മലപ്പുറം: പതിഞ്ഞ താളത്തില്‍ തുടങ്ങി കൊട്ടിക്കയറുന്ന ഒരു മേളപ്പെരുക്കംപോലെ; ചന്നംപിന്നം പെയ്ത് പിന്നെ ഒരു പെരുമഴയായി പെയ്തുതോരുന്ന മാരിപോലെ മലപ്പുറത്ത് കലോത്സവം പെയ്ത് നിറയുകയായിരുന്നു. കൊടിയിറക്കത്തിന് ഇനി ഒരു നാള്‍മാത്രം അവശേഷിക്കെ കലയുടെ ഈ പെരുമഴ പെയ്ത് നിലക്കരുതെ എന്നാണ് ഇപ്പോള്‍ മലപ്പുറത്തെ കലാസ്വാദകരുടെ പ്രാര്‍ത്ഥന. സംഗീത സാന്ദ്രമായ പകലിരവുകളിലൂടെ കലയുടെ പെരുമഴയില്‍ നനഞ്ഞങ്ങനെ അലഞ്ഞൊഴുകുകയായിരുന്നു കഴിഞ്ഞ ഒരാഴ്ചയായി മലപ്പുറം.
ഞായറാഴ്ച ഉച്ചയോടെ കലാമേളക്ക് കൊടിയിറക്കമാകും. മിമിക്രിയും മോണോആക്ടും ഒഴികെ പ്രധാന മത്സരയിനങ്ങളെല്ലാം ഇന്ന് പൂര്‍ത്തിയാകും. അവശേഷിക്കുന്ന ഈ രണ്ടുമത്സരങ്ങള്കൂടി ഞായറാഴ്ച വേദികളില്‍ അവതരിപ്പിച്ച് പ്രതിഭകള്‍ അരങ്ങൊഴിയുന്നതോടെ 53-ാമത് സംസ്ഥാന കലോത്സവം ചരിത്രത്തിന്റെ ഭാഗമാകും.
കലോത്സവത്തിലെ വിജയികള്‍ക്കുള്ള സ്വര്‍ണ്ണക്കപ്പിന്റെ അവകാശികള്‍ ആരെന്നെ കാര്യത്തില്‍ ഇന്ന് തീരുമാനമാകും. കലയുടെ കനക കിരീടത്തിനായുള്ള പോരാട്ടത്തില്‍ ഇക്കുറിയും കോഴിക്കോടും തൃശ്ശൂരും തന്നെ മുന്നില്‍. കോലത്തുനാടിന്റെ സാംസ്കാരിക പാരമ്പര്യമുള്ള കോഴിക്കോട് ഇതിന് മുന്‍പ് പന്ത്രണ്ട് തവണ കലോത്സവത്തില്‍ ചാമ്പ്യന്മാരായിട്ടുണ്ട്.
ഇക്കുറിയും കഴിഞ്ഞ അഞ്ചുദിവസമായി പോയിന്റുനിലയില്‍ കോഴിക്കോടിനെ മറിക്കടക്കാന്‍ ആര്‍ക്കുമായിട്ടില്ല. സ്വന്തം തട്ടകത്ത് കഴിഞ്ഞ തവണ കിരീടത്തിനായുള്ള ഓട്ടപ്പന്തയത്തില്‍ തോറ്റുപോയ തൃശ്ശൂര്‍ ഇക്കുറി മലപ്പുറത്ത് കിരീടം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിലാണ്. 687 പോയിന്റുകളുള്ള കോഴിക്കോടിനുതൊട്ടുപിന്നില് 683 പോയിന്റുകളുമായി തൃശ്ശൂരുണ്ട്. ആദ്യദിനം മുതല്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന പാലക്കാട് 669 പോയിന്റുമായി ഇപ്പോള്‍ മൂന്നാംസ്ഥാനത്താണ്. ആതിഥേയരായ മലപ്പുറം 667 പോയിന്റുമായി നാലാംസ്ഥാനത്തുണ്ട്. കലോത്സവ വേദിയില്‍ ഇക്കുറി പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട 18 ഇനങ്ങളിലെ ഫലങ്ങള്‍ നിര്‍ണ്ണായകമാകും.
- ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: