ്ഐക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ്ഗ പീഡനനിരോധന നിയമം അനുസരിച്ച് കേസെടുക്കണമെന്ന് കേരള ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റ് സി.എസ്.മുരളി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: