കൊച്ചി: വിജ്ഞാനവീഥി വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കും. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയമസഭ നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുക്കുന്ന ഓരോ സര്‍ക്കാര്‍ വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് പൊതുവിജ്ഞാനം വര്‍ധിപ്പിക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിനും സഹായകമായ 1500 രൂപയുടെ പുസ്തകങ്ങള്‍ സൗജന്യമായി സമ്മാനിക്കും. 1550 വിദ്യാര്‍ഥികള്‍ക്കാണ് ആദ്യഘട്ടത്തില്‍ പുസ്തകങ്ങള്‍ നല്‍കുന്നത്. നിഘണ്ടു, ശബ്ദതാരാവലി, എന്‍സൈക്ലോപീഡിയ സി.ഡി, പൊതുവിജ്ഞാന പുസ്തകങ്ങള്‍, ഇയര്‍ ബുക്കുകള്‍, ജീവചരിത്രം എന്നിവയാണ് നല്‍കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചെറായി രാമവര്‍മ്മ യൂണിയന് ഹൈസ്ക്കൂളിലെ പത്താം തരത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പുസ്തകങ്ങള്‍ സമ്മാനിച്ചു കൊണ്ടാണ് പദ്ധതി ആരംഭിക്കുന്നത്. ചെറായിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന് പുറമെ എസ്. ശര്‍മ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, പ്രമുഖ പത്രപ്രവര്ത്തകന് ടി.വി.ആര്. ഷേണായി എന്നിവര്‍ പങ്കെടുക്കും.
22ന് രാവിലെ ഒമ്പതിന് ഫോര്‍ട്ടുകൊച്ചി ഇ.എം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ അധ്യക്ഷത വഹിക്കും. സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി. ബെന്നി, മേയര്‍ ടോണി ചമ്മിണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. 11.30ന് കളമശ്ശേരി നിയോജകമണ്ഡലത്തിലെ മുപ്പത്തടം ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി, പ്രമുഖ പത്രപ്രവര്ത്തകന് കെ.എം. റോയി എന്നിവര്‍ പങ്കെടുക്കും. രണ്ടു മണിക്ക് തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ ബെന്നി ബഹന്നാന് എംഎല്‍എ, മേയര്‍ ടോണി ചമ്മിണി, മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് എന്നിവര്‍ പങ്കെടുക്കും.
22ന് ഉച്ചയ്ക്ക് മൂന്നരയ്ക്ക് പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ വി.ഡി. സതീശന് എംഎല്‍എ, കെ.പി. ധനപാലന് എംപി, കേരള പബ്ലിക്ക് സര്‍വീസ് കമ്മീഷന് ചെയര്മാന് ഡോ. കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുക്കും. വിജ്ഞാനവീഥി പദ്ധതിയുടെ രണ്ടാംഘട്ടമായി വിദ്യാലയങ്ങളില്‍ വിജ്ഞാന ക്ലാസുകള്‍, ക്വിസ് മത്സരങ്ങള്‍, സംവാദങ്ങള്‍ എന്നിവയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: