ഭോപ്പാല്‍: സരബ്ജിത്സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗര്‍ കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്ത്. 1990 മുതല്‍ സരബ്ജിത്ത്സിംഗ് പാക് തടവറയിലാണ്. തന്റെ സഹോദരന്റെ മോചനത്തിന് ആവശ്യമായ കാലാനുസൃതമായ നടപടികള്‍ ഒന്നും തന്നെ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്നാണ് ദല്‍ബീര്‍ കൗര്‍ കുറ്റപ്പെടുത്തുന്നത്. സരബ്ജിത്തിന്റെ മോചനം സാധ്യമാക്കുന്നതിന് ശബ്ദമുയര്‍ത്താന്‍ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിയതായിരുന്നു ദല്ബീര്കൗറും സിംഗിന്റെ മകള്‍ പൂനവും. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്ത് സരബ്ജിത്തിന്റെ മോചനത്തിനായി ദല്‍ബീര്‍ കൗര്‍ അദ്ദേഹത്തെ നേരിട്ട് സന്ദര്‍ശിച്ച് അപേക്ഷിച്ചിരുന്നു. എന്നാല്‍ യാതൊരു ഫലവും ഉണ്ടായില്ല. ഇപ്പോള്‍ സരബ്ജിത്തിന്റെ കുടുംബമൊന്നോക്ക് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കണമെന്ന് അപേക്ഷിച്ചു. തന്റെ അച്ഛനെ രക്ഷിക്കണമെന്ന ആവശ്യമാണ് പൂനമുയര്ത്തിയത്. ഇതുവരെ യാതൊരു നടപടിയും ഈ കേസില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. 173 നേതാക്കളെയാണ് തന്റെ അച്ഛന്റെ മോചനം സാധ്യമാക്കുന്നതിനായി ഇതുവരെ കണ്ടതെന്ന് പൂനം പറഞ്ഞു. ഇവരിലാരും സഹായത്തിനുള്ള ശ്രമം പോലും നടത്തിയിട്ടില്ല.
1990 ല്‍ ലാഹോറിലും ഫൈസലാബാദിലും നടന്ന ബോംബ്സ്ഫോടന പരമ്പരകളില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സരബ്ജിത്തിനെ ജയിലില്‍ അടച്ചിരിക്കുന്നത്. താനൊരു കര്‍ഷകനാണെന്നും തെറ്റിദ്ധരിച്ച് തന്നെ പിടികൂടിയതാണെന്നുമുള്ള സരബ്ജിത്തിന്റെ വാദം കോടതി സ്വീകരിച്ചിട്ടില്ല. 1991 ല്‍ സരബ്ജിത്തിന് വധശിക്ഷ വിധിച്ചു. ശിക്ഷ ഇതുവരെ നടപ്പാക്കാത്തതിനാല്‍ അദ്ദേഹത്തിനെ മോചിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: