ജയ്പൂര്‍: കോണ്‍ഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജയ്റാം രമേശ്. ജയ്റാം രമേശിന്റെ പ്രസ്താവനയോടുള്ള ചോദ്യത്തിന് മറ്റൊരു കേന്ദ്രമന്ത്രിയായ സല്മാന് ഖുര്‍ഷിദിന് മൗനം. കോണ്‍ഗ്രസിനെ അടിസ്ഥാനപരമായ പ്രശ്നങ്ങള്‍ അലട്ടുകയാണെന്നും അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയില്ലെന്നുമാണ് കേന്ദ്ര ഗ്രാമവികസനമന്ത്രി ജയ്റാം രമേശ് നടത്തിയ പ്രസ്താവന. ഒരു ദേശീയ ടെലിവിഷന്‍ ചാനലിനോട് സംസാരിക്കവേയായിരുന്നു ജയ്റാം രമേശ് കോണ്‍ഗ്രസിന്റെ ദുര്‍ബലത വെളിപ്പെടുത്തുന്ന പ്രസ്താന നടത്തിയത്. എന്നാല്‍ രാജസ്ഥാനില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ജയ്റാം രമേശിന്റെ പ്രസ്താവനയെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ പ്രതികരിക്കാന്‍ സല്മാന് ഖുര്‍ഷിദ് തയ്യാറായില്ല.
2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിര്‍ ചേരുന്നതിന്റെ തൊട്ടുമുമ്പായാണ് കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ജയ്റാം രമേശ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. ജയ്റാം രമേശിന്റെ പ്രസ്താവനയില്‍ പുതുമയില്ലെന്ന് ബിഎസ്പി നേതാവ് മായാവതി പ്രതികരിച്ചു. മറ്റ് പാര്‍ട്ടികളുടെ സഹായത്തോടെയാണ് യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്നും ഒന്നാം യുപിഎ സര്‍ക്കാരും അങ്ങനെതന്നെയായിരുന്നെന്നും മായാവതി പറഞ്ഞു.
ജയ്പൂരില്‍ ഇന്നലെ തുടങ്ങിയ കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരില്‍ പാര്‍ട്ടിയുടെ അടിസ്ഥാനശൈലിയില് മാറ്റം വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ ആമുഖ പ്രസംഗത്തോടെയായിരുന്നു ശിബിരിന് തുടക്കമായത്. കോണ്‍ഗ്രസ് തലപ്പത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം ഊട്ടിയുറപ്പിക്കുന്നതുകൂടിയായിരിക്കും മൂന്ന് ദിവസമായി നടക്കുന്ന സമ്മേളനം. എഐസിസി സമ്മേളനത്തോടെ ഞായറാഴ്ച ചിന്തന്‍ ശിബിര്‍ സമാപിക്കും. പൊതുതെരഞ്ഞെടുപ്പിന് വേണ്ടി സ്വീകരിക്കേണ്ട തന്ത്രങ്ങളും ഇതിനായി സ്വീകരിക്കേണ്ട മാര്‍ഗങ്ങളും സമ്മേളനത്തില്‍ വിശദമായി ചര്‍ച്ച ചെയ്യും. പ്രധാനമന്ത്രി മന്മോഹന് സിംഗ്, കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണി തുടങ്ങി മുതിര്‍ന്ന നേതാക്കളെല്ലാം യോഗത്തില്‍ പങ്കെടുക്കും.
ഇതിനിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി പാര്‍ട്ടിയില്‍ ഏറെ പ്രാധാന്യമുള്ള പങ്ക് വഹിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗ് പറഞ്ഞു. എന്നാല്‍ ഇതിനുവേണ്ടി രാഹുല്‍ഗാന്ധിയില്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ചിന്തന്‍ ശിബിര്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പായാണ് ദിഗ്വിജയ് സിംഗ് ഇങ്ങനെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: