ന്യൂദല്‍ഹി: ഈ വര്‍ഷം ഒമ്പത് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ മുസ്ലീം പ്രീണനത്തിന് കേന്ദ്രസര്‍ക്കാര്‍ ശക്തമായ നീക്കങ്ങളാരംഭിച്ചു. മുസ്ലീങ്ങളുടെ മതാനുശാസനങ്ങളനുസരിച്ച് അവര്‍ക്ക് വായ്പയെടുക്കാനായി പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 15 കോടിയോളം വരുന്ന മുസ്ലീങ്ങളെ കൂടെ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കു പുറമെ ലോക്സഭാ തെരഞ്ഞെടുപ്പും മുന്നില്‍ക്കണ്ടാണ് ഇത്തരം ശ്രമങ്ങളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയവും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇസ്ലാമിക ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചെന്ന് മുതിര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. വായ്പ-നിക്ഷേപങ്ങള്‍ സംബന്ധിച്ച ഇസ്ലാമിക തത്ത്വങ്ങള്‍ പാലിക്കാന്‍ ഇതിലൂടെ മുസ്ലീങ്ങള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്നത് ഇസ്ലാം വിശ്വാസപ്രകാരം തെറ്റാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ ദേശസാത്കൃത ബാങ്കുകളില്‍ 5000 കോടി രൂപയിലധികം പലിശ ഇനത്തില്‍ പിന്‍വലിക്കപ്പെടാതെ കെട്ടിക്കിടക്കുകയാണ്. ഇതത്രയും മുസ്ലീം സമുദായത്തില്‍പ്പെട്ടവരുടെ നിക്ഷേപങ്ങളാണ്. ഇവരുടെ നിയന്ത്രണത്തില്‍ വരുന്ന 1.5 ലക്ഷംകോടി യുഎസ് ഡോളറിന്റെ ആസ്തി രാജ്യത്തുണ്ട്. 2005ലെ ഏകദേശ കണക്കനുസരിച്ച് കേരളത്തില്‍ മാത്രം ഇത് 40,000 കോടി രൂപ വരും. സാമ്പത്തികസ്ഥാപനങ്ങളില്‍ നിന്നും വായ്പ ഉള്‍പ്പെടെയുള്ള പലിശരഹിത സാമ്പത്തിക ഉത്പന്നങ്ങള്‍ മുസ്ലീം സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കായി ലഭിക്കണമെന്ന ആഗ്രഹം ഇന്ന് മുസ്ലീം സമുദായത്തിനുള്ളില്‍ തീവ്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിഞ്ഞ ഡിസംബറില്‍ ഈ ആവശ്യത്തിന് അധികസമ്മര്‍ദം ചെലുത്തി ന്യൂനപക്ഷ മന്ത്രി കെ.റഹ്മാന് ഖാനും ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവുവും തമ്മില്‍ കത്തിടപാടുകള്‍ നടത്തി. നിലവിലെ ബാങ്കിംഗ് നിയമങ്ങളില്‍ കാതലായ അഴിച്ചുപണി നടത്തണമെന്നായിരുന്നു കത്തുകളുടെ ഉള്ളടക്കം. 1949ലെ ബാങ്കിംഗ് കമ്പനീസ് റെഗുലേഷന് ആക്ടില്‍ വേണ്ട ഭേദഗതികള്‍ വരുത്തിയാല്‍ ഇത് നടപ്പാക്കാന്‍ കഴിയുമെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഖാനും ആര്‍ബിഐ ഗവര്‍ണറും തമ്മിലുള്ള കത്തിടപാടുകള്‍ നടന്നു കഴിഞ്ഞ് 2012 ഡിസംബര്‍ 5ന് ഈ വിഷയം ധനമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നു. ഡിസംബര്‍ 14ന് തന്നെ ആര്‍ബിഐ ചെയര്മാന് ഇതിന് മറുപടിയും നല്കി.
വിലയിരുത്തലിനായി ആദ്യം ഇത്തരത്തില്‍ ചില ധനകാര്യസ്ഥാപനങ്ങള്‍ ആരംഭിക്കണമെന്ന് ഖാന് ആര്‍ബിഐയോട് ആവശ്യപ്പെട്ടതായി മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. ബാങ്കിംഗ് റെഗുലേഷന് ആക്ടില്‍ ഭേദഗതി വരുത്താതിരിക്കാനാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലേക്കായി ആര്ബിഐയിലെയോ ന്യൂനപക്ഷ മന്ത്രാലയത്തിലെയോ അംഗങ്ങളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുസ്ലീങ്ങളുടെ ഉന്നമനത്തിനായി പലിശ രഹിത ബാങ്കുകള്‍ രാജ്യത്തു തുടങ്ങുന്നതിന് സാധ്യതകളുണ്ടോ എന്നു പരിശോധിക്കാനാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ അനേകം മുസ്ലീങ്ങള്‍ സംഘടിത മേഖലയില്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ നടത്താതെ അവരവരുടെ മാത്രം സാമ്പത്തിക മെച്ചങ്ങള്‍ക്കായി വിനിയോഗിക്കുകയാണ്. ഇത് തീര്‍ച്ചയായും പലിശയെക്കുറിച്ചുള്ള ഇസ്ലാമികവിശ്വാസം നിമിത്തമാണെന്നും ഖാന് വിശദീകരിച്ചു. ആയിരക്കണക്കിന് കോടി രൂപ പലിശയിനത്തില്‍ ലഭിക്കുന്നത് കൈപ്പറ്റാതെ ഇസ്ലാംവിശ്വാസികള്‍ അവ അക്കൗണ്ടുകളില്‍ നിലനിര്‍ത്തുകയാണ്. മുസ്ലീങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന 1.5ലക്ഷം കോടി യുഎസ് ഡോളറിന്റെ ആസ്തി വര്‍ഷാവര്‍ഷം 15-20 ശതമാനം വരെ വര്‍ധിക്കുന്നു. ഈ പണം ഒരിടത്ത് കെട്ടിക്കിടക്കുകയാണ്. ഇത് ലാഭം പങ്കുവയ്ക്കലില്‍ നിക്ഷേപിച്ച് വേണ്ടവിധം ഉപയോഗപ്പെടുത്തിയാല്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ വമ്പിച്ച മാറ്റങ്ങളുണ്ടാക്കാന്‍ കഴിയും. ഇതേക്കുറിച്ച് സമുദായത്തിനുള്ളില്‍ നിന്നും നിരവധി ശുപാര്‍ശകള്‍ ലഭിക്കുന്നുണ്ട്. മുസ്ലീങ്ങളെ സാമ്പത്തിക മേഖലയിലേക്ക് ഇടപെടുത്താന്‍ ഇത് നല്ല അവസരവുമാണ്. അവര്‍ക്ക് അവരുടെ വിശ്വാസപ്രമാണമനുസരിച്ച് നിക്ഷേപങ്ങള്‍ നടത്താന്‍ സാഹചര്യമൊരുക്കണം. ഇസ്ലാമിക് ബാങ്കിംഗ് ഹോങ്കോങ്ങ്, യുകെ, യുഎസ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളില്‍ അനുവദിച്ചിട്ടുണ്ടെന്നും ഖാന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: