അലഹാബാദ്: അയോധ്യ പ്രക്ഷോഭത്തിന്റെ അടുത്തഘട്ടത്തെക്കുറിച്ചുള്ള വിശ്വഹിന്ദു പരിഷത്ത് മാര്‍ഗ് ദര്‍ശക് അശോക് സിംഗാളിന്റെ ആഹ്വാനം പ്രയോഗയിലെ കുംഭമേളയില്‍ ആവേശമാകുന്നു. വരുംനാളുകളില്‍ അയോധ്യ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ വിഎച്ച്പി തയ്യാറെടുത്തതായാണ് സിംഗാള്‍ പ്രഖ്യാപിച്ചത്. വിശ്വഹിന്ദു പരിഷത്തിന്റെ ഒരുലക്ഷം പ്രവര്‍ത്തകരാണ് കുംഭമേളയില്‍ ഒത്തുചേര്‍ന്നിരിക്കുന്നത്.കുംഭമേളയിലെ പ്രത്യേക വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ ഭാരതത്തിലെ എല്ലാ സന്ന്യാസി സമൂഹങ്ങളുടെയും പ്രതിനിധികളായി ആയിരത്തിലേറെ സന്ന്യാസിമാര്‍ ഒത്തുകൂടി. സന്ന്യാസി സമൂഹത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ ഹൈന്ദവസമൂഹത്തിന്റെ അസ്തിത്വം വീണ്ടെടുക്കാനുള്ള തുടര്‍നടപടികള്‍ ഉടനാരംഭിക്കും. നിരന്തരം കുറഞ്ഞുവരുന്ന ഹൈന്ദവജനസംഖ്യ, ബംഗ്ലാദേശില്‍ നിന്നുള്ള അനിയന്ത്രിത നുഴഞ്ഞുകയറ്റം, ക്ഷേത്രങ്ങള്‍ക്കു മേല്‍ സര്‍ക്കാരുകളുടെ കടന്നുകയറ്റം, അനിയന്ത്രിത ഗോഹത്യ, ഗംഗ-യമുന നദികളുടെ മലിനീകരണം എന്നിവ സനാതന ഹൈന്ദവ സംസ്കാരത്തിനു നേരെയുള്ള വെല്ലുവിളിയാണ്. അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെ തീരുമാനം അചഞ്ചലമാണ്. ശ്രീരാമന് ഇന്നും വിവാദത്തിലും കോടതിയിലുമാണെന്നത് തന്നെ ഏറെ ദുഃഖിപ്പിക്കുന്നുവെന്നും സിംഗാള്‍ പറഞ്ഞു.
1992നു ശേഷം വിശ്വഹിന്ദു പരിഷത്ത് ദുര്‍ബലമായെന്ന വാദത്തെ ഖണ്ഡിച്ച സിംഗാള്‍ നിരന്തര പ്രക്ഷോഭങ്ങള്‍ക്ക് കോടിക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുചേരുകയാണെന്ന് ഓര്‍മിപ്പിച്ചു. ഭാരതത്തിലെ സാധാരണ ജനങ്ങള്‍ വിഎച്ച്പിക്കൊപ്പമാണ്. അയോധ്യയിലെ രാമക്ഷേത്രത്തിനായി വന്‍പ്രക്ഷോഭം തുടരും. ഇത് വന്പ്രചോദനമായിരിക്കും. വിശ്വഹിന്ദു പരിഷത്തിന് ഭാരതത്തിലെ മുഴുവന്‍ സന്ന്യാസി സമൂഹവും ആചാര്യവിഭാഗവും ഒരേ ചരടില്‍ കോര്‍ത്ത മുത്തുകളാണ്. അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: