അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന, വികസന ജ്വര ബാധിതനായ പ്രധാനമന്ത്രി മന്മോഹന് സിംഗ് ഡീസല്‍ വില നിര്‍ണയിക്കാനുള്ള അധികാരം എണ്ണ കമ്പനികള്‍ക്ക് നല്കി കോര്‍പ്പറേറ്റ് പ്രീണനം നടത്തിയപ്പോള്‍ കോണ്‍ഗ്രസിന്റെ പ്രചാരണ മുദ്രാവാക്യമായ ആം ആദ്മി സേവനം ആം ആദ്മി ദ്രോഹമായി മാറിയിരിക്കുകയാണ്. വിലക്കയറ്റം കൊണ്ട് വീര്‍പ്പുമുട്ടുന്ന ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാഴ്ത്തുന്ന നടപടിയാണിത്. വെള്ളിയാഴ്ച മുതല്‍ 40 മുതല്‍ 50 പൈസ വരെയാണ് ഡീസലിന് വില കൂടിയത്. 2010 ല്‍ പെട്രോളിന്റെ വില നിര്‍ണയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് നല്കുകയുണ്ടായി. 2014 ഏപ്രിലില്‍ സര്‍ക്കാര്‍ ഡീസലിന് നല്കുന്ന മുഴുവന്‍ സബ്സിഡിയും ഇല്ലാതാകും. സര്‍ക്കാര്‍ ഇന്ധന വില കൂട്ടുന്നില്ലെന്നും എന്നാല്‍ എണ്ണ കമ്പനികള്‍ക്ക് ചെറിയ തോതില്‍ വില വര്ധിപ്പിക്കാമെന്നുമാണത്രെ.ഡീസല്‍ വില്ക്കുമ്പോള് 9.50 രൂപ ലിറ്ററിന് നഷ്ടമുണ്ടെന്ന് പരാതിപ്പെടുന്ന കമ്പനികള്‍ക്ക് നഷ്ടം നികത്താന്‍ സഹായകമായ നയമാണിത്. പെട്രോള്‍ വില നിശ്ചയിക്കാനുള്ള അവകാശം ലഭിച്ച എണ്ണ കമ്പനികള്‍ 20 പ്രാവശ്യം പെട്രോള്‍ വില വര്‍ധിപ്പിച്ചിരുന്നു. ഇനി പ്രതിമാസ വര്‍ധന രണ്ടു രൂപയാക്കാനാണ് കമ്പനി ആലോചിക്കുന്നത്. ജനോപദ്രവം ജീവിതലക്ഷ്യമാക്കിയിരിക്കുന്ന പ്രധാനമന്ത്രി എണ്ണ കമ്പനികള്‍ക്ക് ഒരു ലിറ്റര്‍ വില്ക്കുമ്പോള് 9.60 രൂപയുടെ നഷ്ടം നികത്തി കൊടുക്കാനാണ് ഈ ജനദ്രോഹ നടപടി സ്വീകരിച്ചത്. ഇത് സര്‍ക്കാര്‍ സ്ഥാപനമായ കെഎസ്ആര്‍ടിസിയേയും ബാധിക്കും. അവര്‍ക്ക് 11 കോടി രൂപയിലധികമാണ് ചെലവ് വര്‍ധിക്കുക. മൊത്തം പെട്രോളിയം ഉപഭോഗത്തിന്റെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിനകത്ത് ക്രൂഡ് ഓയില്‍ ഉല്പ്പാദിപ്പിക്കുന്നുണ്ടെന്നത് വസ്തുതയാണ്. പക്ഷെ കോര്‍പ്പറേറ്റ് പ്രീണനം മുഖമുദ്രയാക്കിയ യുപിഎ സര്‍ക്കാര്‍ അത് അംബാനിമാര്‍ക്ക് പണ്ടേ തീറെഴുതിക്കൊടുത്തു പോയി. സ്വാഭാവികമായും ഇതിന്റെ അനന്തരഫലം സാധാരണക്കാര്‍ അനുഭവിക്കട്ടെ എന്നാണ്. ജനത്തിന് ഇനി ചെയ്യാവുന്ന ഏക കാര്യം ഇന്ധന ഉപയോഗം കുറയ്ക്കുക എന്നതാണ്.
പക്ഷെ പെട്രോള്‍ വില കൂടിയപ്പോള്‍ കേരളത്തിലെ കാറുകളും ആട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ഡീസല്‍ ഉപയോഗിച്ചു തുടങ്ങിയിരുന്നു. കെഎസ്ഇബി വാഹനങ്ങള്‍ പോലും ഓടുന്നത് ഡീസലിലാണ്. ഡീസല്‍ വില കൂടുമ്പോള്‍ ഗതാഗത ചെലവില്‍ അത് പ്രതിഫലിയ്ക്കും എന്നും ചരക്കുനീക്കത്തില്‍ കൂലി കൂട്ടുമെന്നും ഇതെല്ലാം പണപ്പെരുപ്പത്തില്‍ കലാശിയ്ക്കും എന്നും അറിയാത്ത ആളല്ല സാമ്പത്തിക വിദഗ്ദ്ധനെന്ന് ലോകം കരുതുന്ന നമ്മുടെ പ്രധാനമന്ത്രി. സാധാരണക്കാരന്റെ ജീവിതം കൂടുതല്‍ ദുസ്സഹമാകുമെന്നും താങ്ങാനാവുന്നതിലധികം ഭാരമാണ് ഇത് അവരില്‍ ഏല്പ്പിക്കുന്നതെന്നുമുള്ളത് വസ്തുതയാണ്. സ്വകാര്യ വാഹന ഉപയോഗം കുറയ്ക്കുക, വാഹനങ്ങള്‍ ഷെയര്‍ ചെയ്തു ഉപയോഗിക്കുക നിര്‍ദ്ദേശങ്ങള്‍ നിലവിലുള്ളതാണ്. ഇറക്കുമതിയ്ക്ക് മേല്‍ നികുതി, നികുതിയില്‍നിന്ന് സബ്സിഡി എന്നാണ് അംഗീകൃത തത്വം. സപ്തംബറില്‍ വില വര്‍ധിച്ച ഡീസലിന് ഈ ആഴ്ച വീണ്ടും വില വര്‍ധിക്കും. സാമ്പത്തികമായും ദേശീയമായും ഈ നടപടി ആവശ്യമില്ല. കഴിഞ്ഞ ഒന്‍പതുവര്‍ഷമായി അംബാനിമാരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രത്തില്‍. എണ്ണ കമ്പനികളുടെ കണക്കുകള്‍ പരിശോധന ചെയ്യാറില്ല. ഭാരം ജനങ്ങള്‍ക്ക് മാത്രം. രാഷ്ട്രീയ എതിര്‍പ്പ് നേരിടാന്‍ സബ്സിഡികള്‍ എങ്ങനെ കുറയ്ക്കാമെന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ 160 രാജ്യങ്ങള്‍ ഇന്ത്യയെക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഡീസല്‍ നല്‍കുന്നത്. ഈ വില വര്‍ധിപ്പിക്കല്‍ വാറ്റും മറ്റു തീരുവകളും കണക്കിലെടുക്കാതെയാണ്. ഡീസല്‍ ലിറ്ററിന് 10 രൂപ വച്ച് റെയില്‍വേ, പ്രതിരോധം, സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് എന്നിവ നല്‍കേണ്ടിവരും.
ഡീസല്‍ വിലയില്‍ ചെറിയ വര്ധനക്കേ അധികാരം നല്‍കിയിട്ടുള്ളൂ എന്ന് പറയുന്ന സര്‍ക്കാര്‍ പ്രതിമാസം 50 പൈസ വില വര്‍ധന രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കും എന്ന യാഥാര്‍ത്ഥ്യം തിരസ്ക്കരിക്കുകയാണ്. ഇപ്പോള്‍ അനുഭവപ്പെടുന്ന സാമ്പത്തിക നഷ്ടത്തില്‍നിന്ന് രക്ഷനേടാന്‍ സര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറയ്ക്കണം എന്നത് വിജയ് കേല്‍ക്കര്‍ കമ്മറ്റിയുടെ ശുപാര്‍ശയാണ്. പക്ഷെ കൃഷിയുടേയും പൊതു ഗതാഗതത്തിലെയും മുഖ്യ ഇന്ധനമായ ഡീസല്‍ വില വര്‍ധന വിപണിയില്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുറപ്പാണ്. സബ്സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചത് വീട്ടമ്മമാരെ ദുരിതത്തിലാഴ്ത്തിയിരുന്നു. സിലിണ്ടറുകളുടെ എണ്ണം ആറില്‍നിന്നും ഒന്‍പതായി ഉയര്‍ത്തുന്നത് വീട്ടമ്മമാര്ക്കാശ്വാസമാകും. സര്‍ക്കാര്‍ തീരുമാനപ്രകാരം കഴിഞ്ഞ കൊല്ലം സപ്തംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെയുള്ള കാലയളവില്‍ അഞ്ചു സിലിണ്ടറുകളാണ് ഉപഭോക്താവിനനുവദിച്ചിരുന്നതും. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ വര്‍ഷത്തില്‍ ഒന്‍പത് സിലിണ്ടര്‍ ലഭിയ്ക്കും. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം കൂട്ടാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നു. ത്രിപുര, മേഘാലയ, നാഗാലാന്റ് തെരഞ്ഞെടുപ്പ് സബ്സിഡി പ്രഖ്യാപിച്ചിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമായി വന്നതും. സിലിണ്ടറുകള്‍ ഒന്പതാക്കി ഉയര്‍ത്തുന്നതിന് 9000 കോടി അധിക ചെലവ് വരും. സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ വില 410 രൂപയാണ്. അതേസമയം ഒന്‍പത് സിലിണ്ടറിന് മുകളിലുള്ളവയ്ക്ക് കമ്പോള വില നല്‍കേണ്ടിവരുന്നത് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കും. ഈ വില വര്‍ധന ബജറ്റില്‍ ഉള്‍പ്പെടുത്താതെ നടത്തിയത് വരാന്‍ പോകുന്ന തെരഞ്ഞടുപ്പിനെ ബാധിക്കാതിരിക്കാനാണ്. ജനങ്ങളുടെ ഓര്‍മ്മയ്ക്ക് അല്പ്പായുസ്സാണെന്നാണ് പറയപ്പെടുന്നത്. പക്ഷെ ഈ വില വര്‍ധനയുടെ ഭാരം ദൈനംദിനം അനുഭവിക്കേണ്ടിവരുന്ന ജനം ഇനിയും ഈ സര്‍ക്കാരിനെ അധികാരത്തിലേയ്ക്കാനയിയ്ക്കുമോ. പ്രതിപക്ഷമായ ബിജെപി ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: