ന്യൂദല്‍ഹി: പ്രതിരോധ മേഖലയിലെ വന്‍ പദ്ധതിയ്ക്ക് ഇന്ത്യ ഒരുങ്ങുന്നു. യുദ്ധസാമഗ്രികള്‍ സൂക്ഷിക്കാന്‍ അതിര്‍ത്തിയില്‍ താല്‍ക്കാലിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം. പാക്-ചൈന അതിര്‍ത്തിയില്‍ യുദ്ധ സാമഗ്രികള്‍ സൂക്ഷിക്കാന്‍ ഭൂഗര്‍ഭത്തില്‍ താല്‍ക്കാലിക കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
യുദ്ധത്തിനായുള്ള സാമഗ്രികള്‍ അടിയന്തരമായി ലഭ്യമാക്കാനും, കാലാവസ്ഥാ മാറ്റങ്ങളില്‍ നിന്ന് ആയുധസാമഗ്രികളെ സംരക്ഷിക്കാനും പദ്ധതിയിലൂടെ സാധിക്കും. വടക്ക് കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ വിലപിടിപ്പുള്ളതും യുദ്ധത്തിനത്യാവശ്യമായ 2000-2500 മെട്രിക് ടണ്‍ സാമഗ്രികള്‍ ഉള്‍പ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും കരസേന മേധാവി ജനറല്‍ ബിക്രം സിംഗ് പറഞ്ഞു.
ചൈനയുടെ ഭാഗത്തുനിന്ന് ചില ഭീഷണികള്‍ നിലനില്‍ക്കുന്നതിനാലും, പാക്കിസ്ഥാനുമായി അടുത്തിടെ ഉണ്ടായ അസ്വാരസ്ത്യങ്ങളും, അതിര്‍ത്തിയിലെ സംഘര്‍ഷവും ആശങ്ക ഉളവാക്കുന്നതാണ്. വടക്കേ അതിര്‍ത്തിയില്‍ നിലവില്‍ രണ്ട് പൈലറ്റ് പ്രോജക്ടറ്റുകളാണ് ഉള്ളത്. ഭൂഗര്‍ഭത്തില്‍ ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും സിംഗ് പറഞ്ഞു. ആദ്യ ഘട്ടമെന്ന നിലയില്‍ വടക്ക് കിഴക്കന്‍ അതിര്‍ത്തിയില്‍ അഞ്ച് സൈറ്റുകളും, ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ രണ്ട് സൈറ്റുകളുമാണ് ഭൂഗര്‍ഭ നിര്മ്മാണകേന്ദ്രങ്ങള്ക്കായി കണ്ടെത്തിയത്.
സൈന്യവും, ഡിആര്‍ഡിഒ യും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. നിര്‍മ്മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയതും ഇവര്‍ ഒരുമിച്ചാണ്. ചൈനാ അതിര്‍ത്തിയിലെ ലെ, സിക്കിം തുടങ്ങിയ അതിര്‍ത്തിയില്‍ ജിയോ ടെക്നിക്കല്‍ റിപ്പോര്‍ട്ടിന്റെ സഹായത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
ആദ്യഘട്ടമെന്ന നിലയില്‍ രണ്ട് പദ്ധതികള്‍ ആരംഭിക്കുന്നത് പാക്കിസ്ഥാന് അടുത്തുള്ള പടിഞ്ഞാറന്‍ അതിര്‍ത്തിയിലായിരിക്കും. ഭൂഗര്‍ഭത്തില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങള്‍ ശത്രുക്കള്‍ക്ക് തകര്‍ക്കാന്‍ സാധിക്കില്ലെന്നതാണ് ഇതിന്റെ ഗുണമേന്മ. ചൈനയും അമേരിക്കയും ഈ പദ്ധതികള്‍ നേരത്തെ തന്നെ നടപ്പിലാക്കിയതാണ്. എട്ട് ലക്ഷം ടണ്‍ ആയുധങ്ങള്‍ സംഭരിക്കാനുള്ള അംഗീകാരം ഇന്ത്യന്‍ സൈന്യത്തിനുണ്ട്. എന്നാല്‍ 4.5 ലക്ഷം ആയുധങ്ങള്‍ മാത്രമെ ഇപ്പോള്‍ സൈന്യം സംഭരിക്കുന്നുള്ളു. ബാക്കിയുള്ളവ തുറസായ സ്ഥലങ്ങളിലാണ് സൂക്ഷിക്കുന്നത്. ഇത്തരം സാഹചര്യങ്ങള്‍ അപകടങ്ങള്‍ വരുത്തിവെക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം പറയുന്നത്.
2007 ആഗസ്റ്റില്‍ ജമ്മുകാശ്മീരിലെ ഖുദ്രു ആയുധ കേന്ദ്രത്തിലുണ്ടായ സ്ഫോടനത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആയുധങ്ങള്‍ സംഭവത്തില്‍ നശിക്കുകയും ചെയ്തിരുന്നു. ജമ്മകാശ്മീര്, സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലായി 18ഓളം തുരങ്കങ്ങള്‍ നിര്‍മ്മിക്കാനും ഇന്ത്യ പദ്ധതി ഇടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: