ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഉണ്ടാക്കിയ പ്രകോപനം താല്കാലികമായെങ്കിലും ശമിച്ചുവെന്നു കരുതാം. പക്ഷേ, സംശയം ഇനിയും ബാക്കിയാണ്, അടങ്ങുമോ പാക്കിസ്ഥാന്. കാരണം ചര്‍ച്ചകളും ധാരണകളും പാക്കിസ്ഥാന് സൈന്യവുമായാണ് നടക്കുന്നത്.
അതിര്‍ത്തിയില്‍ നടക്കുന്ന ചെറുചെറു സംഘര്‍ഷങ്ങള്‍ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന് സര്‍ക്കാരിനാണോ സൈന്യത്തിനാണോ അതോ ഭീകരവാദ സംഘടനകള്‍ക്കാണോ നിയന്ത്രണം എന്നു ചോദിച്ചാല്‍ വ്യക്തമായ ഉത്തരം ആര്‍ക്കും നല്‍കാനാവില്ല. അതുകൊണ്ടുതന്നെ അതിര്‍ത്തിയില്‍ പാക്കിസ്ഥാന് ഭാഗത്തുനിന്ന് മുഴങ്ങുന്ന വെടിയൊച്ചകള്‍ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമായി പറയാനുമാവില്ല. ആ രാജ്യത്ത് സര്‍ക്കാര്‍ അല്ല സൈന്യത്തെ നയിക്കുന്നത്. സൈന്യം അല്ല ആഭ്യന്തരമോ ബാഹ്യമോ ആയ സുരക്ഷാ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. മറിച്ച് മതാധിപത്യ സംവിധാനത്തില്‍ മേല്‍ക്കോയ്മ നേടാനുള്ള മത്സരത്തില്‍ എന്നും അധീശത്വം പുലര്‍ത്തുന്ന ഭീകര സംഘടനകള്‍ക്കാണ് അതിര്‍ത്തിയിലെ അവസാന വാക്കു പറയാനുള്ള അധികാരം.
ഇന്ത്യയുും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടെങ്കിലും പലപ്പോഴും പാക്കിസ്ഥാന് അതു ലംഘിക്കാറുണ്ട്. ഇപ്പോള്‍ ഏതാണ്ടു യുദ്ധ സമാനമായ സ്ഥിതിവിശേഷം ഉണ്ടായപ്പോള്‍ ഇന്ത്യ ഔദ്യോഗികമായി നടത്തിയ പ്രസ്താവന പ്രകാരം പാക്കിസ്ഥാന് 2012-ല്‍ മാത്രം 117 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2011-ല്‍ അറുപതിലേറെ തവണയും. 2010-ല്‍ 57 തവണ പാകിസ്ഥാന് വെടിയുണ്ടകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നു. 2012 ഡിസംബര്‍ മാസം മാത്രം 10 തവണ പാക്കിസ്ഥാന് അതിര്‍ത്തി ലംഘിച്ചു. ഇതിനു പുറമേയാണ് നിയന്ത്രണ രേഖ കടക്കാന്‍ ഭീകര്‍ നടത്തിയ ശ്രമങ്ങള്‍.
ഇവിടെ നിര്‍ണായക ചോദ്യം ഇതാണ്-ഈ വെടിയുണ്ടകള്‍ പാക്കിസ്ഥാന് സൈന്യത്തിന്റേതോ അതോ ഭീകരരുടേതോ. വാസ്തവത്തില്‍ രണ്ടും തമ്മില്‍ ഭേദമില്ലെന്നതാണ് സത്യം. എന്നാല്‍ ഏറ്റവും പുതിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പാക്കിസ്ഥാന് അവരുടെ കുഴിബോംബുകള്‍ വിന്യസിച്ചിരിക്കുന്നുവെന്നതാണ്. ഇങ്ങനെ കഴിഞ്ഞ നാലു മാസത്തിനിടെ, അതിര്‍ത്തിയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം പട്രോളിംഗ് നടത്തിയ ഇന്ത്യന്‍ സൈനികര്‍ക്ക് പലര്‍ക്കും കുഴിബോംബു സ്ഫോടനത്തില്‍ ജീവന് നഷ്ടമായിരുന്നു.
ഏറ്റവും ഒടുവില്‍ ഉണ്ടായ അതിര്‍ത്തി സംഘര്‍ഷം ഇന്ത്യ-പാക് ബന്ധത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. ഒരു വശത്തു സമാധാന ചര്‍ച്ചകള്‍, മറുവശത്തു യുദ്ധ സന്നാഹങ്ങള്‍ എന്ന പതിറ്റാണ്ടുകള്‍ പഴക്കമുള്ള പാക്ക്തന്ത്രത്തിനു മാറ്റമൊന്നുമില്ല. ഏറ്റവും ഒടുവിലുണ്ടായ കാര്‍ഗില്‍ യുദ്ധത്തിനു തൊട്ടു മുമ്പും ഇതായിരുന്നു അവരുടെ തന്ത്രം. ഇപ്പോള്‍ നടത്തിയ ദുസ്സാഹസവും അതിനു സമാനമാണ്. കനത്ത തിരിച്ചടിക്ക് ഇന്ത്യ തയ്യാര്‍ എന്ന സന്ദേശം സൈന്യം നല്കിയപ്പോള് മാത്രമാണ് പാക് സൈന്യം വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വഴിയൊരുക്കിയ ഫ്ലാഗ് മീറ്റിംഗിനു തയ്യാറായത്.
എന്നാല്‍, 2013- മെയ് മാസത്തില്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പ് പാക്കിസ്ഥാന്റെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളുവെന്ന് ഉറപ്പാണ്. അവിടെ അധികാരമാറ്റം, സുസ്ഥിരമല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം, അഴിമതിയാരോപണങ്ങളില്‍ മുങ്ങിയ നേതൃത്വം തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന കലങ്ങി മറിയുന്ന അന്തരീക്ഷം മുതലാക്കാന്‍ പലരും മത്സരിക്കുക സാധാരണമാണ്. ഇവിടെ ആധിപത്യം നേടാന്‍ സൈന്യവും ഭീകരസംഘടനകളും അവരെ പരോക്ഷമായി സഹായിക്കുകയോ അവരുടെ സഹായം നേടുകയോ ചെയ്യുന്ന രാഷ്ട്രീയ കക്ഷികളോ മത്സരിക്കുമ്പോള്‍ വെടിനിര്‍ത്തലിനു നല്കിയ ഉറപ്പിലൂടെ പാക്കിസ്ഥാന് അടങ്ങിയെന്നു വിശ്വസിക്കുക പ്രയാസം തന്നെയാണ്.
എന്നാല്‍, ഏതു സ്ഥിതിവിശേഷവും നേരിടാന്‍ സജ്ജമെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാടും തയ്യാറെടുപ്പും ഇന്‍ഡ്യന്‍ അതിര്‍ത്തിയുടെ സംരക്ഷണം ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: