തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ പതനത്തിന്റെ താക്കോലായി സര്‍ക്കാര്‍ ജീവനക്കാരുടെ സമരവും ഭൂസമരവും മാറുമെന്ന് എല്ലാവരും ധരിച്ചു. ഒടുവിലെന്തായി. രണ്ടും ചീറ്റിപ്പോയി. അല്ലെങ്കില്‍ നേതാക്കള്‍ ചീറ്റിച്ചു.
“ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ല എന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിടിവാശി പക്വമതിയായ ഒരു ഭരണാധികാരിക്ക് യോജിച്ചതായില്ല. പാര്‍ലമെന്ററി ജനാധിപത്യവ്യവസ്ഥ നിലവിലുള്ള നാടാണ് നമ്മുടേത്. ജനഹിതമനുസരിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ മാറിമാറി അധികാരത്തില്‍ വരും. ഇന്ന് ഭരിക്കുന്നവര്‍ നാളെ പ്രതിപക്ഷത്തിരിക്കേണ്ടിവരും. പ്രതിപക്ഷത്തുള്ളവര്‍ മറിച്ചും. കേരളം ഇത് പലതവണ കണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ ഭരണനിര്‍വഹണസമിതിയുടെ ഭാഗമാണ്. അതോടൊപ്പം അവര്‍ ഇന്ത്യന്‍ പൗരന്മാരുമാണ്. കൂട്ടായി വിലപേശാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ പൗരന്മാര്ക്ക് ഭരണഘടന നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യം ന്യായമായ സമരം നടത്താനുള്ളതാണ്.
നാളിതുവരെ ജീവനക്കാരും അധ്യാപകരും അനുഭവിച്ചുപോരുന്ന ന്യായമായ അവകാശമാണ് ജോലിയില്‍നിന്ന് പിരിയുന്ന ദിവസംമുതല്‍ സ്റ്റാറ്റ്യൂട്ടറി പെന്ഷന് ലഭിക്കുകയെന്നത്. അത് ഒരു നിശ്ചിത തീയതി മുതല്‍ സര്‍വീസില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് നിഷേധിക്കുന്ന നിലവന്നാല്‍ അവകാശബോധമുള്ളവര്‍ സമരംചെയ്യാന്‍ നിര്‍ബന്ധിതരാകും. അതോടൊപ്പം മിനിമം പെന്ഷന് ലഭിക്കുമോ, പെന്ഷന് തുക എവിടെ നിക്ഷേപിക്കും, അത് സ്വകാര്യ ചൂതാട്ടക്കാര്‍ക്ക് തട്ടിപ്പും വെട്ടിപ്പും നടത്താന്‍ എറിഞ്ഞുകൊടുക്കുമോ തുടങ്ങിയ ആശങ്കകള്‍ക്ക് വ്യക്തവും തൃപ്തികരവുമായ ഉത്തരം കിട്ടേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ജീവനക്കാരുടെ സംഘടനാനേതാക്കളുമായി ചര്‍ച്ച നടത്തി വ്യക്തതവരുത്തേണ്ടതുണ്ട്.” എന്നാണ് 11 ന് സിപിഎം അഭിപ്രായപ്പെട്ടത്.
സര്‍ക്കാര്‍ നിലപാടിനെതിരെ വര്‍ഗബഹുജനസംഘടനകള്‍ രംഗത്തിറങ്ങുമെന്ന് ഭീഷണിപ്പെടുത്തിയതായിരുന്നു. പക്ഷേ ഈ ഭീഷണിക്ക് അല്പായുസ്സായി. 24 മണിക്കൂറിനകം സമരനായകര്‍ സര്‍ക്കാരിന് മുന്നില്‍ പഞ്ചപുഛമടക്കി. പങ്കാളിത്തപെന്‍ഷന്‍ തീരുമാനം റദ്ദാക്കാന്‍ സമരം തുടങ്ങിയവര്‍ ഒടുവില്‍ ഉയര്‍ത്തിയ ആവശ്യം ചര്‍ച്ചയ്ക്ക് വിളിക്കണമെന്നായി. മുഖ്യമന്ത്രി പുറംതിരിഞ്ഞിരുന്നപ്പോള് ധനമന്ത്രിയുമായി ആലോചിച്ച് സമരം തീര്‍ന്നത് ഞായറാഴ്ച അര്‍ദ്ധരാത്രിക്കുശേഷം പങ്കാളിത്തപെന്‍ഷന്‍ എന്ന സര്‍ക്കാര്‍ തീരുമാനത്തിന് ഒരു പോറലുമേറ്റില്ല. ജീവനക്കാര്‍ നിരാശരും അപമാനിതരുമായി. നേതാക്കളുടെ നേരുംനെറിയുമില്ലാത്ത നിലപാട് മൂലം സംഭവിച്ച നാണക്കേട് ഇനി എപ്പോള്‍ തീരുമെന്നറിയില്ല.
സമാന്തരമായി തുടങ്ങിയതാണ് ഭൂസമരം. അതിന്റെയും ഗതിമറ്റൊന്നായില്ല. മിച്ചഭൂമിയില്‍ കൊടിനാട്ടി കയ്യടിവാങ്ങിയ എകെജിയുടെ സമരപാതയാണ് സിപിഎം സ്വീകരിച്ചത്. അന്ന് സിപിഎം സംസ്ഥാനഭരണം നിയന്ത്രിച്ചതിന്റെ ദീര്ഘപാരമ്പര്യമില്ല. എന്നാലിന്ന് അങ്ങിനെയല്ല. അയ്യഞ്ച് കൊല്ലം ഇടവിട്ട് ഭരണം കിട്ടിയിട്ടും നടപ്പിലാക്കാന്‍ കഴിയാത്ത ഭൂവിതരണം ഭരണം മാറിയപ്പോള്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് ധാര്‍മ്മികതയില്ലെന്ന് സമരത്തിനാഹ്വാനം നടത്തിയവര്‍ക്ക് തന്നെയറിയാം. എന്നിട്ടും ജനുവരി ഒന്നുമുതല്‍ 10 വരെ കൊടിനാട്ടല്‍ സമരം.
ആളും ആവേശവും കുറഞ്ഞപ്പോള്‍ കൊടിനാട്ടിയ ഭൂമിയില്‍ കുടില്കെട്ടുമെന്നായി. സമരക്കാരെ സര്‍ക്കാര്‍ അവഗണിച്ചു. പോലീസ് അടിക്കാനും പിടിക്കാനും ചെന്നില്ലെങ്കില്‍ പിന്നെന്ത് സമരം. പതിനഞ്ചാംദിവസം പാതിരാനേരം മുഖ്യമന്ത്രിയുടെ മുന്നില്ചെന്നിരുന്ന് എന്തെങ്കിലും ഉറപ്പുപറ, സമരം നിറുത്താമെന്ന് സമ്മതിച്ചു. ഭൂരഹിതരുടെ അപേക്ഷ സ്വീകരിക്കാമെന്ന് ഉറപ്പ് പറഞ്ഞപ്പോള്‍ ആഹ്ലാദപൂര്‍വ്വം സമരം അവസാനിച്ചു.
ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് വീതം നല്‍കാനുള്ള ഭൂരഹിത കേരളം പദ്ധതിയില്‍ അപേക്ഷിക്കാന്‍ ഫെബ്രുവരി 15 വരെ സമയം അനുവദിക്കുമെന്ന ഉറപ്പിന്മേലാണ് പൊടിപാറിയ സമരത്തിന്റെ കൊടിയും മടക്കി നേതാക്കള്‍ ക്ലിഫ്ഹൗസിന്റെ പടി ഇറങ്ങിയത്. 129 സ്ഥലങ്ങളില്‍ കെട്ടിയ കുടിലും ഉപേക്ഷിച്ച് കുടിയിലേക്ക് സമരക്കാര്‍ വലിഞ്ഞത് ഏറെ നിരാശയോടെയാണ്. തോറ്റിട്ടില്ലെന്ന് പാടിപ്പഠിച്ചവരെ യഥാര്‍ത്ഥത്തില്‍ നേതാക്കള്‍ തോല്‍പ്പിച്ച അനുഭവമാണ് ജനുവരിയില്‍ കണ്ട രണ്ട് സമരങ്ങളില്‍ നിന്നും ഉണ്ടായത്.
- കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: