ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ അഴിമതിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. അഴിമതി വിരുദ്ധ സ്ക്വാഡിലെ ഉദ്യോഗസ്ഥനായ കമ്രാന്‍ ഫൈസലിനെയാണ് സര്‍ക്കാര്‍ ഹോസ്റ്റലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയിലെ ഉദ്യോഗസ്ഥന്മാരും ഹോസ്റ്റലില്‍ സംഭവ സമയത്തുണ്ടായിരുന്നു. ആത്മഹത്യയാകാമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി എന്‍എബി വക്താവ് പറഞ്ഞു.
പ്രധാനമന്ത്രി രാജാ പര്‍വേസ് അഷ്റഫിന്റെ അഴിമതിക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഉടനീളം കമ്രാന്‍ ഉണ്ടായിരുന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ എല്ലാ വിവരങ്ങളും അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും വക്താവ് അറിയിച്ചു. സംഭവം അന്വേഷിക്കുമെന്ന് ഇസ്ലാമാബാദ് പോലീസ് ചീഫ് ബാനി അമീന് പറഞ്ഞു.
അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രധാനമന്ത്രിയെ അറസ്റ്റ് ചെയ്യാന്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ അറസ്റ്റിന് അവശ്യമായ തെളിവില്ലെന്നും അതിനാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും എന്‍എബി കോടതിയെ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിറകെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: