ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ചിന്തന്‍ ശിബിരത്തിന്റെ അജണ്ട നിര്‍ണയിച്ചതും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി. ശിബിരത്തിന്റെ അവസാന ദിവസമായ ഇന്നലെ കോണ്‍ഗ്രസിന്റെ പ്രധാന വിഷയം ഗുജറാത്തും നരേന്ദ്ര മോദിയും തന്നെയായിരുന്നു. ഗുജറാത്തിലെ മോദിയുടെ ഹാട്രിക് വിജയം മൂലം ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ നായകന് നരേന്ദ്രമോദിയാകുമെന്ന വിശ്വാസമാണ് കോണ്‍ഗ്രസിനിപ്പോള്‍.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പേ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള ദല്‍ഹി, കര്‍ണ്ണാടക, രാജസ്ഥാന്, ചത്തീസ്ഗഢ്, മധ്യപ്രദേശ് തുടങ്ങിയിടങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ബിജെപിയാണ്. ഇവിടങ്ങളില്‍ ബിജെപി തരംഗമുണ്ടെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. അതുകൊണ്ടാണ് യുവാക്കളെ പാര്‍ട്ടിയോട് അടുപ്പിക്കാന്‍ ശ്രമങ്ങള്‍ നടത്തണമെന്ന് ആഹ്വാനം ചിന്തന്‍ ശിബിരത്തില്‍ ഉണ്ടായത്. ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാര്‍ട്ടിയുടെ കുറവുകള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി എഐസിസി നിയോഗിച്ച സബ്കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും ബിജെപിയെ പ്രതിരോധിക്കാന്‍ കൂടുതല്‍ ശ്രമം വേണമെന്ന നിര്‍ദ്ദേശമുണ്ട്.
കേന്ദ്രത്തിലെ ഒമ്പത് വര്‍ഷത്തെ ഭരണത്തിനു ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും സര്‍ക്കാരും തമ്മില്‍ അകന്നുപോയി എന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്. ഇത് പരിഹരിക്കാന്‍ ഗാന്ധി കുടുംബത്തിലെ യുവനേതാവായ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി അണികളുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമവും ശിബിരത്തിലുണ്ടാകും. പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധിയെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കം പണ്ടേയുള്ളതാണ്. എന്നാല്‍ രാഹുല്‍ നേതൃത്വം നല്കിയ യുപി തെരഞ്ഞെടുപ്പ് പരാജയവും നരേന്ദ്രമോദിയുടെ ഗുജറാത്തിലെ ഉജ്വലവിജയവും കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കാകുലരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: