ബംഗളൂരു: ലോക്സഭയുടെ മുന്നിലുള്ള ഡയറക്ട് ടാക്സ് കോഡിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ബംഗളൂരുവില്‍ സമാപിച്ച സഹകാര്‍ ഭാരതി നാലാം ദേശീയ സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ മേഖലയിലെ സ്ഥാപനങ്ങളെ തകര്‍ത്തേക്കാവുന്ന പല വകുപ്പുകളും ഈ ബില്ലിലുണ്ട്. സഹകരണ മേഖലയുടെ വളര്‍ച്ചക്കായി മുമ്പ് നല്‍കിയിരുന്ന പല ആനുകൂല്യങ്ങളും ഇതോടെ ഇല്ലാതാവുമെന്ന ആശങ്കയുണ്ട്. സ്വകാര്യ മേഖലയ്ക്ക് ഊന്നല്‍ നല്‍കുന്നതും പൊതുമേഖലക്ക് തുരങ്കം വെയ്ക്കുന്നതുമായ വകുപ്പുകള്‍ ഇതിന്റെ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത്തരം വകുപ്പുകള്‍ ഒഴിവാക്കി പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായ വകുപ്പുകള്‍ ഉള്‍പ്പെടുത്തി വേണം ബില്ല് ലോക്സഭയില്‍ അവതരിപ്പിക്കാനെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
സഹകാര്‍ ഭാരതിയുടെ നേതൃത്വത്തിലുള്ള സഹകരണ മേഖലയെ മാതൃകയാക്കി ഭാരത സര്‍ക്കാര്‍ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സഹകരണ മേഖലയെ മാതൃകയാക്കുന്നതിലൂടെ സമൂഹത്തിന് മൊത്തമായ സാമ്പത്തിക അഭിവൃദ്ധിയും അതിലൂടെ ഏവരും സുഖമായി വസിക്കുക എന്ന ഭാരതീയ സങ്കല്‍പ്പത്തിന്റെ പൂര്ത്തീകരണവുമുണ്ടാവുകയും ചെയ്യും. അതുകൊണ്ട് സ്വകാര്യ മേഖലക്ക് പ്രാധാന്യം നല്കുന്ന സാമ്പത്തിക പരിഷ്കരണത്തില്‍ നിന്ന് ജനകീയ കൂട്ടായ്മയ്ക്ക് പ്രാധാന്യമുള്ള സാമ്പത്തിക പരിഷ്കാരങ്ങളിലേക്ക് സര്‍ക്കാരിന്റെ നയങ്ങള്‍ മാറണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ദേശീയ പ്രസിഡണ്ടായി മഹാരാഷ്ട്രയില്‍ നിന്നുള്ള സതീഷ്.ജി.മറാട്ടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഗുജറാത്തില്‍ നിന്നുള്ള പ്രൊഫ.ജിത്തുഭായ് വ്യാസ് ആണ് ദേശീയ ജനറല്‍ സെക്രട്ടറി. കേരളത്തില്‍ നിന്നുള്ള അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍ ദേശീയ സെക്രട്ടറിയാണ്. വിജയ് ദേവാംഗന്‍ ദേശീയ സംഘടനാ സെക്രട്ടറിയും ജ്യോതീര് ഭായ്മേത്ത, സതീഷ് മാണ്ഡെ, കോംഗ്കോടി പത്മനാഭ എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും രവീന്ദ്ര ഗഡ്വസ്കര് കോശാധ്യക്ഷനും സതീഷ്.ജി.മേഡി സഹകോശാധ്യക്ഷനും വിഷ്ണു ജി ബോബ്ഡെ സഹസംഘടനാ സെക്രട്ടറിയുമാണ്.
നാലാം ദേശീയ സമ്മേളനത്തിന്റെ സമാപന സമ്മേളനം ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ.വീരേന്ദ്രഹെഗ്ഡെ ഉദ്ഘാടനം ചെയ്തു. സഹകരണ സംഘങ്ങളുടെ കൂട്ടായ്മയിലാണ് സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നതെന്ന് സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തിലുള്ള മംഗലാപുരത്തെ കാമ്പ്കോവിന്റെ പ്രവര്‍ത്തനത്തെ ഉദാഹരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ലക്ഷക്കണക്കിന് സാധാരണ കര്‍ഷകരുടെ ജീവനോപാധിയായി കാമ്പ്കോ മാറിയത് സഹകാര്‍ ഭാരതിയുടെ പ്രവര്‍ത്തനത്തിലൂടെയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യഭാഷണം നടത്തി. സതീഷ് മറാട്ടെ, പ്രൊഫ.ജിത്തുഭായ് വ്യാസ്, കോംഗ്കോടി പത്മനാഭ, ഡോ.മഞ്ചുനാഥ ഗൗഡ തുടങ്ങിയവരും സംസാരിച്ചു. അഡ്വ.കെ.കരുണാകരന് നമ്പ്യാര്‍ സ്വാഗതവും വിജയ് ദേവാംഗന്‍ നന്ദിയും പറഞ്ഞു.
കെ. ഗോവിന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: