ഇസ്ലാമാബാദ്/ന്യൂദല്‍ഹി: പാക് വാണിജ്യ മന്ത്രി മക്ദൂം അമീം ഫഹീം ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കുന്നതായി അദ്ദേഹം ഇന്നലെ അറിയിച്ചു. അതിര്‍ത്തിയില്‍ അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം റദ്ദാക്കിയത്. പാക് സര്‍ക്കാരിനെതിരെ പോരാട്ടം ആരംഭിച്ച തഹീര്‍ ഉള് ഖദ്രിയുടെ വിഷയവും സന്ദര്‍ശനം മാറ്റിവെച്ചതിനെ ബാധിച്ചിട്ടുണ്ടെന്ന് ഫഹീം മാധ്യമങ്ങളോട് പറഞ്ഞഞ്ഞു. പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് തഹീര്‍ ഉന്നയിക്കുന്നത്.
ഈ മാസം 27 മുതല്‍ 29 വരെ നടക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കാന്‍ വാണിജ്യ മന്ത്രിയും അദ്ദേഹത്തിന്റെ സെക്രട്ടറിയും എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സന്ദര്‍ശനം റദ്ദാക്കുകയായിരുന്നു. സന്ദര്‍ശനം റദ്ദാക്കിയെന്ന വാര്‍ത്ത പാക് വാണിജ്യ മന്ത്രാലയം ആദ്യം നിഷേധിച്ചിരുന്നു. ഇതിനിടെയാണ് വാണിജ്യമന്ത്രി നേരിട്ട് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുന്നത്. ഇന്ത്യയിലെ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മ്മയുമായി കൂടിക്കാഴ്ച്ച നടത്താനും നിശ്ചയിച്ചിരുന്നു. പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ചകള്‍ ക്രമേണ ശരിയായ പാതയിലാകുമെന്ന് വിദേശകാര്യമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങള്‍ നല്കുന്ന വാര്‍ത്തകള്‍ സമാധാന പ്രക്രിയയെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഖുര്‍ഷിദ്. തിരക്കിട്ട് ഒരു തീരുമാനം കൈക്കൊള്ളേണ്ട ഒരു വിഷയമല്ല സമാധാന ചര്‍ച്ചയെന്നും ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരെ വധിച്ച സംഭവം സര്‍ക്കാരിനെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് വ്യതിചലിച്ചിട്ടുള്ള ചര്‍ച്ചകള്‍ ചില മാധ്യമങ്ങളില്‍ വരുന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ സ്വതന്ത്രമായ ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു സ്വതന്ത്ര സമൂഹത്തില്‍ ജീവിക്കുന്നവരെന്ന നിലയ്ക്ക് മാധ്യമങ്ങളില്‍ വരുന്ന ശരിയായ കാര്യങ്ങളെ സ്വീകരിക്കാനും തെറ്റായവയെ തിരസ്കരിക്കാനും അവകാശമുണ്ട്. ഇന്ത്യാ-പാക് സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മില്‍ നടത്തിയ ചര്‍ച്ച അനുകൂലമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള സമാധാന ചര്‍ച്ച നിര്‍ത്തിവെച്ചുവോ എന്ന ചോദ്യത്തിന് അങ്ങനെ തോന്നുന്നില്ലെന്നായിരുന്നു ഖുര്‍ഷിദിന്റെ മറുപടി.
പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിനുവേണ്ടിയുള്ള അന്തരീക്ഷം സംജാതമായിട്ടില്ലെന്നും ഖുര്‍ഷിദ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: