ഒരു കലോത്സവത്തിനുകൂടി തിരശ്ശീല താഴുകയാണ്. മാമാങ്കത്തിന്റെ മണ്ണ് കൗമാര കലാമേളയെ വാരിപ്പുണര്‍ന്നു. ഓരോ വര്‍ഷവും സ്കൂള്‍ കലോത്സവത്തിന്റെ മാറ്റ് കൂടിക്കൂടി വരുന്നുവെന്നാണ് മലപ്പുറവും കാട്ടിത്തരുന്നത്. കലോത്സവത്തിനെത്തിയ ജനക്കൂട്ടം ഇനിയും നശിച്ചിട്ടില്ലാത്ത കരുണയുടെ സ്നേഹത്തിന്റെ, ആര്‍ദ്രതയുടെ, കലാസ്നേഹത്തിന്റെ തെളിവുകൂടിയാണ്.
ഒരു കലോത്സവം അവസാനിക്കുമ്പോള്‍, അതാസ്വദിച്ചവരുടെ മനസ്സില്‍ വേദനയുടെ നനവ് പടരും. കലോത്സവ വേദിയില്‍നിന്ന് വിട്ടുപോരാന്‍ ആര്‍ക്കും ആകില്ല. കലാപരിപാടികളുമായി എത്തിയ കുട്ടികള്‍ക്ക്, അവരുടെ അധ്യാപകര്‍ക്ക്, രക്ഷിതാക്കള്‍ക്ക്, സംഘാടകര്‍ക്ക്, മാധ്യമപ്രവര്‍ത്തകര്‍ക്ക്……എല്ലാവര്ക്കും വേര്‍പാടിന്റെ വേദന. സ്കൂള്‍ കലോത്സവങ്ങള്‍ അങ്ങനെയാണ്. എത്ര കണ്ടാലും അനുഭവിച്ചാലും മതിയാകില്ല. ഈ പകലുകള്‍ അസ്തമിക്കാതിരുന്നെങ്കില്‍… ഈ രാത്രികള്‍ പുലരാതിരുന്നെങ്കില്‍….അങ്ങനെയാണ് കലോത്സവത്തിനെത്തുന്ന എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു കലോത്സവം അവസാനിക്കുമ്പോള്‍ കൂടുതല്‍ നല്ല ഒരു കലോത്സവം വരാനിരിക്കുന്നുണ്ടെന്ന തിരിച്ചറിവാണ് പ്രതീക്ഷ നല്‍കുന്നത്. അതൊരു കാത്തിരിപ്പുകൂടിയാണ്. ഒരു കലോത്സവത്തില്‍നിന്ന് മറ്റൊന്നിലേക്കുള്ള കാത്തിരിപ്പ്…..
സംസ്ഥാന സ്കൂള്‍ കലോത്സവ വേദികള്‍ എന്നും താരോദയങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. സാഹിത്യം, സംഗീതം, അഭിനയം തുടങ്ങി വിവിധ രംഗങ്ങളില്‍ പില്ക്കാലത്ത് താരങ്ങളായ ഒട്ടേറെ പേരുടെ ഉദയം കലോത്സവ വേദികളില്‍നിന്നായിരുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ പേര് മലയാളത്തിന്റെ ഗാനഗന്ധര്വന് യേശുദാസിന്റേതാണ്. 1958 ല്‍ തിരുവനന്തപുരത്ത് നടന്ന രണ്ടാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിലാണ് യേശുദാസ് സംഗീത രംഗത്തേക്കുള്ള തന്റെ വരവറിയിച്ചത്. 58 ല്‍ ലളിതഗാനം, ശാസ്ത്രീയ സംഗീതം എന്നിവയ്ക്ക് യേശുദാസ് സമ്മാനാര്‍ഹനായി. അക്കൊല്ലം ലയവാദ്യം എന്ന ഇനത്തില്‍ സമ്മാനം ലഭിച്ചത് പിന്നീട് മലയാള സിനിമാഗാനരംഗത്ത് ഭാവഗായകനായിമാറിയ പി.ജയചന്ദ്രനായിരുന്നു. 59ല്‍ വായ്പ്പാട്ടിനും 61ല്‍ ലളിത ഗാനത്തിനും ജയചന്ദ്രന് ഒന്നാമതെത്തി.
സ്വരമാധുരികൊണ്ട് സിനിമാഗാനരംഗം കീഴടക്കിയ ഒട്ടേറെ പ്രതിഭകള്‍ കലോത്സവ വേദികളില്‍നിന്ന് ഉദിച്ചുയര്‍ന്നവരാണ്. 1976ല്‍ ജി.വേണുഗോപാല്‍, 1978 ല്‍ കെ.എസ്.ചിത്ര, 1974ലും 76ലും സുജാത, അതേ വര്‍ഷങ്ങളില്‍ ബി.അരുന്ധതി, 1975ല്‍ ടി.എന്‍.കൃഷ്ണചന്ദ്രന് എന്നിവര്‍ ശ്രദ്ധേയമായ വിജയം സ്വന്തമാക്കി. പിന്നീട് ഇവരെല്ലാം സിനിമാ പിന്നണി ഗാനരംഗത്ത് താരങ്ങളായി മാറുകയായിരുന്നു. 1960ല്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ ഒന്നാമതെത്തിയത് പെരുമ്പാവൂര്‍ ജി.രവീന്ദ്രനാഥാണ്. 71, 74 വര്‍ഷങ്ങളില്‍ ശാസ്ത്രീയ സംഗീത മത്സരത്തില്‍ വിജയികളായത് കാവാലം ശ്രീകുമാറും ടി.ശ്രീനിവാസനുമാണ്.
നെയ്യാറ്റിന്‍കര മോഹനചന്ദ്രന്, പാലാ സി.കെ.രാമചന്ദ്രന്, പട്ടണക്കാട് പുരുഷോത്തമന്, മുഖത്തല ശിവജി, പി.സുശീലാദേവി, ശങ്കരന് നമ്പൂതിരി തുടങ്ങിയവരും ആദ്യകാല കലോത്സവ വേദികളില്‍ കഴിവ് തെളിയിച്ചവരായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായ എം.ജയചന്ദ്രന് 83, 85, 86 വര്‍ഷങ്ങളില്‍ ശാസ്ത്രീയ സംഗീതം, ലളിതഗാനം എന്നീ ഇനങ്ങളില്‍ വിജയിയായി. 2000ല്‍ പാലക്കാട് നടന്ന കലോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ പ്രഥമസ്ഥാനം നേടിക്കൊണ്ടാണ് വിനീത് ശ്രീനിവാസന് തന്റെ വരവറിയിച്ചത്. ശ്രീനിവാസന്റെ മകന് എന്ന നിലയില്‍ അപ്പോള്‍ത്തന്നെ താരപരിവേഷത്തിലായിരുന്നു വിനീത്.
നൃത്തം, മോണോആക്ട് തുടങ്ങിയ ഇനങ്ങളില്‍ കലോത്സവ വേദികളുടെ മനംകവര്‍ന്ന ഒട്ടേറെ താരങ്ങള്‍ പിന്നീട് കലാലോകത്തിന്റെ അഭിമാനതാരങ്ങളായി മാറിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത് മഞ്ജുവാരിയരാണ്. 92, 95 വര്‍ഷങ്ങളില്‍ സംസ്ഥാന കലാതിലകമായിരുന്നു മഞ്ജുവാരിയര്‍. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, കുച്ചുപ്പുടി, കഥകളി, വീണ, തമിഴ്പദ്യം ചൊല്ലല്‍ എന്നീ ഇനങ്ങളില്‍ വിജയം കൊയ്തെടുത്താണ് മഞ്ജു കലോത്സവവേദിയില്‍ തിലകമായത്. നടിമാരായ കാവ്യാമാധവന്, നവ്യാനായര്‍, വിന്ദുജാമേനോന്‍, അമ്പിളിദേവി, നീനാപ്രസാദ്, പൊന്നമ്പിളി, താരാകല്യാണ്‍ തുടങ്ങിയവരും കലോത്സവ വേദിയില്‍നിന്ന് ഉയര്‍ന്നുവന്ന താരങ്ങളാണ്.
1983 മുന്നുമുതല്‍ 86 വരെ തുടര്‍ച്ചയായി ആണ്‍കുട്ടികളുടെ വിഭാഗം ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ വിജയിയായത് പിന്നീട് മലയാളിയുടെ ഇഷ്ടതാരമായി വളര്‍ന്ന വിനീതാണ്. 86 ല്‍ വിനീത് കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ ബാബുചന്ദ്രന് എന്ന പേരില്‍ നാടോടിനൃത്തത്തില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാര്‍ത്ഥി പിന്നീട് ഇടവേള ബാബുവായി മാറി. 88, 89, 92, 93 വര്‍ഷങ്ങളില്‍ മറ്റൊരു താരത്തിന്റെ ഉദയത്തിന് കലോത്സവ വേദികള്‍ സാക്ഷ്യം വഹിച്ചു. സിനിമാരംഗത്ത് ശ്രദ്ധേയനായ വിനീത് കുമാര്‍ ആയിരുന്നു അത്.
രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും പ്രതിഭ തെളിയിച്ച പലരും കലോത്സവ വേദികളില്‍ തിളങ്ങിയവരാണ്. മുന്‍ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറിയും പാര്‍ലമെന്റ് അംഗവുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ 1962 ല്‍ പ്രസംഗ മത്സരത്തില്‍ വിജയിയായിരുന്നു. ഭരണ രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിച്ച സി.കെ.കോശി ഐ എ എസ്, ജിജിതോംസണ് ഐ എ എസ് എന്നിവരും കലോത്സവ വേദികളില്‍ പ്രസംഗ മത്സരങ്ങളില്‍ വിജയികളായവരാണ്. ശാസ്ത്രീയ സംഗീത രംഗത്തും ഉപകരണ സംഗീത രംഗത്തും പ്രതിഭ തെളിയിച്ച പലരും ആദ്യമായി വരവറിയിച്ചത് കലോത്സവ വേദികളിലായിരുന്നു. കുടമാളൂര്‍ ജനാര്ദ്ദനന്, തിരുവിഴ ശിവാനന്ദന്, കെ.എസ്.ഗോപാലകൃഷ്ണന്, കെ.വിശ്വനാഥന്, എറണാകുളം എസ്.രാമകൃഷ്ണന്, ടി.എച്ച്.സുബ്രഹ്മണ്യം, തൃശ്ശൂര്‍ സി.നരേന്ദ്രന്, ചേര്‍ത്തല എന്‍.ശ്രീകുമാര വര്‍മ്മ, ടി.എച്ച്.ലളിത, ടി.എച്ച്.വസന്ത, കുഴല്‍മന്ദം രാമകൃഷ്ണന് തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
2005ല്‍ കലാപ്രതിഭ – കലാതിലകം പട്ടങ്ങള്‍ നിര്‍ത്തലാക്കുകയും ഗ്രേഡിംഗ് സമ്പ്രദായം ആരംഭിക്കുകയും ചെയ്തതോടെ വ്യക്തിഗത പ്രതിഭ തെളിക്കുന്നതിനും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നതിനും മുന്‍പത്തെപ്പോലെ കഴിയാറില്ലെങ്കിലും ഒട്ടേറെ പ്രതിഭകള്‍ ഇപ്പോഴും കലോത്സവ വേദികളെ സമ്പന്നമാക്കുന്നുണ്ട്. കേരളത്തിന്റെ സാഹിത്യ, സിനിമ, സംഗീത ശാഖകളെ സമ്പന്നമാക്കുന്നതില്‍ സ്കൂള്‍ കലോത്സവം വഹിക്കുന്ന പങ്ക് നിസ്തുലമാണ്.
ഇക്കുറിയും ഒട്ടേറെ പ്രതിഭകളുടെ അരങ്ങേറ്റത്തിനും മാറ്റുരക്കലിനുമാണ് കലാകേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
സ്കൂള്‍ കലോത്സവങ്ങളുടെ ഏറ്റവും പ്രധാന ആകര്‍ഷണീയതകളില്‍ ഒന്നായിരുന്നു കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍. എന്നാല്‍ 2005 ല്‍ ഇത് നിര്‍ത്തലാക്കിയതോടെ കലാതിലകം കലാപ്രതിഭ പട്ടങ്ങള്‍ക്കായുള്ള ആവേശകരമായ മത്സരങ്ങള്‍ക്ക് അറുതിവന്നു. കഴിഞ്ഞ വര്‍ഷം തൃശ്ശൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നെങ്കിലും പിന്നീട് വേണ്ടെന്ന് വെക്കുകയായിരുന്നു. കലോത്സവത്തിന്റെ മത്സര സ്വഭാവം വര്‍ദ്ധിപ്പിക്കാനും അവസാന നിമിഷംവരെയും പോരാട്ടത്തിന്റെ വീറ് നിലനിര്‍ത്താനും കലാതിലകം, കലാപ്രതിഭ പട്ടങ്ങള്‍ ആവശ്യമാണെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ അനാവശ്യമായ മത്സരങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്ന് മറുവിഭാഗം വാദിക്കുന്നു.
തൃശ്ശൂരില്‍ 1986 ല്‍ നടന്ന കലോത്സവത്തിലാണ് ആദ്യമായി കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ ഏര്‍പ്പെടുത്തിയത്. മേളയില്‍ ഏറ്റവും കൂടുതല്‍ പോയന്റുകള്‍ നേടുന്ന പെണ്‍കുട്ടിക്ക് കലാതിലകം പട്ടവും, ആണ്‍കുട്ടിക്ക് കലാപ്രതിഭ പട്ടവും ആണ് നല്‍കിയിരുന്നത്. കലാതിലകം എന്ന പേര് നിര്‍ദ്ദേശിച്ചത് കവി ചെമ്മനം ചാക്കോ ആണ്. തൃശ്ശൂര്‍ സ്വദേശിയായ പി.എം.ഷാഹുല്‍ ഹമീദാണ് കലാപ്രതിഭ എന്ന പേര് നിര്‍ദ്ദേശിച്ചത്. ആദ്യവര്‍ഷത്തെ കലാപ്രതിഭ വിനീതും കലാതിലകം പൊന്നമ്പിളിയുമായിരുന്നു. ഇവര്‍ പിന്നീട് അഭ്രപാളികളിലെ താരങ്ങളായി വളര്‍ന്നു. പ്രതിഭ – തിലകം പട്ടങ്ങള്‍ നിര്‍ണ്ണയിക്കാന്‍ 1988 ല്‍ ചില പുതിയ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി. ഏറ്റവും കൂടുതല്‍ പോയന്റുനേടുന്ന കുട്ടി ഏതെങ്കിലും വ്യക്തിഗത ഇനങ്ങളില്‍ ഒന്നാംസ്ഥാനവും എഗ്രേഡും നേടിയാല്‍ മാത്രമെ ബഹുമതിക്ക് പരിഗണിക്കുകയുള്ളുവെന്ന് വ്യവസ്ഥ ചെയ്തു. 15 പോയന്റില്‍ കുറവ് ലഭിക്കുന്നവര്‍ക്ക് ഈ പട്ടങ്ങള്‍ക്ക് യോഗ്യത ഉണ്ടാവില്ലെന്നും തീരുമാനമായി.
രണ്ട് കുട്ടികള്‍ക്ക് തുല്യപോയന്റ് ലഭിച്ചാല്‍ അവര്‍ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇനങ്ങളിലെ പോയന്റുകൂടി കണക്കിലെടുത്താണ് പട്ടത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്തിരുന്നത്. നൃത്ത ഇനങ്ങളിലും നൃത്തേതര ഇനങ്ങളിലും ഒരുപോലെ തിളങ്ങുന്നവര്‍ക്കുമാത്രം കലാപ്രതിഭ – കലാതിലകം പട്ടങ്ങള്‍ നല്‍കിയാല്‍മതി എന്ന പരിഷ്കാരം 1999 ല്‍ നിലവില്‍ വന്നു. ഇതോടെ ആവര്ഷമടക്കം പിന്നീട് പലപ്പോഴും കലാപ്രതിഭ പട്ടങ്ങള്‍ക്ക് അവകാശികളില്ലാത്ത അവസ്ഥയായി. എന്നാല്‍ 2000ല്‍ പാലക്കാട് നടന്ന കലോത്സവത്തില്‍ ഈ നിബന്ധനയില്‍ ഇളവുവരുത്തി. നൃത്ത – നൃത്തേതര വിഭാഗങ്ങളില്‍ എഗ്രേഡോടുകൂടി രണ്ടാംസ്ഥാനമോ, മൂന്നാംസ്ഥാനമോ നേടുന്നവരെകൂടി പ്രതിഭാ പട്ടത്തിന് പരിഗണിക്കാമെന്ന് തീരുമാനമായി.
കലാതിലക പട്ടത്തിന് വേണ്ടി കോടതി കയറിയ അനുഭവവും കലാമേളയുടെ ചരിത്രത്തിലുണ്ട്. തൃശ്ശൂരില്‍ നിന്നുള്ള അപര്‍ണ കെ.ശര്‍മ്മയാണ് കലാതിലകം പട്ടത്തിനുവേണ്ടി കോടതി കയറിയത്. 2000 ല്‍ പാലക്കാട് നടന്ന കലോത്സവത്തില്‍ സാങ്കേതിക കാരണങ്ങളാല്‍ കലാതിലകപട്ടം നിഷേധിക്കപ്പെട്ട അപര്‍ണ കോടതി കയറി അനുകൂല വിധി നേടുകയും 2001 ല്‍ തൊടുപുഴയില്‍ നടന്ന കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.ജെ.ജോസഫിന്റെ കയ്യില്‍നിന്നും കിരീടം സ്വീകരിക്കുകയും ചെയ്തു. കലാതിലകം – കലാപ്രതിഭ പട്ടങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം ഇക്കുറിയും ശക്തമായി ഉയര്‍ന്നിട്ടുണ്ട്. കഴിവും പ്രതിഭയും തെളിയിക്കുന്ന കുട്ടികള്‍ക്ക് അര്‍ഹമായ അംഗീകാരവും ശ്രദ്ധയും ലഭിക്കാന്‍ ഈ പട്ടങ്ങള്‍ വഴി കഴിയുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
- ടി.എസ്.നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: