കൊച്ചി: മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ. രാജഗോപാല്‍ കേരളത്തിന് നല്കിയ സംഭാവനകള്‍ നിസ്തുലമാണെന്ന് നിയമസഭാ സ്പീക്കര്‍ ജി. കാര്ത്തികേയന് ചൂണ്ടിക്കാട്ടി. എല്ലാ അര്‍ത്ഥത്തിലും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകാപുരുഷനായ ഒ. രാജഗോപാല്‍ കേരളത്തില്‍ റെയില്‍വേക്ക് നല്കിയ സഹായത്തിനപ്പുറം നമുക്ക് എന്ത് കിട്ടിയെന്ന് സ്വയം വിലയിരുത്തുന്നത് നന്നായിരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബും അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്ത ചടങ്ങ് കൊച്ചിയില്‍ ഉദ്ഘാടനംചെയ്തശേഷം സംസാരിക്കുകയായിരുന്നു ഇരുവരും. അനിഷ്ടമായതു പറഞ്ഞാല്‍ മുഖം വീര്‍പ്പിച്ച് നില്ക്കുന്ന രാഷ്ട്രീയ സമൂഹത്തിനുള്ളില്‍ വിനയത്തിന്റെയും സൗമ്യതയുടെയും ധാര്മ്മികമര്യാദകളുടെയും വേറിട്ട വ്യക്തിത്വമാണ് രാജഗോപാലെന്നും സ്പീക്കര്‍ പറഞ്ഞു.
ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റിന്റെ (ഐസിഎം) സെന്റ് ജോര്‍ജ് പുരസ്ക്കാരം ഒ. രാജഗോപാലിനും കള്‍ച്ചറല്‍ അവാര്‍ഡ് സിനിമാനടി മീരാ ജാസ്മിനും പ്രവാസി പുരസ്ക്കാരം ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ചെയര്മാന് വര്‍ഗീസ് മൂലനും സ്പീക്കര്‍ സമ്മാനിച്ചു. ഐസിഎമ്മിന്റെ 13-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു പുരസ്ക്കാര വിതരണം. അവാര്‍ഡ് ജേതാക്കളെ റിട്ട. ജസ്റ്റിസ് കെ. പത്മനാഭന്നായര് തലപ്പാവുകള്‍ അണിയിച്ചു.
ചടങ്ങില്‍ ഐസിഎം ദേശീയ അധ്യക്ഷനും കര്‍ണാടക മുന്‍ കാബിനറ്റ്മന്ത്രിയും ചീഫ് സെക്രട്ടറിയുമായ ജെ. അലക്സാണ്ടര്‍ ഐഎഎസ് അധ്യക്ഷനായിരുന്നു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ഐസിഎം ഡയറി മീരാജാസ്മിന് നല്കി പ്രകാശനംചെയ്തു. സംസ്ഥാന സബ് ജൂനിയര്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ ബാബുവിന് മീരാജാസ്മിന് പുരസ്ക്കാരം നല്കി. 2006 ല്‍ ജനസേവാ ശിശുഭവന് പ്രവര്‍ത്തകര്‍ തീവണ്ടിയില്‍നിന്ന് കണ്ടെത്തിയ കുട്ടിയാണ് ബാബു. പുരസ്ക്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. ഐസിഎം സെക്രട്ടറി ജനറല്‍ അഡ്വ. കെ.വി. സാബു സ്വാഗതവും ഐസിഎം കേരള സെക്ടര്‍ പ്രസിഡന്റ് ജോസ് മാവേലി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: