തിരുവനന്തപുരം: ഡീസല്‍ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ കെഎസ്ആര്‍ടിസി അടച്ചുപൂട്ടല്‍ ഭീഷണിയില്‍. വന്‍കിട ഡീസല്‍ ഉപഭോക്താക്കളില്‍ നിന്ന് വിപണിവില ഈടാക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനമാണ് കെഎസ്ആര്‍ടിസിയെ പ്രതിസന്ധിയിലാക്കിയത്. കെഎസ്ആര്‍ടിസിയെ പെട്രോളിയം കമ്പനികള്‍ വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തി കൂടുതല്‍ വില ഈടാക്കാനുള്ള തീരുമാനം കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം തന്നെ ഇല്ലാതാക്കുന്നതാണ്.ഡീസല്‍ വില ഇപ്പോള്‍ 45 പൈസയാണ് കൂടിയിരിക്കുന്നതെങ്കിലും എണ്ണക്കമ്പനികളുടെ വന്‍കിട ഉപഭോക്താവ് പട്ടികയില്പ്പെട്ടതോടെ കെഎസ്ആര്‍ടിസി ഡീസലിന് 11.53 രൂപയുടെ വര്‍ദ്ധനയാണ് നല്‍കേണ്ടത്. പുതിയ തീരുമാനത്തോടെ ഒരു ലിറ്റര്‍ ഡീസലിന് കെഎസ്ആര്‍ടിസി 60.25 രൂപ നല്‍കണം. വന്‍കിട ഉപഭോക്താക്കളുടെ പട്ടികയില്‍പ്പെടുത്തിയത് സംബന്ധിച്ച എണ്ണക്കമ്പനികളുടെ അറിയിപ്പ് കെഎസ്ആര്‍ടിസിക്ക് ലഭിച്ചു. നിലവില്‍ നാലരലക്ഷം ലിറ്റര്‍ ഡീസലാണ് കെഎസ്ആര്‍ടിസ് ഒരു ദിവസം ഉപയോഗിക്കുന്നത്. പ്രതിമാസം 15 കോടി രൂപയുടെയും വര്‍ഷം 181 കോടി രൂപയുടെയും അധിക ബാധ്യതയാണ് വിലവര്‍ധനയിലൂടെ കെഎസ്ആര്‍ടിസിക്ക് ഉണ്ടാവുക.നിലവില്‍ 48.രൂപ 75 പൈസയ്ക്കാണ് ഒരു ലിറ്റര്‍ ഡീസല്‍ കെഎസ്ആര്‍ടിസി വാങ്ങുന്നത്. ചാര്‍ജ്ജ് വര്‍ദ്ധന കൊണ്ട് പോലും ഈ പ്രതിസന്ധി മറികടക്കാന്‍ കെഎസ്ആര്‍ടിസിക്ക് ആകില്ല.
പ്രതിദിനം 16 ലക്ഷം കിലോമീറ്ററാണ് കോര്പറേഷന് ബസുകള്‍ സര്‍വീസ് നടത്തുന്നത്. നിലവില്‍ പ്രതിമാസം 70 കോടി രൂപ നഷ്ടത്തിലാണ് കേരളത്തിലെ എറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ശമ്പള പരിഷ്കരണം ഈ മാസം മുതല്‍ നടപ്പാക്കാന്‍ സര്‍ക്കാരും കോര്‍പറേഷനും ബാധ്യസ്ഥരാണ്. ഇതിന് 14 കോടി രൂപ അധികം വേണം. ഡീസലിന്റെ അമിത വില വര്‍ധനയും കൂടിയാകുമ്പോള്‍ പ്രതിമാസ നഷ്ടം 100 കോടി കവിയും. കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ പെന്ഷന് പോലും ഇതുവരെ നല്‍കിയിട്ടില്ല. ഡീസല്‍ വില വര്‍ദ്ധനയ്ക്കൊപ്പം വന്‍കിട ഉപഭോക്താക്കളില്‍ നിന്ന് വിപണിവില ഈടാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് അനുമതി നല്‍കിയത്. ഇതോടെ റെയില്‍വേ, പ്രതിരോധം, വിവിധ സംസ്ഥാനങ്ങളിലെ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ എന്നിവയെല്ലാം വന്‍കിട ഉപഭോക്താക്കളുടെ പട്ടികയിലായി.
ഡിസല്‍ വില വര്‍ദ്ധന വന്‍ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ധനമന്ത്രി കെ.എം.മാണി പറഞ്ഞു. സംസ്ഥാനത്തിന് മൊത്തത്തില്‍ ഇതു വലിയ നഷ്ടമാണ് വരുത്തുന്നത്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ സഹായം ചെയ്യാമെന്നു വച്ചാല്‍ സംസ്ഥാന സര്‍ക്കാരും ഇപ്പോള്‍ കെഎസ്ആര്‍ടിസിയുടെ അവസ്ഥയിലാണെന്ന് മന്ത്രി മാണി അഭിപ്രായപ്പെട്ടു. നികുതികൂടി കണക്കാക്കുമ്പോള്‍ ഫലത്തില്‍ ഡീസലിന്റെ വില 60 പൈസയാണ് വര്‍ദ്ധിക്കുന്നത്. തത്വദീക്ഷയില്ലാത്ത ഡീസല്‍ വില വര്‍ദ്ധനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും മന്ത്രി മാണി ആവശ്യപ്പെട്ടു. പ്രതിമാസം 65 കോടി രൂപ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് ഇപ്പോഴത്തെ ഡീസല്‍വില വര്‍ദ്ധന താങ്ങാനാവില്ലെന്ന് കേരളാ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയേഴ്സ് സംഘ് പ്രസ്താവനയില്‍ പറഞ്ഞു. കൂടുതല്‍ ഉപഭോഗത്തിന് വിപണിവില ഈടാക്കാനുള്ള നിര്‍ദ്ദേശം പിന്‍വലിച്ച് നഷ്ടരഹിതമായി ഓടിക്കുന്നതിനുള്ള സംവിധാനം ഒരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് കെഎസ്റ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.രാജേന്ദ്രനും കെഎസ്റ്റി പെന്‍ഷനേഴ്സ് സംഘ് ജനറല്‍ സെക്രട്ടറി കെ.ഗോപിനാഥന്‍നായരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: